Enter your Email Address to subscribe to our newsletters

Chevayoor, 26 മെയ് (H.S.)
ചേവായൂർ: സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തുകിടത്തി ചികിത്സിക്കരുതെന്ന ആരോഗ്യ മന്ത്രിയുടെ കർശന നിർദേശം വന്നിട്ടും കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ദുരിതാവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. ആശുപത്രിയിലെ മെഡിസിൻ വാർഡുകൾക്ക് പുറത്തും വരാന്തകളിലും ഇപ്പോഴും രോഗികൾ തറയിൽ കിടന്ന് ചികിത്സ തേടേണ്ടി വരുന്ന ദയനീയ കാഴ്ചയാണ് തുടരുന്നത്. അത്യാഹിത വിഭാഗത്തിന് സമീപമുള്ള മെഡിസിൻ വാർഡുകൾക്ക് പുറത്ത്, നഴ്സിങ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് പോകുന്ന പ്രധാന വരാന്ത മുഴുവൻ നിലവിൽ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആശുപത്രിയിലെ മൂന്നാം വാർഡിന് മുന്നിലും കന്റീന് സമീപത്തുമുള്ള വരാന്തകളിൽ തറയിൽ പായ വിരിച്ച് കിടക്കുന്ന രോഗികളിൽ പലരും കഴിഞ്ഞ നാല് ദിവസമായി ഇതേ അവസ്ഥയിൽ ഇവിടെ തുടരുകയാണെന്ന് രോഗികളുടെ ബന്ധുക്കൾ പരാതിപ്പെടുന്നു. കടുത്ത പനിയും മറ്റ് ഗുരുതര രോഗങ്ങളുമായി എത്തുന്നവരാണ് വരാന്തയിലെ ഈ ദുരിത കിടക്കയിൽ കിടക്കാൻ നിർബന്ധിതരായിരിക്കുന്നത്. മെനഞ്ചൈറ്റിസ്, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ന്യൂമോണിയ, കൂടാതെ വിവിധ തരം പകർച്ചപ്പനികൾ ബാധിച്ചവരുമാണ് ഇത്തരത്തിൽ വരാന്തകളിൽ കിടക്കുന്നവരിൽ ഭൂരിഭാഗവും.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഇവർക്ക് വരാന്തയിലെ അശാസ്ത്രീയമായ ഈ കിടപ്പ് രോഗം കൂടുതൽ വഷളാക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയ രോഗബാധിതർക്ക് പ്രത്യേക പരിചരണവും വിശ്രമവും ആവശ്യമാണെന്നിരിക്കെയാണ് അധികൃതരുടെ ഈ അവഗണന. വാർഡുകളിൽ ബെഡുകൾ ഒഴിഞ്ഞിട്ടില്ലെന്ന സ്ഥിരം പല്ലവിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
മഴക്കാലം വരാനിരിക്കുന്നു; ആശങ്കയിൽ ജനങ്ങൾ
സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുന്നതോടെ പകർച്ചവ്യാധികളും പനിരോഗങ്ങളും ബാധിക്കുന്നവരുടെ എണ്ണം ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. നിലവിൽ തന്നെ രോഗികളെ ഉൾക്കൊള്ളാൻ കഴിയാതെ ശ്വാസം മുട്ടുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ, മഴക്കാലം കൂടി എത്തുന്നതോടെ സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് രോഗികളും ബന്ധുക്കളും. പനി ബാധിതരുടെ എണ്ണം വർധിച്ചാൽ നിലത്തുകിടക്കാൻ പോലും വരാന്ത തികയാതെ വരുന്ന അവസ്ഥയുണ്ടാകും.
മന്ത്രി തലത്തിൽ നിന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതല്ലാതെ, ജില്ലാ ഭരണകൂടമോ ആശുപത്രി വികസന സമിതിയോ (HMC) രോഗികളുടെ തിരക്ക് നിയന്ത്രിക്കാനോ അധിക സൗകര്യങ്ങൾ ഒരുക്കാനോ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മലബാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള സാധാരണക്കാരായ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ചികിത്സാ കേന്ദ്രത്തിലെ ഈ അവഗണനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അടിയന്തരമായി താല്ക്കാലിക വാർഡുകളോ ബെഡുകളോ സജ്ജീകരിച്ച് രോഗികൾക്ക് മാനുഷിക പരിഗണന നൽകിയുള്ള ചികിത്സ ഉറപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
---------------
Hindusthan Samachar / Roshith K