പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലുണ്ടായ ഗുരുതര വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ച് സിബിഎസ്ഇ.
Newdelhi , 26 മെയ് (H.S.) പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലുണ്ടായ ഗുരുതര വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ച് സിബിഎസ്ഇ. വിവരാവകാശ പ്രകാരം അപേക്ഷിച്ച വിദ്യാർഥിക്ക് മറ്റൊരാളുടെ ഉത്തരക്കടലാസിൻ്റെ പകർപ്പാണ് നൽകിയതാണ് വിവാദമായത്. സിബിഎസ്ഇയുടെ മൂല്യ
CBSC


Newdelhi , 26 മെയ് (H.S.)

പന്ത്രണ്ടാം ക്ലാസ് പരീക്ഷ മൂല്യനിർണയത്തിലുണ്ടായ ഗുരുതര വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ച് സിബിഎസ്ഇ. വിവരാവകാശ പ്രകാരം അപേക്ഷിച്ച വിദ്യാർഥിക്ക് മറ്റൊരാളുടെ ഉത്തരക്കടലാസിൻ്റെ പകർപ്പാണ് നൽകിയതാണ് വിവാദമായത്. സിബിഎസ്ഇയുടെ മൂല്യനിർണയത്തിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുന്നതാണ് വെളിപ്പെടുത്തൽ.

ഫലം വന്നതിന് പിന്നാലെയാണ് വിദ്യാർഥി ഉത്തരക്കടലാസിൻ്റെ പകർപ്പിനായി അപേക്ഷിച്ചത്. എന്നാൽ ലഭിച്ചത് മറ്റൊരാൾ എഴുതിയ പരീക്ഷയുടെ പകർപ്പാണ്. ഇതോടെ മൂല്യനിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർഥി പരാതി നൽകി. പരാതി ലഭിച്ചയുടൻ അധികൃതർ ഇടപെടുകയും രേഖകൾ പുനഃപരിശോധിക്കുകയും ചെയ്തു. തുടർന്നാണ് വൻവീഴ്ച സംഭവിച്ചതായി അവർക്ക് ബോധ്യപ്പെട്ടത്.

വിദ്യാർഥികളുടെ ഉപരിപഠനത്തെയും ഭാവിയെയും ബാധിക്കുന്ന സുപ്രധാന പരീക്ഷയിലാണിതെന്നും ഇത്തരം പിഴവുകൾ ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും സിബിഎസ്ഇ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. തെറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് പിന്നാലെ യഥാർഥ ഉത്തരക്കടലാസ് കണ്ടെത്താൻ ബോർഡ് നടപടി തുടങ്ങി. ഇത് വേഗം വിദ്യാർഥിക്ക് ലഭ്യമാക്കാനാണ് സിബിഎസ്ഇയുടെ അടിയന്തര ശ്രമം.

സാങ്കേതിക പിഴവെന്ന് വിശദീകരണം

ഉത്തരക്കടലാസുകൾ ഡിജിറ്റൈസ് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും സംഭവിച്ച പിഴവാകാം ആശയക്കുഴപ്പത്തിന് കാരണമെന്നാണ് പ്രതിനിധികളുടെ വിശദീകരണം. മാനുഷികമോ സാങ്കേതികമോ ആയ വീഴ്ച ഇതിൽ സംഭവിച്ചിരിക്കാം. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സിസ്റ്റം അപ്ഗ്രേഡ് ചെയ്യും. പിഴവ് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മൂല്യനിർണയം കൃത്യതയോടെ പൂർത്തിയാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രധാന ആവശ്യം.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിർണയം സംബന്ധിച്ച് ഇതിനോടകം വ്യാപക പരാതികളാണ് ഉയർന്നത്. പൊരുത്തക്കേടുകളെപ്പറ്റി വിദ്യാർഥികൾ ഉന്നയിച്ച ചില പരാതികൾ പരിശോധിച്ചതായി ബോർഡ് അറിയിച്ചു. പലർക്കും ചില ഉത്തരങ്ങൾക്ക് മാർക്ക് ലഭിച്ചിട്ടില്ല. ആകെ മാർക്ക് കൂട്ടിയതിലും വലിയ അപാകതകളുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേർ ഇതിനകം അപ്പീൽ നൽകി. ഫോട്ടോ പകർപ്പ് കൈയിൽ കിട്ടിയപ്പോഴാണ് പലർക്കും വീഴ്ചകൾ പൂർണമായി ബോധ്യപ്പെട്ടത്. ഇതോടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർധിച്ചു.

ഉയരുന്നത് കടുത്ത ആശങ്ക

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ബിരുദ പ്രവേശനത്തിന് അതിനിർണായകമാണ്. ഓരോ മാർക്കും വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നു. അതുകൊണ്ടുതന്നെ ഉത്തരക്കടലാസ് മാറിപ്പോകുകയോ മാർക്ക് കുറയുകയോ ചെയ്യുന്നത് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്തുടനീളം വലിയ സംവിധാനങ്ങളാണ് സിബിഎസ്ഇ ഒരുക്കിയിരിക്കുന്നത്. എന്നിട്ടും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഇത്തരം വീഴ്ചകൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. രാജ്യത്തെ ഉന്നതമായ വിദ്യാഭ്യാസ ബോർഡിൻ്റെ വിശ്വാസ്യതയെയാണ് ഇത് ചോദ്യംചെയ്യുന്നത്.

അടിയന്തര പരിഹാരത്തിന് ശ്രമം

പരാതി നൽകാനും വേഗത്തിൽ പരിഹാരം തേടാനും സിബിഎസ്ഇ പ്രത്യേക പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. നിശ്ചിത തീയതിക്കുള്ളിൽ പരാതികൾ ബോർഡിനെ ഔദ്യോഗികമായി അറിയിക്കാം. ഈ സാങ്കേതിക പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണം. അർഹരായ വിദ്യാർഥികൾക്ക് അവർ നേടിയ പൂർണ മാർക്ക് ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കൂടുതൽ പരാതികൾ ഒറ്റയടിക്ക് ഉയർന്ന സാഹചര്യത്തിൽ വിഷയത്തിൽ സിബിഎസ്ഇ കർശന പരിശോധന തുടങ്ങി. ഇതിനായി പ്രത്യേകം പ്രതിനിധികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതിക പിഴവുകൾക്കൊപ്പം അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും ബോർഡ് ഗൗരവമായി പരിശോധിക്കുന്നു. മൂല്യനിർണയ പ്രക്രിയ പൂർണമായി ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ് പലപ്പോഴും ഇത്തരം പാളിച്ചകൾ സംഭവിക്കുന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്നങ്ങൾ വേഗത്തിൽ തീർത്തില്ലെങ്കിൽ അത് ഉപരിപഠനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഭാവിയിൽ ഒരൊറ്റ പരാതിപോലും ഉണ്ടാകാത്ത പ്രൊഫഷണൽ രീതിയിൽ മൂല്യനിർണയ സംവിധാനം ഉടൻ നവീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News