വട്ടയാറിലെ മരണക്കെണി, ദുരിതക്കയത്തില് നൂറ് കണക്കിന് കുടുംബങ്ങള്
Idukki , 26 മെയ് (H.S.) സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മറുകര കടക്കാൻ ഒരു സുരക്ഷിത പാലമെന്ന ആവശ്യവുമായി അധികാരികളുടെ പടിവാതിൽക്കൽ മുട്ടുകയാണ് ഒരു ഗ്രാമം. പള്ളിവാസൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട കമ്പിലൈൻ പ്രദേശത്തെ
PALLIVASAL PANCHAYAT


Idukki , 26 മെയ് (H.S.)

സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മറുകര കടക്കാൻ ഒരു സുരക്ഷിത പാലമെന്ന ആവശ്യവുമായി അധികാരികളുടെ പടിവാതിൽക്കൽ മുട്ടുകയാണ് ഒരു ഗ്രാമം. പള്ളിവാസൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട കമ്പിലൈൻ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രാസൗകര്യമില്ലാതെ ദശാബ്ദങ്ങളായി ദുരിതക്കയത്തിൽ കഴിയുന്നത്.

വീണ്ടുമൊരു കനത്ത മഴക്കാലം പടിവാതില്ക്കൽ എത്തിനിൽക്കുമ്പോൾ, ജീവൻ പണയം വച്ചുള്ള യാത്രകൾക്ക് അറുതിവരുത്താൻ ആരുണ്ടാകുമെന്ന ചോദ്യവുമായി ആശങ്കയോടെ കഴിയുകയാണ് ഈ ഹൈറേഞ്ച് നിവാസികള്.

60 കുടുംബങ്ങൾ; ഒരു പുഴ; ഒടുങ്ങാത്ത ആശങ്കകൾ

കമ്പിലൈൻ - ഉണ്ണിക്കുഴി വഴി കല്ലാർ മെയിൻ റോഡിലേക്ക് എത്തുന്ന പ്രധാന പാതയ്ക്ക് കുറുകെയാണ് മുതിരപ്പുഴയുടെ കൈവഴിയായ വട്ടയാർ ഒഴുകുന്നത്. പ്രദേശത്തെ ഏതാണ്ട് 60-ഓളം കുടുംബങ്ങളാണ് നിത്യനിദാന കാര്യങ്ങൾക്കായി ഈ ഒരൊറ്റ വഴിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നത്. കുടിയേറ്റ കാലത്തിന് ശേഷം ഈ പ്രദേശത്തെ നാട്ടുപാതകൾ വീതികൂട്ടി നവീകരിക്കാൻ അധികൃതർ തയ്യാറായെങ്കിലും ആറിന് കുറുകെ ഒരു പാലം പണിയാൻ ആരും മുൻകൈ എടുത്തില്ല. നിലവിൽ വേനൽക്കാലത്ത് പുഴയിലെ ജലനിരപ്പ് താഴുമ്പോൾ ചപ്പാത്തിന് സമാനമായി കല്ലുകൾ നിരത്തിയാണ് നാട്ടുകാർ വാഹനങ്ങളും മറ്റും മറുകര കടത്തുന്നത്.

എന്നാൽ മഴക്കാലമായാൽ പുഴയുടെ ഭാവം മാറും. നീരൊഴുക്ക് വർദ്ധിക്കുന്നതോടെ ചപ്പാത്ത് പൂർണ്ണമായും വെള്ളത്തിനടിയിലാകും. ഇതോടെ പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. പോയ വർഷങ്ങളിലെല്ലാം നാട്ടുകാര് ഒത്തുചേർന്ന് കമുകിൻ തടിയും മരങ്ങളും വെട്ടിയിട്ടാണ് താൽക്കാലിക തടിപ്പാലങ്ങൾ ഒരുക്കിയിരുന്നത്. കൈവരികളോ യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഈ തടിപ്പാലത്തിലൂടെയാണ് കഴിഞ്ഞ പ്രളയ-മഴക്കാലങ്ങളിൽ കൊച്ചുകുട്ടികളും പ്രായമായവരും രോഗികളുമടക്കം യാത്ര ചെയ്തത്.

മഴക്കാലത്ത് ഈ വഴിയിലൂടെയുള്ള യാത്ര പേടിസ്വപ്നമാണ്. സ്കൂളിൽ പോകുന്ന കുട്ടികളെയും പ്രായമായവരെയും കൈപിടിച്ച് ഈ തടിപ്പാലത്തിലൂടെ വേണം അക്കരെ എത്തിക്കാൻ. കാലൊന്ന് വഴുതിയാൽ താഴേക്ക് കുത്തിയൊലിക്കുന്ന പുഴയാണ്. - നാട്ടുകാരിലൊരാൾ തന്റെ നെഞ്ചിലെ തീ ഒട്ടും ചോരാതെ പങ്കുവച്ചു.

12-14 വാർഡുകൾ തമ്മിൽ ബന്ധിപ്പിച്ചാണ് നാട്ടുകാര് പാലം തീർക്കുന്നത്. പാലവും അനുബന്ധ റോഡും നിർമ്മിക്കാൻ നാട്ടുകാര് സ്ഥലം വിട്ട് നൽകാത്തതും നാട്ടുകാരുടെ നിസഹരണ മനോഭാവവുമാണ് നാളിതുവരെ ഇവിടെ പാലം നിർമ്മാണം നടക്കാത്തതിന് കാരണം എന്നാണ് പതിനാലാം വാർഡ് മെമ്പർ പി എം രതീഷ് പറഞ്ഞത്.

2 കിലോമീറ്റർ വേണോ അതോ 10 കിലോമീറ്ററോ? യാത്രാദുരിതത്തിന്റെ നേർച്ചിത്രം

ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും നിത്യക്കൂലിക്കാരായ തോട്ടം തൊഴിലാളികളാണ്. ഇവർക്ക് കല്ലാർ മേഖലയിലേക്ക് ജോലിക്ക് എത്തുവാൻ ഉള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് ഈ പുഴക്കടവ്.

എളുപ്പവഴി: പുഴ മുറിച്ചുകടന്ന് വെറും രണ്ട് കിലോമീറ്റർസഞ്ചരിച്ചാൽ ഇവർക്ക് കല്ലാർ മേഖലയിൽ എത്തിച്ചേരുവാൻ സാധിക്കും.

ചുരം വഴി: എന്നാൽ പുഴയിൽ വെള്ളം ഉയരുകയോ തടിപ്പാലം ഒലിച്ചുപോവുകയോ ചെയ്താൽ, ദേശീയപാതയിലേക്ക് എത്തിച്ചേരാൻ ഇവർ 10 കിലോമീറ്റർ അധികം സഞ്ചരിക്കണം. അതും കഠിനവും ചെങ്കുത്തായതുമായ ചുരം കയറിവേണം പ്രധാന റോഡിലെത്താൻ.

ഒരു വശത്ത് സമയനഷ്ടവും മറുവശത്ത് വൻ സാമ്പത്തിക ബാധ്യതയും വരുത്തിവയ്ക്കുന്നതാണ് ഈ ചുരം യാത്ര. ഒരു കോൺക്രീറ്റ് പാലം യാഥാർത്ഥ്യമായാൽ മഴക്കാലത്തും തോട്ടം തൊഴിലാളികൾക്ക് സ്വന്തം അല്ലെങ്കിൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച് വളരെ എളുപ്പത്തിൽ കല്ലാറിലേക്ക് എത്തിച്ചേരാൻ സാധിക്കും.

വിദ്യാർത്ഥികൾ അനുഭവിക്കുന്ന നരകയാതന; കല്ലാർ സ്കൂളിലെ കരിനിഴൽ

മഴക്കാലമായാൽ ഇവിടുത്തെ വിദ്യാർത്ഥികളാണ് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗവും പഠിക്കുന്നത് കല്ലാർ ഗവൺമെന്റ് സ്കൂളിലാണ് കനത്ത മഴയത്ത്, കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളിലെ കവുങ്ങിൻ തടിപ്പാലത്തിലൂടെ ജീവൻ പണയം വച്ച് വേണം ഈ കുരുന്നുകൾക്ക് മറുകരെയെത്താൻ. ഒരല്പം ശ്രദ്ധാഭംഗം ഉണ്ടായാൽ ജീവൻ തന്നെ നഷ്ടപ്പെടാവുന്ന സ്ഥിതി. വിദ്യാലയത്തിലേക്ക് എളുപ്പം എത്താവുന്ന ഏക വഴിയാണ്.

പാലമില്ലാതായാല് കിലോമീറ്ററുകളോളം ചെങ്കുത്തായ ചുരം കയറിയിറങ്ങി സ്കൂളിലെത്തുമ്പോഴേക്കും കുട്ടികൾ ശാരീരികമായും മാനസികമായും തളർന്നുപോയിട്ടുണ്ടാകും. പലപ്പോഴും കനത്ത മഴയുള്ള ദിവസങ്ങളിൽ കുട്ടികളുടെ പഠനം പൂർണ്ണമായി മുടങ്ങുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

ഒഴുകിപ്പോകുന്ന പാലങ്ങളും അവഗണനയുടെ പതിറ്റാണ്ടുകളും

മഴ ശക്തമാകുന്നതോടെ പുഴയിലെ ജലനിരപ്പ് ഉയരുകയും നാട്ടുകാർ വിയർപ്പൊഴുക്കി നിർമ്മിക്കുന്ന താൽക്കാലിക തടിപ്പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയും ചെയ്യുന്നത് ഇവിടെ പതിവു കാഴ്ചയാണ്. പിന്നീട് വെള്ളമിറങ്ങുന്നതുവരെ ഇവിടുള്ള കുടുംബങ്ങൾ പൂർണ്ണമായും ഒറ്റപ്പെടും. വെള്ളം കുറഞ്ഞതിനു ശേഷം മാത്രമേ വീണ്ടും താൽക്കാലിക പാലം നിർമ്മിക്കാൻ സാധിക്കൂ.

ഈ താൽക്കാലിക സംവിധാനത്തിൽ നിന്ന് ആളുകൾ കാൽവഴുതി അപകടകരമായ രീതിയിൽ പുഴയിൽ വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭാഗ്യം കൊണ്ടുമാത്രമാണ് പലപ്പോഴും വലിയ ദുരന്തങ്ങൾ ഒഴിവായത്.

അധികൃതരുടെ നിസംഗത; ജനപ്രതിനിധികൾ കണ്ണ് തുറക്കുമോ?

ഒരു സുരക്ഷിത പാലത്തിനായി ഈ നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് അധികൃതർ മുതൽ ജനപ്രതിനിധികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും വരെ വർഷങ്ങളായി നിവേദനങ്ങൾ നൽകി മടുത്തു കഴിഞ്ഞു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും ജനപ്രതിനിധികൾ നൽകുന്ന വാഗ്ദാനങ്ങൾ വെറും ജലരേഖയായി മാറുന്ന കാഴ്ചയാണ് കമ്പിലൈൻ നിവാസികൾക്ക് കാണാനുള്ളത്.

തോട്ടം-കാർഷിക മേഖലയായ ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ ന്യായമായ ആവശ്യത്തോട് പതിറ്റാണ്ടുകളായി അധികൃതർ പുലർത്തുന്ന നിസംഗതയിൽ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഈ മഴക്കാലത്തെങ്കിലും തങ്ങളെ മരണക്കെണിയിലേക്ക് തള്ളിവിടാതെ, സുരക്ഷിതമായ ഒരു സ്ഥിരം പാലം യാഥാർത്ഥ്യമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും അധികൃതർ കണ്ണ് തുറന്നില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കായിരിക്കും പള്ളിവാസൽ ഗ്രാമം സാക്ഷ്യം വഹിക്കുക.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News