Enter your Email Address to subscribe to our newsletters

Ernakulam, 26 മെയ് (H.S.)
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യില് സാമ്പത്തിക കാര്യങ്ങളില് സുതാര്യതയില്ലെന്നും വരവുചെലവ് കണക്കുകള് എത്രയും വേഗം പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടി മാലാ പാർവതി രംഗത്തെത്തി.
ഭാരവാഹികളുടെ തന്നിഷ്ടപ്രകാരമാണ് കാര്യങ്ങള് നീങ്ങുന്നതെന്നും സാധാരണക്കാരായ അംഗങ്ങള്ക്ക് പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും നടി ആരോപിച്ചു. സംഘടനയില് നിലനില്ക്കുന്ന ഇപ്പോഴത്തെ പ്രതിസന്ധികള് പരിഹരിക്കാൻ മമ്മൂട്ടി, മോഹൻലാല് അടക്കമുള്ള മുതിർന്ന താരങ്ങള് അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരസംഘടനയിലെ അണിയറക്കഥകളെക്കുറിച്ച് മാലാ പാർവതി തുറന്നടിച്ചത്. സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തില് നടത്തിയ ഒരു സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് നടിയുടെ പ്രധാന ആരോപണം. ഈ പ്രോഗ്രാമിനായി മാത്രം ഏകദേശം പതിമൂന്നര ലക്ഷത്തോളം രൂപയാണ് സംഘടനയുടെ അക്കൗണ്ടില് നിന്നും എഴുതിയെടുത്തിരിക്കുന്നത്. എന്നാല്, ഒരു സംഗീത പരിപാടിക്ക് ഇത്രയധികം തുക ചെലവഴിക്കേണ്ട സാഹചര്യം ഇല്ലെന്നും, ഇത്രയും തുക യഥാർത്ഥത്തില് ചെലവായിട്ടില്ലെന്ന് വിശ്വസിക്കുന്ന ഭൂരിഭാഗം ആളുകളും സംഘടനയ്ക്കുള്ളില് തന്നെയുണ്ടെന്നും മാലാ പാർവതി തുറന്നുപറഞ്ഞു.
സംഘടനയിലെ ചില ഭാരവാഹികള് തങ്ങള്ക്ക് താല്പര്യമുള്ള സ്പോണ്സർമാർക്ക് മാത്രമായി പ്രത്യേക പരിഗണന നല്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും നടി ഉന്നയിച്ചു. ഇത്തരം കൂട്ടുകെട്ടുകള് ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയിലേക്കാണ് വിരല് ചൂണ്ടുന്നത്. ഈ വിഷയത്തില് വ്യക്തത വരുത്തുന്നതിനും സാമ്പത്തിക കണക്കുകള് ബോധ്യപ്പെടുത്തുന്നതിനുമായി സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാലിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല് നാളിതുവരെയായിട്ടും കൃത്യമായ ഒരു കണക്കോ ഓഡിറ്റ് വിവരങ്ങളോ പൊതുവായി അവതരിപ്പിക്കാൻ നേതൃത്വത്തിന് സാധിച്ചിട്ടില്ല.
മലയാള സിനിമയിലെ മഹാൻമാരായ നിരവധി നടന്മാരുടെയും നടിമാരുടെയും സാന്നിധ്യവും അവരുടെ മുഖവും ജനപ്രീതിയും മുൻനിർത്തി പല സ്രോതസ്സുകളില് നിന്നായി സമാഹരിച്ച വലിയൊരു തുകയാണ് സംഘടനയുടെ ഫണ്ടിലുള്ളത്. അതുകൊണ്ടുതന്നെ, ആ പണം എങ്ങനെയൊക്കെ വിനിയോഗിക്കുന്നു എന്ന് അറിയാൻ എല്ലാ അംഗങ്ങള്ക്കും അവകാശമുണ്ട്. അർഹതപ്പെട്ട കലാകാരന്മാർക്ക് നല്കേണ്ട ആനുകൂല്യങ്ങളും കൈനീട്ടവും കൃത്യമായി നല്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ വരവുചെലവ് കണക്കുകള് പുറത്തുവിടുക തന്നെ വേണം.
സംഘടനയ്ക്കുള്ളില് ഭാരവാഹികളും മറ്റ് അംഗങ്ങളും തമ്മിലുള്ള തർക്കങ്ങള് മുൻപെന്നത്തേക്കാളും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാലാ പാർവതിയുടെ ഈ പുതിയ വെളിപ്പെടുത്തല്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളില് വ്യാപകമായ അതൃപ്തിയാണ് ഇപ്പോള് ഉയരുന്നത്. വ്യക്തിപരമായ താല്പര്യങ്ങള്ക്ക് അപ്പുറം സംഘടനയുടെ സുഗമമായ മുന്നോട്ടുപോക്കിനായി സീനിയർ താരങ്ങള് ഈ വിഷയത്തില് എത്രയും പെട്ടെന്ന് മധ്യസ്ഥത വഹിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സാമ്പത്തിക വിവാദത്തോട് സംഘടനയുടെ ഭാരവാഹികള് ഇനി എങ്ങനെ പ്രതികരിക്കുമെന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR