മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകുന്നു
Newdelhi , 27 മെയ് (H.S.) മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് വഴിവെച്ചു. പ്രതിഷേധത്ത
M A Baby


Newdelhi , 27 മെയ് (H.S.)

മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് വഴിവെച്ചു. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള 100 ലേറെ നേതാക്കളെയും പ്രവർത്തകരെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സിപിഎം കേന്ദ്ര നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. “ഏകാധിപത്യ നീക്കങ്ങൾ അനുവദിക്കില്ല ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നത് അവസാനിപ്പിക്കണം” എന്നീ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പൊലീസ് തടയാൻ ശ്രമിച്ചതോടെ പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും, നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് തടയാനായി പ്രതിരോധം തീർക്കുകയും ചെയ്തു.

ബ്രിന്ദ കാരാട്ട് ഉൾപ്പെടെ ദേശീയ നേതാക്കൾ പ്രതിഷേധത്തിൽ

പ്രതിഷേധത്തിൽ മുതിർന്ന സിപിഎം നേതാവ് ബ്രിന്ദ കാരാട്ട്, അശോക് ധാവളെ, മറിയം ധാവളെ, വിജു കൃഷ്ണ ൻ, വിക്രം സിങ്, അനുരാഗ് സക്സേന തുടങ്ങിയ നേതാക്കളും പങ്കെടുത്തു. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുന്നതിനിടയിൽ, പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെ വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കയറ്റിയതും പ്രതിഷേധം കൂടുതൽ കടുപ്പിച്ചു. “പിണറായി വിജയനെ അപമാനിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർ ഇഡിയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ്,” ബ്രിന്ദ കാരാട്ട് ആരോപിച്ചു.

പിണറായി വിജയന് എക്സലോജിക് കേസുമായി ബന്ധമില്ല എം എ ബേബി

''കോടതികൾ പലവട്ടം പിണറായി വിജയന് എക്സാലോജിക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും വീണയുടെ പിതാവാണ് എന്ന കാരണത്താൽ പോലും അദ്ദേഹത്തെ വേട്ടയാടുകയാണ്,” എന്ന് എംഎ ബേബി ആരോപിച്ചു. മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെ റെയ്ഡ് നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന സൂചന നൽകുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള പിണറായി വിജയൻ്റെ വസതിയിൽ ഇഡി നടത്തിയ റെയ്ഡിന് പിന്നാലെ വലിയ സംഘർഷാവസ്ഥ ഉണ്ടായി. റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തുകയായിരുന്നു. ഇഷ്ടികയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് വാഹനത്തിൻ്റെ ചില്ലുകൾ തകർക്കാൻ ശ്രമിച്ചെന്നും, ഡ്രൈവർക്കു പരിക്കേറ്റതായും വിവരം ലഭിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

രാജ്യതലത്തിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സിപിഎം

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്ന് ആരോപിച്ച സിപിഎം, രാജ്യവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. അന്വേഷണത്തെ എതിർക്കുന്നില്ലെങ്കിലും, തെരഞ്ഞെടുത്ത രാഷ്ട്രീയ വേട്ട അംഗീകരിക്കില്ലെന്നുമാണ് പാർട്ടി നിലപാട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News