Enter your Email Address to subscribe to our newsletters

Thiruvananthapuram , 24 മെയ് (H.S.)
തിരുവനന്തപുരം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച കേസ് അട്ടിമറിക്കാൻ മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ വഴിവിട്ട ഇടപെടലുകൾ നടത്തിയതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കേസ് അട്ടിമറിക്കാനും എഴുതിത്തള്ളാനും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെപ്പോലും അജിത് കുമാർ മറയാക്കിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ദൃശ്യങ്ങളും കൃത്യമായ സാക്ഷിമൊഴികളും ഉണ്ടായിരുന്നിട്ടും, തെളിവുകളില്ലെന്ന് കാണിച്ച് വ്യാജ റിപ്പോർട്ട് ചമയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി നിർബന്ധിച്ചതായാണ് മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അജിത് കുമാറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം വൈകാതെ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് (ഡിജിപി) കൈമാറും. നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽകുമാർ, സന്ദീപ് എന്നിവർ പ്രതിഷേധക്കാരെ മർദിച്ച സംഭവം വലിയ വിവാദമായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ ലാത്തികൊണ്ട് തലയ്ക്കടിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും കേസ് റദ്ദാക്കാൻ ഉന്നതതലത്തിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
വയനാട് ദുരന്തത്തിന്റെ മറവിൽ അട്ടിമറി
കേസ് അട്ടിമറിക്കാൻ വളരെ ആസൂത്രിതമായ നീക്കങ്ങളാണ് എഡിജിപിയുടെ നേതൃത്വത്തിൽ നടന്നത്. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ ദുരന്തം മാധ്യമങ്ങളും പൊതുസമൂഹവും സജീവമായി ചർച്ച ചെയ്യുന്ന സമയം നോക്കി കേസ് അവസാനിപ്പിക്കാനായിരുന്നു അജിത് കുമാറിന്റെ നീക്കം. ഈ ദുരന്ത പശ്ചാത്തലത്തിൽ വാർത്തകൾ അധികം ശ്രദ്ധിക്കപ്പെടില്ല എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. കേസ് വേഗത്തിൽ എഴുതിത്തള്ളുന്നതിനായി ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തോളം തിരുവനന്തപുരത്തേക്ക് എഡിജിപി വിളിച്ചുവരുത്തി ക്യാമ്പ് ചെയ്യിപ്പിച്ചു.
ക്രൂരമായ മർദനത്തിന്റെ വ്യക്തമായ ദൃശ്യങ്ങളും തെളിവുകളും ഫയലിൽ ഉണ്ടായിരുന്നിട്ടും, 'പ്രതികൾക്കെതിരെ തെളിവുകളില്ല' എന്നും 'മർദനത്തിന്റെ ദൃശ്യങ്ങൾ ലഭ്യമല്ല' എന്നും രേഖപ്പെടുത്തി റിപ്പോർട്ട് തിരുത്താൻ അജിത് കുമാർ അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ കടുത്ത സമ്മർദ്ദത്തെത്തുടർന്നാണ് മുൻപ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് തിരുത്തേണ്ടി വന്നത്. കേസ് അട്ടിമറിച്ചതിനെക്കുറിച്ച് നിലവിലെ പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥർ തന്നെയാണ് എഡിജിപിയുടെ ഈ നിയമവിരുദ്ധമായ ഇടപെടലുകൾ വെളിപ്പെടുത്തിയത്.
അജിത് കുമാറിനെതിരെ ഡിജിപിക്ക് റിപ്പോർട്ട് നൽകും
മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ സംരക്ഷിക്കാൻ ഒരു എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നത് ആഭ്യന്തര വകുപ്പിനെയും സർക്കാരിനെയും വലിയ പ്രതിരോധത്തിലാക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും തെറ്റായ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പ്രേരിപ്പിച്ചത് കടുത്ത നിയമലംഘനമായാണ് പ്രത്യേക സംഘം കാണുന്നത്.
മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളുടെയും ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിൽ എം.ആർ. അജിത് കുമാറിനെ പ്രതിക്കൂട്ടിലാക്കുന്ന സമഗ്രമായ റിപ്പോർട്ടാണ് ഡിജിപിക്ക് സമർപ്പിക്കുക. ഈ കണ്ടെത്തലുകൾ പുറത്തുവന്നതോടെ കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകൾ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ അട്ടിമറി റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K