Enter your Email Address to subscribe to our newsletters

Newdelhi,27 മെയ് (H.S.)
സിബിഎസ്ഇ ഫലങ്ങളിലെ ക്രമക്കേടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇത് വെറുമൊരു പിഴവല്ലയെന്നും ആസുത്രിതമായി വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനായി സർക്കാർ ശ്രമിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
പതിവുപോലെ മറുപടികളോ ഉത്തരവാദിത്വമോ നാണമോ ഇല്ലാത്ത അവസ്ഥയിലാണ് മോദിയെന്നും അദ്ദേഹം പരിഹസിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 18.5 ലക്ഷം വിദ്യാർഥികളുടെ ഭാവി തന്നെ സർക്കാർ അപകടത്തിലാക്കിയിരിക്കുകയാണെന്നും, വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
“രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളും മാതാപിതാക്കളും ഞെട്ടലിലായിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവുപോലെ മൗനം പാലിക്കുകയാണ്” എന്നാണ് അദ്ദേഹം കുറിച്ചത്.
ഇത് ഒരു പിഴവല്ല, ആസൂത്രിത ഗൂഢാലോചന
സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മൂല്യനിർണയ സംവിധാനം കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്ന COEMPT എന്ന കമ്പനിക്കെതിരെയും രാഹുൽ ഗാന്ധി ആരോപണങ്ങൾ ഉന്നയിച്ചു. മുൻപ് ഗ്ലോബറീന എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ കമ്പനി 2019 ൽ തെലങ്കാനയിൽ സമാന വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“പേര് മാറിയെങ്കിലും ഉദ്ദേശവും പ്രവർത്തനരീതിയും അതേപോലെയാണ്. കമ്പനിയുടെ പഴയ ചരിത്രം എല്ലാവർക്കും അറിയാമായിരുന്നു. എന്നിട്ടും ഇത്തരമൊരു സ്ഥാപനത്തിന് രാജ്യത്തെ വിദ്യാർഥികളുടെ ഭാവി കൈമാറി. ഇത് ഒരു സാധാരണ പിഴവല്ല വ്യക്തമായ ഗൂഢാലോചനയാണ്”എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
COEMPT കമ്പനിക്ക് കരാർ നൽകിയതിൽ നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. സിബിഎസ്ഇ കരാർ COEMPTന് നൽകാൻ ആരാണ് നിർദേശം നൽകിയത്, കരാർ അനുവദിക്കുമ്പോൾ ഏത് ചട്ടങ്ങളാണ് മറികടന്നത്, ഗ്ലോബറീന എന്ന വിവാദങ്ങളിൽപ്പെട്ട ഒരു സ്ഥാപനത്തിൻ്റെ പശ്ചാത്തലം എന്തുകൊണ്ട് പരിശോധിച്ചില്ലെയെന്നുമുള്ള നിരവധി ചോദ്യങ്ങൾ രാഹുൽ ഗാന്ധി ഉയർത്തി. കമ്പനി മാനേജ്മെൻ്റിനും കേന്ദ്ര സർക്കാരിനും ഇടയിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നുള്ളതിൽ വ്യക്തത വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“വിദ്യാർഥികളുടെ ഭാവി ആരെയും കവർന്നെടുക്കാൻ അനുവദിക്കില്ല. ഈ അഴിമതിയുടെ വേരുകൾ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ തള്ളി സിബിഎസ്ഇ
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശക്തമായി സിബിഎസ്ഇ നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന യുആർഎൽ (URL) യഥാർത്ഥ മൂല്യനിർണയ പോർട്ടലല്ലെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള ഡമ്മി ഡാറ്റ അടങ്ങിയ ടെസ്റ്റിംഗ് സൈറ്റാണെന്നും ബോർഡ് വ്യക്തമാക്കി.
“മൂല്യനിർണയത്തിനായി ഉപയോഗിച്ച യഥാർഥ പോർട്ടലിന് വ്യത്യസ്ത URL ആയിരുന്നു. അതിൽ യാതൊരു സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ല” എന്നാണ് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. വിദ്യാർഥികളുടെ മാർക്കുകളോ വ്യക്തിഗത വിവരങ്ങളോ പുറത്തായിട്ടില്ലെന്നും ബോർഡ് വിശദീകരിച്ചു.
പോസ്റ്റ് റിസൾട്ട് നടപടികളിൽ വൻ തിരക്ക്
പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ നാല് ലക്ഷത്തിലധികം അപേക്ഷകളാണ് ഉത്തരക്കടലാസുകളുടെ സ്കാൻ കോപ്പികൾക്കായി ലഭിച്ചതെന്ന് സിബിഎസ്ഇ അറിയിച്ചു. ഏകദേശം 11.3 ലക്ഷം ഉത്തരക്കടലാസുകൾ പുനഃപരിശോധനയ്ക്കായി ആവശ്യപ്പെട്ടതായും ബോർഡ് വ്യക്തമാക്കി. പുനർമൂല്യനിർണയ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഐഐടി മദ്രാസിൻ്റെയും ഐഐടി കാൺപൂരിൻ്റെയും സാങ്കേതിക സഹായവും തേടിയിട്ടുണ്ട് എന്നും സിബിഎസ്ഇ പറഞ്ഞു.
എന്തായിരുന്നു സിബിഎസ്ഇ വിവാദങ്ങൾ
സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട വിവാദം പ്രധാനമായും ഓൺ സ്ക്രീൻ മൂല്യനിർണയ സംവിധാനം പോസ്റ്റ് റിസൾട്ട് പോർട്ടലിലെ സാങ്കേതിക തകരാറുകൾ, കൂടാതെ മാർക്ക് വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയെ ചുറ്റിപ്പറ്റിയാണ് ഉയർന്നിരിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR