Enter your Email Address to subscribe to our newsletters

Kochi, 25 മെയ് (H.S.)
കൊച്ചി: കേരള മനസ്സാക്ഷിയെ നടുക്കിയ അട്ടപ്പാടി മധു കൊലപാതകക്കേസിൽ അതീവ നിർണായകമായ വിധി പ്രസ്താവിച്ച് ഹൈക്കോടതി. കേസിലെ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പേരുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി ഉയർത്തി. മുൻപ് വിചാരണക്കോടതി ഏഴു വർഷം തടവിനു ശിക്ഷിച്ച പ്രതികളുടെ ശിക്ഷയാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജീവപര്യന്തമായി വർദ്ധിപ്പിച്ചത്. കൂടാതെ ഈ 12 പ്രതികളും തലാ രണ്ടര ലക്ഷം രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.
എന്നാൽ, കേസിലെ ഒന്നാം പ്രതിയായ മേച്ചേരി ഹുസൈനെ ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു. പതിനാറാം പ്രതിയായ മുനീറിന്റെ ശിക്ഷ ഒരു വർഷമായാണ് ഹൈക്കോടതി ഉയർത്തിയത്. 16-ാം പ്രതി മുനീർ ഒഴികെ വിചാരണക്കോടതി ശിക്ഷിച്ച മറ്റ് പ്രതികൾക്കെല്ലാമാണ് ഇപ്പോൾ ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നത്. മൂന്ന് ജീവപര്യന്തം ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചിട്ടുള്ളതെങ്കിലും, ശിക്ഷകൾ എല്ലാംകൂടി ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുടുംബം
ഒന്നാം പ്രതി മേച്ചേരി ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം വ്യക്തമാക്കി. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ മധുവിന്റെ സഹോദരി സരസു, ഒന്നാം പ്രതിക്കെതിരെ അപ്പീൽ പോകുമെന്നും ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികൾക്ക് വധശിക്ഷ വേണമെന്ന ആവശ്യവുമായി മേൽക്കോടതിയിലേക്ക് പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ അഡ്വ. സി.കെ. രാധാകൃഷ്ണൻ പ്രതികരിച്ചു. ഒന്നാം പ്രതിക്കെതിരെയുള്ള കൃത്യമായ തെളിവുകൾ ഹൈക്കോടതി പരിഗണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായ നിയമപോരാട്ടവുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
കഴിഞ്ഞ സർക്കാരിനും പോലീസിനുമെതിരെ കടുത്ത വിമർശനം
മധു വധക്കേസ് നടത്തുന്നതിൽ കഴിഞ്ഞ സർക്കാർ പൂർണ്ണ പരാജയമായിരുന്നുവെന്ന് അഡ്വ. സി.കെ. രാധാകൃഷ്ണൻ തുറന്നടിച്ചു. വിചാരണ വേളയിൽ കേസിനെ ബാധിച്ച പ്രധാന പ്രശ്നമായ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റത്തിന് കാരണം പോലീസിന്റെ മോശം ഇടപെടലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അന്വേഷണത്തിലും സാക്ഷികൾക്ക് സംരക്ഷണം നൽകുന്നതിലും പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കൃത്യമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞ സർക്കാർ തയ്യാറാകാതിരുന്നതാണ് കേസിന്റെ വിചാരണാ ഘട്ടത്തിൽ തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കേസിന്റെ പശ്ചാത്തലം
2018 ഫെബ്രുവരി 22-നാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി യുവാവായ മധുവിനെ (27) മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മധുവിനെ കെട്ടിയിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികൾ തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. തുടർന്ന് 2023 ഏപ്രിലിൽ മണ്ണാർക്കാട് വിചാരണക്കോടതി പ്രതികൾക്ക് ഏഴ് വർഷം തടവ് വിധിച്ചിരുന്നു. ഈ ശിക്ഷ കുറഞ്ഞുപോയെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ ശിക്ഷ ജീവപര്യന്തമായി ഉയർത്തിയത്.
---------------
Hindusthan Samachar / Roshith K