Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 മെയ് (H.S.)
പിണറായി വിജയന്റെ വീട്ടിൽ ഇ ഡി നടത്തുന്ന റെയ്ഡിനെ ശക്തമായി അപലപിക്കുന്നതായി മുൻമന്ത്രി സജി ചെറിയാൻ.
ജനാധിപത്യ വ്യവസ്ഥയിൽ അന്വേഷണ ഏജൻസികൾ ഭരണഘടനാപരമായ ഉത്തരവാദിത്വത്തോടെയും നിഷ്പക്ഷതയോടെയും പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളാണ്. എന്നാൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വിമർശനം രാജ്യത്ത് പലപ്പോഴും ഉയർന്നിട്ടുണ്ട്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തലമുതിർന്ന കമ്യൂണിസ്റ്റുമായ പിണറായി വിജയന്റെ വീട്ടിലുൾപ്പെടെ ഇ ഡി റെയ്ഡ് നടക്കുന്നുവെന്ന വാർത്തകൾ ഈ ആശങ്കകളെ വീണ്ടും ശക്തമാക്കുകയാണെന്ന് സജി ചെറിയാൻ പ്രസ്താവനയിൽ പറഞ്ഞു.
ഇഡി പോലുള്ള ഏജൻസികളുടെ നടപടികൾ നിയമപരമായ ഉത്തരവാദിത്വം ആകണം നിർവഹിക്കേണ്ടത്. മാധ്യമ വിചാരണയ്ക്കോ രാഷ്ട്രീയ പ്രചാരണത്തിനോ അവ ഉപകരണമാകരുത്. ഇതുവരെ കോടതിയിൽ കുറ്റം തെളിയിക്കപ്പെടാത്ത സാഹചര്യത്തിൽ, ഒരാളെ കുറ്റവാളിയെന്ന രീതിയിൽ ചിത്രീകരിക്കുന്നത് നീതിബോധത്തെയും ഭരണഘടനാ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഒരു സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ചുമതലകൾ നിർവഹിക്കുന്നവർക്കെതിരെ ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുമ്പോൾ അതിന്റെ രാഷ്ട്രീയ-ഭരണഘടനാ - ഫെഡറൽ സംവിധാനങ്ങളിലുള്ള വൈരുദ്ധ്യങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പ്രതിപക്ഷ നിരയിലുള്ള നേതാക്കൾക്കെതിരായ ഇഡി, സിബിഐ നടപടികൾ വർധിക്കുകയും പിന്നീട് അവ എല്ലാംതന്നെ നിയമപരമായി നിലനിൽക്കാതിരിക്കുകയും ചെയ്ത സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിനെ മദ്യനയത്തിന്റെ പേരിൽ വിചാരണത്തടവുകാരനായി അഞ്ചുമാസത്തോളം തിഹാർ ജയിലിൽ അടച്ച അനുഭവം നമുക്കു മുന്നിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം റെയ്ഡുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോ എന്ന സംശയം ഉയരുന്നത് സ്വാഭാവികമാണ്. നിയമത്തിന്റെ പേരിൽ രാഷ്ട്രീയ പ്രതികാര നടപടികൾ നടക്കുന്നതായി ജനങ്ങൾക്ക് തോന്നുന്ന അവസ്ഥ ജനാധിപത്യത്തിന് ആരോഗ്യകരമല്ല.
അന്വേഷണം നടത്തേണ്ടതുണ്ടെങ്കിൽ അത് തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; മാധ്യമങ്ങൾക്ക് മുന്നിൽ ദൃശ്യനാടകമൊരുക്കുന്ന രീതിയിലാകരുത്. കേന്ദ്ര ഏജൻസികൾ ഭരണഘടനാ സ്ഥാപനങ്ങളാണെങ്കിൽ അവയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടണം. അതിന് രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് അവ സ്വതന്ത്രമായി പ്രവർത്തിക്കുന്നുവെന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ലഭിക്കണം.
ജനാധിപത്യത്തിൽ ആശയങ്ങളെ ആശയങ്ങൾകൊണ്ടും രാഷ്ട്രീയത്തെ രാഷ്ട്രീയത്തിലൂടെയും നേരിടേണ്ടതാണ്; അന്വേഷണ ഏജൻസികളെ ആയുധമാക്കി എതിരാളികളെ തളർത്താനുള്ള ശ്രമങ്ങൾ ഒടുവിൽ ഭരണഘടനാ സംവിധാനങ്ങളിലുള്ള ജനവിശ്വാസത്തെയാണ് തകർക്കുകയാണെന്നും സജി ചെറിയാൻ വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR