Enter your Email Address to subscribe to our newsletters

Banglore , 27 മെയ് (H.S.)
മൂന്ന് വർഷത്തോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അധികാര വടംവലിക്കും ശേഷം കർണാടകയില് പുതിയ മുഖ്യമന്ത്രിയായി കോണ്ഗ്രസിന്റെ സമുന്നതനായ നേതാവ് ഡികെ ശിവകുമാർ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.
നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ അധികം വൈകാതെ തന്നെ രാജി വയ്ക്കുകയും ശിവകുമാറിനുള്ള പാതയൊരുക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.
രാജ്യത്തെ പല പ്രമുഖ നേതാക്കളും കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേക്കേറിയപ്പോഴും ഡികെ ശിവകുമാർ തന്റെ പാർട്ടി കൂറ് എക്കാലവും നിലനിർത്തി. മുൻ സർക്കാരില് വൈകിയാണെങ്കിലും മന്ത്രിസ്ഥാനം ലഭിച്ച ഇദ്ദേഹം, ജയില്വാസം അനുഭവിച്ചപ്പോഴും ബിജെപിയുടെ ക്ഷണം നിരസിച്ച് പാർട്ടിക്ക് വിശ്വസ്തനായി നിന്നു. തെലങ്കാന, ഡല്ഹി, സമീപകാല കേരളം ഉള്പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചുമതലകള് അദ്ദേഹം വിജയകരമായി നിർവഹിച്ചു.
ശിവകുമാറിന്റെ ഈ കൂറും സംഘടനാമികവും ബിജെപി ആക്രമണങ്ങളെ നേരിട്ട നിലപാടും ഇപ്പോള് അർഹിച്ച പ്രതിഫലമായി മാറുന്നുവെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള് സൂചിപ്പിക്കുന്നു. കർണാടക തിരഞ്ഞെടുപ്പില് കോണ്ഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതുമുതല് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡികെ ശിവകുമാറിൻ്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നു.
എന്നാല് തിരഞ്ഞെടുപ്പു വിജയത്തിനുശേഷം സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില് മുഖ്യമന്ത്രി പദത്തിനായി കടുത്ത മത്സരം നടന്നു. ആ സമയത്ത്, 'ഞങ്ങള് ചെയ്ത ജോലിയുടെ കൂലിയാണ് ചോദിക്കുന്നത്' എന്ന് ഡി.കെ. ശിവകുമാറും സഹോദരൻ ഡികെ സുരേഷും പറഞ്ഞിരുന്നു. ഈ സംഭവവികാസങ്ങള് ഒക്കെയും അന്ന് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുകയും ചെയ്തു.
ഇപ്പോഴിതാ വൈകിയാണെങ്കിലും സോണിയാ ഗാന്ധിയിലും പ്രിയങ്കാ ഗാന്ധിയിലുമുള്ള വിശ്വാസവും രാഹുല് ഗാന്ധിയെ ബോധ്യപ്പെടുത്തുന്നതിലെ വിജയവുമാണ് അദ്ദേഹത്തിന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി സുഗമമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില് സിദ്ധരാമയ്യയും ശിവകുമാറും തമ്മിലുണ്ടായ അധികാര പങ്കിടല് കരാറിനെക്കുറിച്ച് ശിവകുമാറിന്റെ അടുപ്പക്കാർ ഉന്നയിച്ചെങ്കിലും സിദ്ധരാമയ്യ പക്ഷം നിഷേധിച്ചു.
സർക്കാർ മൂന്ന് വർഷം പൂർത്തിയാകുന്ന ഈ വേളയില് ശിവകുമാർ മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങള്. വാഗ്ദാനം പാലിക്കണമെന്ന് സോണിയയും പ്രിയങ്കയും ഓർമ്മിപ്പിച്ചെങ്കിലും രാഹുല് അത് നീട്ടിവെച്ചിരുന്നു. ഹൈക്കമാൻഡിലുള്ള വിശ്വാസവും പാർട്ടി കൂറും അദ്ദേഹത്തിന് നിർണായകമായി. ഒടുവില് വർഷങ്ങളായുള്ള ഡികെ ശിവകുമാറിന്റെ പരിശ്രമങ്ങള്ക്ക് ഇപ്പോള് ഫലം കാണുകയാണ്.
അടുത്ത ദിവസങ്ങളില് തന്നെ വിഷയത്തില് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിന് പിന്നാലെ ആയിരിക്കും സിദ്ധരാമയ്യ രാജിവയ്ക്കുക. മാത്രമല്ല മുഖ്യമന്ത്രിയായി നിയമിതനാവുന്നതിന് മുന്നോടിയായി ഡികെ ശിവകുമാർ കർണാടക കോണ്ഗ്രസ് അധ്യക്ഷ പദവിയും രാജിവയ്ക്കും. നിലവില് സാഹചര്യത്തില് മന്ത്രിസഭാ പുനഃസംഘടന ഉള്പ്പെടെ നടക്കുമോ എന്നത് ഇനി കണ്ടറിയുക തന്നെ വേണം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR