താരസംഘടനയായ 'അമ്മ' യിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളിലും ഗുരുതരമായ ആരോപണങ്ങളിലും സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കി സാംസ്കാരിക, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിമാർ രംഗത്ത്.
Kollam, 26 മെയ് (H.S.) മലയാള സിനിമയിലെ താരസംഘടനയായ ''അമ്മ'' യിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളിലും നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കി സാംസ്കാരിക, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിമാർ
AMMA CONTROVERSY


Kollam, 26 മെയ് (H.S.)

മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' യിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങളിലും നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളിലും സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കി സാംസ്കാരിക, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിമാർ രംഗത്ത്. നിലവിലെ പ്രശ്നങ്ങൾ താരസംഘടനയുടേത് മാത്രമാണെന്നും സർക്കാർ തലത്തിലേക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് കൊല്ലത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ സിനിമാ മേഖയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗവൺമെൻ്റ് തലത്തിലേക്ക് ഔദ്യോഗികമായി ഒരു പരാതിയും എത്തിയിട്ടില്ല. എന്നാൽ മാധ്യമങ്ങളിൽ വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രശ്നങ്ങളെല്ലാം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഔദ്യോഗികമായി പരാതി ലഭിക്കുകയാണെങ്കിൽ, ആവശ്യമായ സമയത്ത് കൃത്യവും ഉചിതവുമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ഒട്ടും മടിക്കില്ല മന്ത്രി പി.സി. വിഷ്ണുനാഥ് ഉറപ്പുനൽകി.

അതേസമയം സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ഇതേ വാർത്തസമ്മേളനത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും വ്യക്തമാക്കി. ചലച്ചിത്ര രംഗത്തെ സ്ത്രീ സുരക്ഷയും അവർ നേരിടുന്ന വെല്ലുവിളികളും ലഘുവായി കാണാനാകില്ല , സ്ത്രീ വിരുദ്ധമായ പ്രശ്നങ്ങൾ ഗൗരവമായി പരിശോധിച്ച് സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കും ബിന്ദു കൃഷ്ണ പറഞ്ഞു.

'അമ്മ'യെ ഉലച്ച ആഭ്യന്തര പൊട്ടിത്തെറി

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷം മോഹൻലാൽ ഉൾപ്പെടെയുള്ളവർ രാജിവച്ചതിനെ തുടർന്ന് ശ്വേതാ മേനോൻ പ്രസിഡൻ്റായി ചുമതലയേറ്റ 'അമ്മ' സംഘടനയിൽ ഭാരവാഹികൾ തമ്മിലുള്ള ഭിന്നത കഴിഞ്ഞ ഫെബ്രുവരി മുതലാണ് രൂക്ഷമായത്. എക്സിക്യൂട്ടീവ് അംഗം ഉണ്ണി ശിവപാൽ ഓഫീസിലെ വനിതാ ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഇതിന് തിരികൊളുത്തിയത്.

തുടർന്ന് സംഘടനയുടെ പരിപാടിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളിൽ നടൻ ടിനി ടോം നടി നീനാ കുറുപ്പിനെ മോശം ഭാഷയിൽ വിമർശിച്ചതോടെ പ്രശ്നങ്ങൾ കൂടുതൽ വഷളായി. ഇതിനിടെയിലാണ് ഒരു ക്ഷേത്ര സ്പോൺസർഷിപ്പിൽ മതപരമായ ചിഹ്നങ്ങൾ പാടില്ലെന്ന് നിലപാടെടുത്ത നടി അൻസിബ ഹസനെതിരെ ടിനി ടോം ലൈംഗികച്ചുവയുള്ള വ്യക്തിഹത്യ നടത്തിയതായി ആരോപണം ഉയർന്നത്.

ടിനി ടോമിനെതിരെ അൻസിബ തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും വനിത എസ്ഐയിൽ നിന്നും തനിക്ക് മോശം അനുഭവമാണ് ഉണ്ടായതെന്നും യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്കുള്ളിലെ യോജിപ്പില്ലായ്മയിൽ പ്രതിഷേധിച്ച് മല്ലിക സുകുമാരൻ അടക്കമുള്ള മുതിർന്ന താരങ്ങൾ നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ സർക്കാരിൻ്റെ മുന്നിലേക്ക് എത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News