Enter your Email Address to subscribe to our newsletters

Thiruvananthapuram , 26 മെയ് (H.S.)
കേരളത്തിൻ്റെ വികസന ആവശ്യങ്ങളും കേന്ദ്രപദ്ധതികളുടെ നടത്തിപ്പും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെയും കാണുന്നുണ്ട്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന ഫണ്ടുകളുടെ കാര്യവുമാകും പ്രധാന ചർച്ച.
രാവിലെ 11.15ന് സേവാ തീർഥിൽ വച്ചാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. തുടർന്ന് ഉച്ചയ്ക്ക് 2.30ന് കർത്തവ്യ ഭവനിൽ വച്ച് ധനമന്ത്രിയെയും സന്ദർശിക്കും. സംസ്ഥാനത്തിന് അടിയന്തരമായി നൽകേണ്ട സാമ്പത്തിക സഹായങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെടും. കടമെടുപ്പ് പരിധിയിലെ വെട്ടിച്ചുരുക്കലുകൾ സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ കാര്യം രേഖാമൂലം കേന്ദ്രത്തെ അറിയിക്കും. ഇതിന് പുറമെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള വിഹിതം വർധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
വയനാട് പാക്കേജും വികസന പദ്ധതികളും
കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടും. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള അധിക സഹായം ഇനിയും സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഈ തുക വേഗത്തിൽ ലഭ്യമാക്കുന്നതിന് ധനമന്ത്രിയുടെ ഇടപെടലും സംസ്ഥാനം തേടും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടും കൂടിക്കാഴ്ചയിൽ നിർണായക ചർച്ചകളുണ്ടാകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ തുടർ വികസനം, ദേശീയപാതാ വികസനം, തിരുവനന്തപുരം മെട്രോ, ശബരി റെയിൽവെ തുടങ്ങിയവയും സംസ്ഥാനം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.
സിബിഎസ്ഇ ഫലം: കേന്ദ്ര ഇടപെടൽ തേടി വി ഡി സതീശൻ
സിബിഎസ്ഇ പ്ലസ്ടു ഫലപ്രഖ്യാപനത്തിലും പുനർമൂല്യനിർണയത്തിലും വ്യാപക ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിൽ വി ഡി സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷാഫലം മെയ് 13നാണ് പ്രസിദ്ധീകരിച്ചത്. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് പലർക്കും ലഭിച്ചത്. തുടർന്ന് നടന്ന പുനർമൂല്യനിർണയ നടപടികളിലും വലിയ സാങ്കേതിക പിഴവുകളുണ്ടായതായി വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.
വെബ്സൈറ്റ് തകരാറുകൾ, രജിസ്ട്രേഷൻ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ തടസം, അപേക്ഷാ സ്ഥിരീകരണത്തിലെ കാലതാമസം തുടങ്ങിയവ വിദ്യാർഥികളെ വലച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാത്തതും വ്യക്തതയില്ലാത്ത പകർപ്പുകൾ ലഭിച്ചതും വിദ്യാർഥികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ആവശ്യമായ മുന്നൊരുക്കങ്ങളോ അധ്യാപകർക്ക് കൃത്യമായ മാർഗനിർദേശങ്ങളോ നൽകാതെയാണ് മൂല്യനിർണയം നടത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ സാരമായി ബാധിക്കുന്ന വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സാങ്കേതിക പിഴവുകൾ കാരണം വിദ്യാർഥികളുടെ ഉപരിപഠനം പ്രതിസന്ധിയിലാകാൻ പാടില്ല. അർഹരായ മുഴുവൻ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കാൻ സിബിഎസ്ഇ ബോർഡിനോട് കർശനമായി നിർദേശിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിലുമുണ്ടായ കാലതാമസം സർവകലാശാല പ്രവേശന നടപടികളെ സാരമായി ബാധിച്ചുവെന്നും പരാതിയുണ്ട്.
ഇതിന് പുറമെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഉയർന്ന പരാതികളും മുഖ്യമന്ത്രി കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ പ്രവേശനം സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയാണ് എൻടിഎയുടെ നിരുത്തരവാദപരമായ നടപടികളിലൂടെ ചോദ്യചിഹ്നമായത്. ഡൽഹി കേന്ദ്രീകരിച്ച് സിബിഎസ്ഇയുടെയും എൻടിഎയുടെയും പ്രത്യേക പരാതി പരിഹാര സെൽ രൂപീകരിക്കണമെന്നും കുട്ടികളുടെ ആശങ്കയകറ്റാൻ കേന്ദ്ര മന്ത്രാലയം നേരിട്ട് ഇടപെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR