Enter your Email Address to subscribe to our newsletters

Chennai, 25 മെയ് (H.S.)
ചെന്നൈ: തമിഴ്നാട്ടില്‍ ലൈംഗികാതിക്രമ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കാലതാമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ലൈംഗികാതിക്രമ പരാതികളില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം വേഗത്തിലാക്കി കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജയ് നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ ക്രമസമാധാന നില അവലോകനം ചെയ്യുന്നതിനായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി തിങ്കളാഴ്ച നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലൈംഗികാതിക്രമ കേസുകളുടെ വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പായി മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോയമ്പത്തൂരില്‍ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തത്. സെക്രട്ടേറിയറ്റില്‍ നടന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി എം. സായ്കുമാര്‍, ആഭ്യന്തര സെക്രട്ടറി കെ. മണിവസന്‍, അഡ്വക്കേറ്റ് ജനറല്‍ വിജയ് നാരായണ്‍, സാമൂഹിക ക്ഷേമ-വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി മറിയം പല്ലവി ബല്‍ദേവ്, ഡിജിപി സന്ദീപ് റോയ് റാത്തോഡ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
---------------
Hindusthan Samachar / Sreejith S