Enter your Email Address to subscribe to our newsletters

Kochi , 26 മെയ് (H.S.)
ലുലുവില് വാർഷിക ഓഫറെന്ന പേരിലും ബലിപെരുന്നാളിനോട് അനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റ് സമ്മാനം നല്കുന്നു പേരിലും വ്യാജ പ്രചരണം.
ഓണ്ലൈൻ ലിങ്കുകള് കേന്ദ്രീകരിച്ച് തുടരുന്ന വ്യാജ പ്രവർത്തനങ്ങളില് ജാഗ്രത പുലർത്തണമെന്ന് ലുലു അധികൃതർ അറിയിച്ചു. ലുലു വാർഷികത്തിന്റെ ഭാഗമായി സമ്മാനം നല്കുന്നു എന്ന പേരിലാണ് വാട്സ് ആപ്പില് ഓണ്ലൈൻ ലിങ്കുകള് പ്രചരിക്കുന്നത്. ലിങ്കില് ക്ലിക്ക് ചെയ്താല് കന്നട, തെലുങ്ക് ഭാഷകളിലുള്ള തട്ടിപ്പ് ലിങ്കിലേക്കാണ് എത്തുന്നത്. സമ്മാനം കിട്ടുമെന്നു കരുതി ക്ലിക്ക് ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നും ലുലു അധികൃതർ അറിയിച്ചു.
ലിങ്കില് ക്ലിക്ക് ചെയ്താല് ലുലുവിന്റെ ലോഗോയോട് കൂടിയ പേജിലാണ് എത്തുക. ലുലു മാളിന്റെയും ചെയർമാൻ എം എ യൂസഫലിയുടെയും ചിത്രങ്ങളും ഇത്തരം തട്ടിപ്പ് ലിങ്കുകളില് ദുരുപയോഗം നടത്തിയിട്ടുണ്ട്. ചോദ്യങ്ങള്ക്ക് ഉത്തരം നല്കി ഇരുപതിനായിരം രൂപ സമ്മാനം നേടാൻ അവസരം ലഭിക്കും എന്നാണ് പേജില് രേഖപ്പെടുത്തിയിരിക്കുന്നത്. പേജിന് താഴെയായി സമ്മാനം ലഭിച്ചവരുടെ അഭിപ്രായങ്ങള് രേഖപ്പെടുത്തിയിരിക്കുന്നതായും കാണാം. പ്രായം, സ്ത്രീയോ/പുരുഷനോ എന്നതുള്പ്പടെ നാല് ചോദ്യങ്ങള്ക്ക് ഉത്തരം നല്കിയാല് സമ്മാനാർഹനായി എന്ന സന്ദേശം വരും. പിന്നീട് സമ്മാനം തിരഞ്ഞെടുക്കാനുള്ള അവസരമാണ്. ഇരുപതിനായിരം രൂപ ലഭിച്ചതായും കാണിക്കും, ഇനി ഇത് ലഭിക്കുന്നതിനായി ഇതേ സന്ദേശം അവർ പറയുന്ന ആപ്പുകളിലെ 5 ഗ്രൂപ്പുകളില് 20 പേർക്ക് പങ്കിടണം എന്നാണ് പിന്നീട് അവശ്യപ്പെടുക. അതിന് ശേഷം മാത്രമേ സമ്മാനം ക്ലെയിം ചെയ്യാൻ സാധിക്കൂകയുള്ളൂ. ഇത്തരം വ്യാജ ലിങ്കുകള്ക്കും സൈബർ തട്ടിപ്പുകള്ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ജാഗ്രത പുലർത്തണമെന്നും ഇത്തരത്തില് യാതൊരു വിധ ഓഫറും പ്രഖ്യാപിച്ചിട്ടില്ലെന്നു ലുലു മാനേജ്മെന്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR