Enter your Email Address to subscribe to our newsletters

Thiruvananthapuram 27 മെയ് (H.S.)
പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ ഉൾപ്പെടെ പന്ത്രണ്ടിടങ്ങളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ പരിശോധന. പിണറായി വിജയന്റെ മകൾ വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും കൊച്ചിയിലെ സിഎംആർഎലും തമ്മിലുള്ള മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് ഇഡി റെയ്ഡ് നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് വീണാ വിജയനിൽ നിന്നും സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയിൽ നിന്നും ഇഡി വിവരം ശേഖരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ മുൻ മന്ത്രിയും പിണറായി വിജയൻ്റെ മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിൻ്റെ കോഴിക്കോട്ടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. കൊച്ചിയിലെ സിഎംആർഎൽ ഓഫിസുകളിലും ശശിധരൻ കർത്തയുടെ വീട്ടിലുമാണ് പ്രധാന പരിശോധനകൾ നടക്കുന്നത്. കേസിൽ ആകെ 12ങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്
റെയ്ഡ് നടക്കുന്ന സമയത്ത് പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലുണ്ടെന്നാണ് വിവരം. കേന്ദ്ര സായുധ സേനയുടെ കനത്ത സുരക്ഷയിലാണ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. സിപിഐഎം കേന്ദ്രങ്ങളും ഈ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്
സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
കേസിൽ അന്വേഷണം തുടരാൻ അനുവദിക്കണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പിഎംഎൽഎ നിയമപ്രകാരമുള്ള കേസ് ആയതിനാൽ ഇഡിക്ക് നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി അറിയിച്ചത്. വൻതുകയുടെ സാമ്പത്തിക ഇടപാടുകൾ ഈ നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന വാദവും കോടതി ശരിവച്ചു.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എക്സാലോജിക്കിന് പണം ലഭിച്ചതിലെ ക്രമക്കേടുകളാണ് ഇഡി അന്വേഷിക്കുന്നത്. ഐടി സേവനങ്ങൾ നൽകാതെയാണ് വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള കമ്പനി സിഎംആർഎല്ലിൽ നിന്ന് വർഷങ്ങളായി പണം കൈപ്പറ്റിയതെന്നാണ് പ്രധാന ആരോപണം. ആദായ നികുതി വകുപ്പിൻ്റെ ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡിൻ്റെ കണ്ടെത്തലുകൾ പുറത്തുവന്നതോടെയാണ് ഈ സാമ്പത്തിക ഇടപാടുകൾ വിവാദമായത്.
പിന്നീട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇഡി പരിശോധന ഊർജിതമാക്കിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR