Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മെയ് (H.S.)
സംസ്ഥാന ഭരണം പരിഷ്കരിക്കാനുള്ള നിരവധി നിർദേശങ്ങളടങ്ങിയ ഭരണപരിഷ്കാര കമ്മിഷൻ്റെ 13 റിപ്പോർട്ടുകൾ വർഷങ്ങളായി ഫയലിൽ ഉറങ്ങുന്നു. മുൻ ചെയർമാനായിരുന്ന വിഎസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടുകളാണ് വെളിച്ചം കാണാത്തത്. റിപ്പോർട്ടുകളിലെ ശുപാർശകളിൽ ഒന്നിൽപോലും ഇതുവരെ തുടർനടപടിയുണ്ടായില്ല. അധികാരത്തിലേറിയ യുഡിഎഫ് സർക്കാരും പുതിയ ഭരണപരിഷ്കാര കമ്മിഷനെ നിയമിക്കാനുള്ള ആലോചനയിലാണ്.
ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ് നാലാം കമ്മിഷനെ നിയമിച്ചത്. വിഎസ് അച്യുതാനന്ദൻ ചെയർമാനും മുൻ ചീഫ് സെക്രട്ടറിമാരായിരുന്ന സിപി നായർ, നീലാഗംഗാധരൻ എന്നിവർ അംഗങ്ങളും അന്നത്തെ അഡീഷനൽ ചീഫ് സെക്രട്ടറി ഷീല തോമസ് സെക്രട്ടറിയുമായ കമ്മിഷൻ 2016 സെപ്റ്റംബർ 28ന് പ്രവർത്തനമാരംഭിച്ചു. 2021 മേയ് വരെ കാലാവധിയുണ്ടായിരുന്നെങ്കിലും വിഎസിൻ്റെ അനാരോഗ്യം കാരണം 2020 ഡിസംബറിൽ അദ്ദേഹം രാജിവച്ചു. 13 വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന കമ്മിഷൻ്റെ ശിപാർശയും അന്ന് സർക്കാർ തള്ളിയിരുന്നു.
അവഗണിച്ച ശിപാർശകൾ
സെക്രട്ടേറിയറ്റിൽ നടപടികൾ വേഗത്തിലാക്കാൻ ഫയൽ നീക്കത്തിനുള്ള തട്ടുകളുടെ എണ്ണം കുറയ്ക്കണം, പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭിക്കാൻ ഭരണസംവിധാനത്തിൽ ഘടനാപരമായ മാറ്റങ്ങൾ അടിയന്തരമായി നടപ്പാക്കണം, അഴിമതിയും സ്വജനപക്ഷപാതവും നീതിനിർവഹണത്തിലെ കാലതാമസവും ഒഴിവാക്കാൻ പ്രത്യേക നടപടിയെടുക്കണം, സർക്കാർ സേവനങ്ങൾ താഴേത്തട്ടിൽ വരെ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംവിധാനം കൊണ്ടുവരണം എന്നിങ്ങനെ നിരവധി ശിപാർശകൾ കമ്മിഷൻ സമർപ്പിച്ചിരുന്നു. 2021ലും പിണറായി സർക്കാർ അധികാരത്തിലെത്തിയെങ്കിലും ഭരണപരിഷ്കാരത്തിനുള്ള ഈ ശിപാർശകൾ വിസ്മരിച്ചു. പിന്നീട് പുതിയ കമ്മിഷനെയും നിയമിച്ചില്ല.
അഞ്ചാം ഭരണപരിഷ്കാര കമ്മിഷൻ
കേരളത്തിൽ ഇതുവരെ നാല് ഭരണപരിഷ്കാര കമ്മിഷനുകളാണുണ്ടായത്. 1957ൽ അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് അധ്യക്ഷനായി ഒന്നാം കമ്മിഷനും 1965ൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന എംകെ വെള്ളോടി അധ്യക്ഷനായ കമ്മിഷനും 1996ൽ അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാർ അധ്യക്ഷനായ കമ്മിഷനും പ്രവർത്തിച്ചു. 2016ലെ സവിശേഷ സാഹചര്യത്തിലാണ് വിഎസ് നാലാം കമ്മിഷൻ്റെ അധ്യക്ഷനായത്.
അഞ്ചാം ഭരണപരിഷ്കാര കമ്മിഷനെ നിയമിക്കാനുള്ള ആലോചനയിലാണ് നിലവിലെ യുഡിഎഫ് സർക്കാർ. മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരനെ ചെയർമാനാക്കാനാണ് കോൺഗ്രസിൻ്റെ ആലോചന. എന്നാൽ മുൻ മന്ത്രി ഡോ. എംകെ മുനീറിനെ നിയോഗിക്കണമെന്നാണ് ലീഗിൻ്റെ താത്പര്യം. യുഡിഎഫ് പിന്തുണയിൽ ജയിച്ച മുൻ മന്ത്രി ജി സുധാകരൻ്റെ പേരും പരിഗണനയിലുണ്ട്.
സുധീരൻ്റെ രാഷ്ട്രീയ, ഭരണ പരിചയം കണക്കിലെടുത്താണ് കോൺഗ്രസ് അദ്ദേഹത്തിൻ്റെ പേര് ഉയർത്തിക്കാട്ടുന്നത്. നിയമസഭ സ്പീക്കർ, മന്ത്രി, എംഎൽഎ, എംപി, സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് എന്നീ നിലകളിൽ സുധീരൻ യോഗ്യത തെളിയിച്ചിട്ടുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിച്ചപ്പോൾ രാഹുൽ ഗാന്ധി അഭിപ്രായം തേടിയ ചുരുക്കം നേതാക്കളിലൊരാളാണ് സുധീരൻ. കുറച്ചുനാളുകളായി അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്.
സുധീരനെപ്പോലുള്ള ഒരാളെ ഈ സ്ഥാനത്തേക്ക് നിയമിക്കാനുള്ള താത്പര്യം മുഖ്യമന്ത്രി വിഡി സതീശൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. പദവി സംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ചാൽ പ്രതികരിക്കാമെന്നും വിഎം സുധീരൻ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR