Enter your Email Address to subscribe to our newsletters

Kannur, 25 മെയ് (H.S.)
കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കി. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി. തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു.
കോളിളക്കം സൃഷ്ടിച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് വിചാരണ ആരംഭിച്ചത്. കേസില്‍ ഒന്നാം സാക്ഷിയുടെ വിചാരണ പൂര്‍ത്തിയാക്കി. എന്നാല്‍, രണ്ടാം സാക്ഷിയുടെ വിചാരണയ്ക്കിടെ പ്രതിഭാഗം അഭിഭാഷകരില്‍നിന്ന് നാടകീയ നീക്കങ്ങളുണ്ടായി. ഒന്നാം സാക്ഷിയുടെ വിചാരണ പൂര്‍ത്തിയാക്കിയത് ശരിയായ രീതിയില്‍ അല്ലെന്ന് പ്രതിഭാഗം പരാതി നല്‍കി. കോടതി ഈ പരാതി തള്ളി. പിന്നാലെ സാക്ഷികളുടെ ക്രോസ് വിസ്താരത്തില്‍നിന്ന് പ്രതിഭാഗം വിട്ടുനിന്നു. കോടതിമാറ്റത്തിന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അതിനാല്‍ വിചാരണയുമായി സഹകരിക്കുന്നില്ലെന്നും നിലപാടറിയിച്ചു. ഇതോടെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. പ്രതിഭാഗത്തിന്റേത് കേസിന്റെ വിചാരണ വൈകിപ്പിക്കാനുള്ള നീക്കമെന്ന് വിലയിരുത്തിയ കോടതി, തുടര്‍ന്ന് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കോടതി ഉത്തരവിട്ടതോടെ പ്രതികളെ അറസ്റ്റ്ചെയ്ത് റിമാന്‍ഡ്ചെയ്യാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
2018 ഫെബ്രുവരി 12-നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ കീഴൂര്‍ റിയാസ് മന്‍സിലില്‍ റിയാസ്, നൗഷാദ്, ഇസ്മയില്‍, മൊയ്തീന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തില്‍ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയില്‍ രജില്‍ രാജ് (32), കൃഷ്ണ നിവാസില്‍ ദീപ്ചന്ദ് (33), തയ്യുള്ളതില്‍ ടി.കെ. അസ്‌കര്‍ (34), മുട്ടില്‍വീട്ടില്‍ കെ. അഖില്‍ (30), പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത് (30), നിലാവില്‍ സി. നിജില്‍ (30), പി.കെ. അഭിനാഷ് (32), എ. ജിതിന്‍ (30), സാജ് നിവാസില്‍ കെ. സഞ്ജയ് (31), രജത് നിവാസില്‍ കെ. രജത്ത് (29), കെ.വി. സംഗീത് (29), കെ. ബൈജു (43), കെ.പി. പ്രശാന്ത് (52), എ.പി. സനീഷ് (35), മുട്ടില്‍ എ.കെ. സുബിന്‍ (34), കേളോത്ത് വി. പ്രജിത്ത് (33) എന്നിവരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവരെ പിന്നീട് സി.പി.എം. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
---------------
Hindusthan Samachar / Sreejith S