Enter your Email Address to subscribe to our newsletters

New delhi, 25 മെയ് (H.S.)
ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. തിരിച്ചടികളില്‍ നിന്ന് പാഠം പഠി്ക്കുന്നില്ലെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ദേശീയ പരീക്ഷാ ഏജന്‍സിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എന്‍ടിഎ പുനഃസംഘടിപ്പിക്കണമെന്നോ അല്ലെങ്കില്‍ പൂര്‍ണ്ണമായി പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷനും (എഫ്.എം.എ.ഐ.എ) യുണൈറ്റഡ് ഡോക്ടേഴ്‌സ് ഫ്രണ്ടും (യു.ഡി.എഫ്) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. കേസില്‍ എന്‍ടിഎ കൗണ്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കൂടുതല്‍ വാദത്തിനായി മെയ് 29 വെള്ളിയാഴ്ചത്തേക്ക് കേസ് മാറ്റിയിരിക്കുകയാണ്.
മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ നടത്തിപ്പില്‍ എന്‍ടിഎയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും പരീക്ഷാ സമ്പ്രദായം പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ പ്രവേശന പരീക്ഷകളിലൊന്നിന്റെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതില്‍ എന്‍ടിഎ പൂര്‍ണ്ണമായി പരാജയപ്പെട്ടതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.
ഹര്‍ജിക്കാരുടെ പ്രധാന ആവശ്യങ്ങള്‍:
എന്‍ടിഎയ്ക്ക് പകരം പുതിയ സംവിധാനം: എന്‍ടിഎയ്ക്ക് പകരം അത്യാധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ, സ്വയംഭരണാധികാരമുള്ള മറ്റൊരു സുരക്ഷിത പരീക്ഷാ ബോര്‍ഡ് രൂപീകരിക്കുക.
ഉന്നതതല മേല്‍നോട്ട സമിതി: വിരമിച്ച സുപ്രീം കോടതി ജഡ്ജി, സൈബര്‍ സുരക്ഷാ വിദഗ്ധന്‍, ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിക്ക് രൂപം നല്‍കുക. നിര്‍ദിഷ്ട നാഷണല്‍ എക്‌സാമിനേഷന്‍ ഇന്റഗ്രിറ്റി കമ്മീഷന്‍ (എന്‍.ഇ.ഐ.സി) നിലവില്‍ വരുന്നത് വരെ ഈ സമിതിയുടെ മേല്‍നോട്ടത്തില്‍ നീറ്റ് യുജി പരീക്ഷ വീണ്ടും നടത്തണം.
രാധാകൃഷ്ണന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍: 2024-ലെ നീറ്റ് വിവാദത്തിന് പിന്നാലെ പരീക്ഷാ പരിഷ്‌കരണങ്ങള്‍ക്കായി നിയോഗിച്ച കെ. രാധാകൃഷ്ണന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുക.
ഡിജിറ്റല്‍ ലോക്കിങ്ങും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും: ചോദ്യപ്പേപ്പറുകള്‍ ചോരുന്നത് തടയാന്‍ ഡിജിറ്റല്‍ ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുക. കൂടാതെ, ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതിലെ സുരക്ഷാ വീഴ്ചകള്‍ ഒഴിവാക്കാന്‍ പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിത മോഡലിലേക്ക് മാറ്റുക.
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ നടത്തുന്ന അന്വേഷണത്തിന്റെ നിലവിലെ സ്ഥിതിവിവരങ്ങള്‍, അറസ്റ്റിലായവരുടെ വിവരങ്ങള്‍, കുറ്റപത്രം എന്നിവയടങ്ങിയ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിക്കണം.
മെയ് മാസം ആദ്യവാരമാണ് നീറ്റ് യുജി പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷ കഴിഞ്ഞയുടന്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരികയും രാജ്യവ്യാപകമായി വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയുമായിരുന്നു. പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രംഗത്തിറങ്ങിയതോടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തിയത്.
---------------
Hindusthan Samachar / Sreejith S