Enter your Email Address to subscribe to our newsletters

Kozhikode, 25 മെയ് (H.S.)
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയായ നിവ ഷഹനാദ് (21) ആണ് ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയും സുരക്ഷിതരായും ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒൻപത് മാസം ഗർഭിണിയായ നിവ ഷഹനാദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഇവർ രാവിലെ മെഡിക്കൽ കോളേജിൽ എത്തിയിരുന്നെങ്കിലും, പ്രസവത്തിന് സമയമായിട്ടില്ലെന്നും രണ്ട് ദിവസം കഴിഞ്ഞ് എത്തിയാൽ മതിയെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ഇവർ വീട്ടിലേക്ക് മടങ്ങി.
എന്നാൽ വൈകുന്നേരത്തോടെ നിവയ്ക്ക് പ്രസവവേദനയും മറ്റ് അസ്വസ്ഥതകളും കടുത്തു. ഇതേ തുടർന്ന് അയൽവാസികൾ ചേർന്ന് ഈങ്ങാപ്പുഴയിലെ ഓട്ടോറിക്ഷ ഡ്രൈവറായ നാസറിനെ വിളിച്ചുവരുത്തുകയായിരുന്നു. നാസറിന്റെ ഓട്ടോറിക്ഷയിൽ നിവയെയും അമ്മയെയും കൂട്ടി താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു. യാത്രാമധ്യേ ഇവർക്ക് താമരശ്ശേരിയിൽ കടുത്ത ട്രാഫിക് ബ്ലോക്ക് നേരിടേണ്ടി വന്നു. ആംബുലൻസ് വിളിക്കാൻ നാസർ തയ്യാറായെങ്കിലും സമയം വൈകുമെന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് തന്നെ വേഗത്തിൽ പോകാൻ നിവയുടെ അമ്മ ആവശ്യപ്പെടുകയായിരുന്നു.
കടുത്ത ട്രാഫിക് ബ്ലോക്ക് മറികടന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ, താലൂക്ക് ആശുപത്രിക്ക് മൂന്ന് കിലോമീറ്റർ അകലെ വെച്ച് നിവയുടെ പ്രസവവേദന തീവ്രമാവുകയും ഓട്ടോറിക്ഷയ്ക്കുള്ളിൽ വെച്ച് തന്നെ ഇവർ പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു. പ്രസവം നടന്നയുടൻ തന്നെ നാസർ ഓട്ടോറിക്ഷ വേഗത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരും നേഴ്സുമാരും ഡോക്ടർമാരും അടങ്ങുന്ന വിദഗ്ദ്ധ സംഘം ഓട്ടോറിക്ഷയ്ക്കടുത്തേക്ക് എത്തി അടിയന്തിര പരിചരണം നൽകുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K