Enter your Email Address to subscribe to our newsletters

Kochi, 24 മെയ് (H.S.)
കൊച്ചി: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ തലശ്ശേരി ഫസൽ വധക്കേസിലെ അതീവ നിർണായകമായ തൊണ്ടിമുതൽ കോടതിയിൽ നിന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കൊച്ചി പ്രത്യേക സിബിഐ (CBI) കോടതി റിപ്പോർട്ട് തേടി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (CJM) കോടതിയോടാണ് സിബിഐ കോടതി അടിയന്തിരമായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിന്റെ വിചാരണാ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ ഇരിക്കേണ്ട പ്രധാന തെളിവ് കാണാതായത് എന്ന ഗുരുതരമായ വിവരം പുറത്തുവരുന്നത്.
കേസിലെ സാക്ഷിവിസ്താരത്തിനിടെ സിബിഐ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട പ്രകാരം എറണാകുളം സിജെഎം കോടതിയിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ അടങ്ങിയ സീൽ ചെയ്ത കവർ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ കോടതിക്ക് മുൻപാകെ ഈ കവർ തുറന്നു പരിശോധിച്ചപ്പോഴാണ് തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല അതിൽ ഇല്ലെന്ന് വ്യക്തമായത്. ഇതിലും വിചിത്രമായ കാര്യം, ഈ തൂവാല സൂക്ഷിച്ചിരുന്ന ബ്രൗൺ പേപ്പർ കവറിന് മുകളിൽ തൂവാല കാണുന്നില്ല, എലി കരണ്ടു കൊണ്ടുപോയി എന്ന് പേനകൊണ്ട് എഴുതിവെച്ചിട്ടുണ്ടായിരുന്നു എന്നതാണ്. കോടതിയിലെ പ്രോപ്പർട്ടി ക്ലർക്കിന്റെ ഈ കുറിപ്പ് കണ്ട് കോടതിയും സിബിഐ ഉദ്യോഗസ്ഥരും ഒരുപോലെ അത്ഭുതപ്പെട്ടു.
അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ ഉപയോഗിച്ച തെളിവ്
2006 ഒക്ടോബർ 22-നാണ് തലശ്ശേരിയിൽ വെച്ച് എൻഡിഎഫ് (NDF) പ്രവർത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത്. സിപിഎം വിട്ട് എൻഡിഎഫിൽ ചേർന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം നടത്തിയത് ആർഎസ്എസ് (RSS) പ്രവർത്തകരാണെന്ന് വരുത്തിതീർത്ത് കേസ് അന്വേഷണം പൂർണ്ണമായും വഴിതിരിച്ചുവിടാൻ പ്രതികൾ ആസൂത്രിതമായി ഫസലിന്റെ രക്തം മുക്കിയ ഒരു തൂവാല ധർമ്മടം-അണ്ടല്ലൂർ ഭാഗത്തെ റോഡിൽ ഉപേക്ഷിച്ചിരുന്നുവെന്നാണ് സിബിഐയുടെ പ്രധാന വാദം. തുടർന്ന് പോലീസ് കണ്ടെടുത്ത ഈ നിർണായക തൂവാലയാണ് ഇപ്പോൾ കാണാതായിരിക്കുന്നത്.
തൂവാല സൂക്ഷിച്ചിരുന്ന ആദ്യത്തെ കവർ മധ്യത്തിൽ കീറിയ നിലയിലായിരുന്നു. തുടർന്ന് മറ്റൊരു കവറിനുള്ളിൽ ഈ കീറിയ കവർ നിക്ഷേപിച്ച ശേഷം സെല്ലോ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു ഇത് കോടതിയിൽ എത്തിയത്. എലി കൊണ്ടുപോയി എന്ന വിചിത്രമായ വിശദീകരണം വിശ്വസനീയമല്ലെന്നും, കേസ് അട്ടിമറിക്കാൻ വേണ്ടി ആസൂത്രിതമായി തെളിവ് നശിപ്പിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും വിലയിരുത്തലുകളുണ്ട്.
സിബിഐ നിലപാടും തുടനടപടികളും
തൊണ്ടിമുതൽ കാണാതായത് കേസിന്റെ വിസ്താരത്തെയോ വിധിെയയോ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാണാതായ തൂവാലയിൽ ഉണ്ടായിരുന്നത് കൊല്ലപ്പെട്ട ഫസലിന്റെ രക്തം തന്നെയാണെന്ന് തെളിയിക്കുന്ന വ്യക്തമായ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് (Forensic Report) ഇതിനകം തന്നെ സിബിഐ കോടതിയിൽ സമർപ്പിക്കുകയും കോടതി അത് ഔദ്യോഗിക തെളിവായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഭൗതികമായി ഈ തെളിവ് നഷ്ടപ്പെട്ടാലും ശാസ്ത്രീയ തെളിവുകൾ നിലനിൽക്കുമെന്ന് സിബിഐ ചൂണ്ടിക്കാണിക്കുന്നു.
എങ്കിലും, കോടതിയുടെ കസ്റ്റഡിയിലിരുന്ന നിർണായക തെളിവ് നഷ്ടപ്പെട്ടത് അതീവ ഗൗരവമുള്ള കാര്യമായാണ് കൊച്ചി സിബിഐ കോടതി കാണുന്നത്. എറണാകുളം സിജെഎം കോടതിയിൽ നിന്ന് ലഭിക്കുന്ന ഔദ്യോഗിക റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും തൊണ്ടിമുതൽ കാണാതായ സംഭവത്തിൽ പ്രത്യേകം അന്വേഷണം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിബിഐ കോടതി അന്തിമ തീരുമാനമെടുക്കുക.
---------------
Hindusthan Samachar / Roshith K