Enter your Email Address to subscribe to our newsletters

Ernakulam , 26 മെയ് (H.S.)
ശബരിമല സ്വര്ണ്ണക്കവര്ച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിജിലന്സ് കോടതിയുടെ പരാമർശങ്ങൾ നീക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഉണ്ടായത്. സർക്കാർ അപ്പീൽ ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. തന്ത്രിക്ക് എതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശം നീക്കം ചെയ്യണമെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സർക്കാർ അപ്പീൽ.
ശബരിമല സ്വർണക്കവർച്ച കേസിൽ തന്ത്രിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഇല്ല. ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തന്ത്രിക്ക് ഇടപെടാൻ സാധിക്കൂ. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണികളുടെ അടക്കം ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്. അതേസമയം, ഗൂഢാലോചന നടന്നിട്ടില്ലെന്നുമായിരുന്നു കൊല്ലത്തെ വിജിലൻസ് കോടതിയുടെ കണ്ടെത്തൽ.
വിജിലൻസ് കോടതിയുടെ കണ്ടെത്തലുകൾ തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് നീക്കം ചെയ്യാൻ സർക്കാർ അപ്പീൽ സമർപ്പിച്ചത്. തന്ത്രിക്ക് അനുകൂലമായി വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങൾ വിചാരണയെ ബാധിക്കുമെന്നാണ് എസ്ഐടിയുടെ വാദം. സർക്കാർ അപ്പീൽ ജസ്റ്റിസ് എ. ബദറുദീൻ ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം, ശബരിമല സ്വര്ണക്കവര്ച്ച കേസ് അന്വേഷണം പൂര്ത്തിയാക്കാന് എസ്ഐടിക്ക് രണ്ടാഴ്ച കൂടി ഹൈക്കോടതി സാവകാശം നല്കിയിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്ഐടി മേധാവി എസ് ശശിധരൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കുകയായിരുന്നു കോടതി. അടുത്ത വാദം ജൂൺ എട്ടിന് നടക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
എ.രാജാ വിജയരാഘവൻ, കെ.വിജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വാദം കേട്ടത്. നാഷണൽ ലബോറട്ടറിയില് നിന്നുള്ള വിദഗ്ധ പരിശോധനാ ഫലം പത്ത് ദിവസത്തിനകം ലഭിക്കുമെന്ന് എസ്ഐടി പറഞ്ഞു. ഫലം ലഭിച്ചതിന് ശേഷം സ്വര്ണക്കവർച്ചയുടെ സ്വഭാവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും എസ്ഐടി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കാൻ സാവകാശം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തുകയായിരുന്നു എസ്ഐടി.
സ്വർണം പൂശലുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയ്ക്കായി 36 സാമ്പിളുകളാണ് അയച്ചിട്ടുള്ളത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ നിന്ന് വിശദമായ വിശകലന റിപ്പോർട്ട് ലഭിക്കാത്തതാണ് അന്വേഷണം നീളാൻ കാരണമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ലബോറട്ടറി റിപ്പോർട്ട് അന്വേഷണത്തിൽ നിർണായകമായത് കൊണ്ടാണ് ഹൈക്കോടതി സാവകാശം അനുവദിച്ചത്. സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധനാ ഫലം ലഭിച്ച ശേഷം കവർച്ചയുടെ സ്വഭാവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നും എസ്ഐടി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR