രാഷ്ട്രീയ പകപോക്കിലിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ഇഡി റെയ്ഡ് ശക്തമായി നേരിടും :എ പ്രദീപ് കുമാർ
Thiruvananthapuram , 27 മെയ് (H.S.) സിഎംആർഎൽ-എക്സാലോജിക്സ് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ അപ്രതീക്ഷിത റെയ്ഡ് കേരള രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചിരിക്
MASAPPADI CASE ED RAID


Thiruvananthapuram , 27 മെയ് (H.S.)

സിഎംആർഎൽ-എക്സാലോജിക്സ് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ വസതികളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നടത്തിയ അപ്രതീക്ഷിത റെയ്ഡ് കേരള രാഷ്ട്രീയത്തിൽ വൻ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര ഏജൻസിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയാടലാണിതെന്ന് ആരോപിച്ച് സിപിഎം സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങി.

ഇഡി നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ അണിനിരന്നതോടെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളെല്ലാം ഇപ്പോൾ കടുത്ത പ്രതിഷേധച്ചൂടിലാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പാർട്ടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇഡി ഓഫീസുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും മാർച്ചുകളും പ്രതിഷേധ പ്രകടനങ്ങളും നടക്കുകയാണ്.

രാഷ്ട്രീയ പകപോക്കിലിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ നടത്തുന്ന ഇഡി റെയ്ഡ് ശക്തമായി നേരിടുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം എ പ്രദീപ് കുമാർ പ്രതികരിച്ചു. കേന്ദ്രസർക്കാരിൻ്റെയും സംഘപരിവാറിൻ്റെയും രാഷ്ട്രീയപരമായ നീക്കമാണ് ഇഡി റെയ്ഡ് എന്ന് അദ്ദേഹം പ്രതികരിച്ചു. ഇ.ഡി റെയ്ഡ് നടത്തുന്ന എംഎൽഎ അഡ്വ പി എ മുഹമ്മദ് റിയാസിന്റെ വീടിൻ്റെ പരിസരത്ത് സന്ദർശനം നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രദീപ് കുമാർ.

തെരഞ്ഞെടുപ്പിന് മുമ്പെ ആസൂത്രണം ചെയ്ത സംഭവമാണ് ഇപ്പോൾ നടക്കുന്ന ഇഡി റെയ്ഡ് എന്നും പ്രദീപ്കുമാർ കുറ്റപ്പെടുത്തി. ഇത്തരത്തിൽ ഒരു ടാർജറ്റ് വെച്ചുകൊണ്ടുള്ള ഗ്രാൻഡ് ഡിസൈനാണ് ഇപ്പോൾ ഉണ്ടായത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി ഇതരകക്ഷിയായ കോൺഗ്രസിൽ നിന്നും ഇത്തരം ഒരു ആവശ്യം നേരത്തെ ഉയർന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആർ എസ് എസിൻ്റെ എക്സ്റ്റൻ്റഡ് വേർഷനാണ് ഇഡി. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവർ ഇന്ത്യയിൽ ആകമാനം ഇവരുടെ വേട്ടയാടലിന് ഇരയായി കൊണ്ടിരിക്കുകയാണ്. അവർക്ക് സഹായം ചെയ്ത് കൊടുക്കുന്ന കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിൽ വന്നു. അപ്പോൾ കോൺഗ്രസിൻ്റെ കൂടി ഒരു ആവശ്യമായാണ് ഇപ്പോഴത്തെ റെയ്ഡ് എന്നും പ്രദീപ് കുമാർ വ്യക്തമാക്കി.

കോഴിക്കോട് മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നടക്കുന്ന റെയ്ഡിൽ പ്രതിഷേധിച്ചാണ് കോഴിക്കോട് സിപിഎം നേതൃത്വം പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സിപിഎം നേതൃത്വത്തിൻ്റെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തി ആരെയും ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു.

സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെ ഭയപ്പെടുത്തിയാൽ മതിയെന്നും നിങ്ങൾ എത്രകണ്ട് അടിക്കുന്നുവോ അത്രകണ്ട് വാനിലേക്ക് ഉയരുന്ന ചരിത്രമാണ് സിപിഎമ്മിന് ഉള്ളതെന്നും മെഹബൂബ് വ്യക്തമാക്കി. ഇന്ന് രാവിലെ ആറുമണിയോടെയാണ് കോട്ടൂളിയിലെപണ്ടാരപ്പറമ്പിലുള്ള എംഎൽഎ അഡ്വ പി എ മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ ഇഡിയുടെ റെയ്ഡ് ആരംഭിച്ചത്.

കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് ഇഡി ഉദ്യോഗസ്ഥർ എംഎൽഎയുടെ പിതാവായ അബ്ദുൽ ഖാദർ ഐപി എസിൻ്റെ പേരിലുള്ള ഗ്രേസ് എന്ന വീട്ടിൽ എത്തിയത്. തുടർന്ന് രാവിലെത്തന്നെ പരിശോധന ആരംഭിച്ചു.പോലീസിനെയോ ഇന്റലിജൻസ് വിഭാഗങ്ങളെയോ മാധ്യമങ്ങളെയോ അറിയിക്കാതെയാണ് ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. നാട്ടുകാരിൽ നിന്നും വിവരമറിഞ്ഞാണ് മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ഉള്ളവർ സ്ഥലത്തെത്തിയത്. എന്നാൽ ആരെയും വീടിന് അകത്തേക്ക് കയറ്റിയില്ല. പ്രതിഷേധം ശക്തമായതോടെകോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൻ്റെ നേതൃത്വത്തിൽ വീടിന് പുറത്ത് സുരക്ഷ കർശനമാക്കി.

സംഭവം പുറത്തറിഞ്ഞതോടെ നിരവധി പേരാണ് വീടിന് സമീപത്ത് എത്തിയത്. രാവിലെ ആറുമണിക്ക് ആരംഭിച്ച ഇ ഡി റെയ്ഡ് ഇപ്പോഴും നീണ്ടു പോവുകയാണ്. അതോടൊപ്പം കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽസിപിഎം നേതൃത്വം ശക്തമായ പ്രതിഷേധവും ആസൂത്രണം ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News