മധുക്കൊലക്കേസിലെ പ്രതികളുടെ ശിക്ഷ ഉയര്ത്തി ഹൈക്കോടതി; 12 പ്രതികള്ക്ക് ജീവപര്യന്തം
Kochi, 25 മെയ് (H.S.) കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെതാ
madhu


Kochi, 25 മെയ് (H.S.)

കൊച്ചി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട മര്‍ദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപ പിഴയും ചുമത്തി. കുടുംബത്തിന്റെ അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതിയുടെതാണ് നടപടി. പ്രതികള്‍ക്കുമേല്‍ പട്ടികജാതി-വര്‍ഗ പീഡനനിരോധന നിയമത്തിലെ കുറ്റംകൂടി ചുമത്തിയാണ് ശിക്ഷ ഉയര്‍ത്തിയത്. 16-ാം പ്രതി മുനീറിന് ഒരു വര്‍ഷം തടവും നല്‍കി. ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് നേരത്തെ വിചാരണ കോടതി പ്രതികള്‍ക്ക് വിധിച്ചിരുന്നത്. 16-ാം പ്രതിക്ക് മൂന്ന് മാസം തടവ് മാത്രമേ വിധിച്ചിരുന്നുള്ളൂ.

ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. മരക്കാര്‍ (രണ്ടാം പ്രതി), ഷംസുദ്ദീന്‍ (മൂന്നാം പ്രതി), രാധാകൃഷ്ണന്‍ (അഞ്ചാം പ്രതി), അബൂബക്കര്‍ (ആറാം പ്രതി), സിദ്ധിഖ് (ഏഴാം പ്രതി), ഉബൈദ് (എട്ടാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോന്‍ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.

നാലാം പ്രതിയേയും 11-ാം പ്രതിയേയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മധുവിന്റെ കുടുംബവും പ്രതികളും നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനക്ക് വന്നിരുന്നു.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയില്‍ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകള്‍ ബന്ധിച്ച് മര്‍ദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ മധു മരിച്ചു.

മധു വധക്കേസിലെ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രില്‍ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. ഇതില്‍ ഇപ്പോള്‍ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി. ഇതില്‍ 12 പേര്‍ക്ക് ജീപര്യന്തം തടവും ഒരാള്‍ക്ക് ഒരു വര്‍ഷത്തെ തടവുമാണ് വിധിച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News