Enter your Email Address to subscribe to our newsletters

Kozhikode , 26 മെയ് (H.S.)
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വലിയ ദുരിതം നേരിട്ട കെ.കെ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതിക്ക് കീഴിൽ ഓഫിസ് അസിസ്റ്റൻ്റായാണ് നിയമനം നൽകിയിരിക്കുന്നത്.
ഇതു സംബന്ധിച്ച നിർദേശം ആരോഗ്യമന്ത്രി കെ മുരളീധരൻ ആശുപത്രി അധികൃതർക്ക് നേരത്തെ നൽകിയിരുന്നു. രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൽനിന്ന് നിയമന ഉത്തരവ് കൈപ്പറ്റി ജോലിയിൽ പ്രവേശിക്കുമെന്നും ഹർഷിന അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശനെയും ആരോഗ്യമന്ത്രി കെ മുരളീധരനെയും ഹർഷിനയും കുടുംബവും തിരുവനന്തപുരത്ത് എത്തി സന്ദർശിച്ചിരുന്നു. സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, കൺവീനർ മുസ്തഫ പാലാഴി തുടങ്ങിയ പ്രധാന നേതാക്കൾക്കൊപ്പമാണ് ഹർഷിന മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചത്. മന്ത്രി ടി സിദ്ദീഖും ഇവർക്കൊപ്പമുണ്ടായിരുന്നു. വിഷയത്തിൽ അനുകൂല നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് വേഗത്തിലാക്കുമെന്നും, അർഹമായ നഷ്ടപരിഹാരം അടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ ആശ്വാസകരമായ നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാർ അടിയന്തര സഹായമായി രണ്ടു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രയും നാളത്തെ ചികിത്സയ്ക്ക് ഇതിലേറെ തുക ചെലവായതിനാലും, റിപ്പോർട്ടുകൾ തൃപ്തികരമല്ലാത്തതിനാലും ഈ തുക ഹർഷിന സ്വീകരിച്ചിരുന്നില്ല. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് സമരസമിതിയുടെ പ്രധാന ആവശ്യം. ചികിത്സയിലെ പിഴവ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടാൽ അത് വീണ്ടും പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയത് മുതൽ കഴിഞ്ഞ ഒൻപത് വർഷമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഹർഷിന നേരിട്ടത്. നീണ്ട നാളത്തെ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് അതേ മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.
സംഭവം ഇങ്ങനെ
2017 നവംബർ 30നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ച് ഹർഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഈ ശസ്ത്രക്രിയക്കിടെയാണ് വയറ്റിൽ ആർട്ടറി ഫോർസെപ്സ് എന്ന് വിളിക്കുന്ന സർജിക്കൽ കത്രിക ഡോക്ടർമാർ മറന്നുവെച്ചത്. പ്രസവത്തിനുശേഷം കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും ഹർഷിന നിരന്തരം അനുഭവിച്ചിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വേദനയുടെ യഥാർഥ കാരണം എന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. ഒടുവിൽ 2022 സെപ്റ്റംബർ 17ന് സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ സിടി സ്കാനിങ്ങിലാണ് സിരകളിൽ കുടുങ്ങിക്കിടക്കുന്ന രീതിയിൽ ലോഹവസ്തു ഉള്ളതായി കൃത്യമായി കണ്ടെത്തിയത്.
തുടർന്ന് സ്വകാര്യ ആരോഗ്യവിദഗ്ധരുടെ നിർദേശപ്രകാരം മെഡിക്കൽ കോളജിൽ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തിയാണ് ഈ കത്രിക പുറത്തെടുത്തത്. അഞ്ച് വർഷത്തോളം നീണ്ട കൊടിയ വേദനയ്ക്കും ദുരിതങ്ങൾക്കും മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വലിയ അനാസ്ഥയാണ് കാരണമെന്ന് കാണിച്ച് ഹർഷിന പൊലീസിൽ പരാതി നൽകുകയും ചെയ്തു
ആരോഗ്യവകുപ്പും പ്രത്യേക സമിതിയെ വച്ച് ആശുപത്രിയിൽ അന്വേഷണം നടത്തിയിരുന്നു. കുറ്റക്കാർക്കെതിരെ കർശന നടപടിയും അർഹമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഹർഷിന മാസങ്ങളോളം നീളുന്ന സമരം നടത്തി. ഇതിനൊടുവിലാണ് ആശ്വാസമായി ഇവർക്ക് ഇപ്പോൾ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR