ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല; ഹർജി ഹൈക്കോടതി തള്ളി
Kochi, 26 മെയ് (H.S.) കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പാലക്കാട് നഗരസഭാ കൗൺസിലറും മുൻ കോൺഗ്രസ് പ്രവർത്തകനുമായ പ്രശോഭ് വത്സന് കനത്ത തിരിച്ചടി. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ജാമ്യമില്ല; ഹർജി ഹൈക്കോടതി തള്ളി


Kochi, 26 മെയ് (H.S.)

കൊച്ചി: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പാലക്കാട് നഗരസഭാ കൗൺസിലറും മുൻ കോൺഗ്രസ് പ്രവർത്തകനുമായ പ്രശോഭ് വത്സന് കനത്ത തിരിച്ചടി. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം പ്രശോഭ് സി. വത്സന് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ മണ്ണാർക്കാട് എസ്സി-എസ്ടി പ്രത്യേക കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹർജി തള്ളിയതോടെ നിലവിൽ ഒളിവിലുള്ള പ്രതിയെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തനിക്കെതിരെയുള്ള പരാതി പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രശോഭ് വത്സന്റെ പ്രധാന വാദം. പരാതിക്കാരിയായ യുവതിയുമായി തനിക്ക് ദീർഘകാലമായി സൗഹൃദമുണ്ടായിരുന്നുവെന്നും, ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതെന്നും ഇയാൾ വാദിച്ചു. കൂടാതെ, പോലീസ് എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്തതിൽ വലിയ പിഴവുകളുണ്ടെന്നും, യുവതി മുൻപ് ഉന്നയിക്കാതിരുന്ന പല കാര്യങ്ങളും പിന്നീട് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കൂട്ടിച്ചേർത്തതാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയായതിനാൽ ഇതിൽ ജാതി ഒരു ഘടകമല്ലെന്നും, അതിനാൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ ഈ വാദങ്ങളെ പ്രൊസിക്യൂഷനും പരാതിക്കാരിയും ശക്തമായി എതിർത്തു. സ്വാധീനമുള്ള പ്രതിക്ക് ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. പരാതി ഉയർന്നതിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട പ്രശോഭ് വത്സൻ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒളിവിലാണ്. ഇയാൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി.

പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കൗൺസിലറായ പ്രശോഭ് വത്സൻ ജോലി വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പാലക്കാട് സ്വദേശിയായ ദളിത് യുവതിയുടെ പരാതി. ഭീഷണിപ്പെടുത്തി പീഡനം തുടർന്നതോടെയാണ് യുവതി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്. കേസിന്റെ ഗൗരവവും സാഹചര്യങ്ങളും പരിഗണിച്ച ഹൈക്കോടതി, പ്രതി ഉന്നയിച്ച വാദങ്ങൾ തള്ളിക്കൊണ്ട് മുൻകൂർ ജാമ്യാപേക്ഷ നിഷേധിക്കുകയായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News