Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 മെയ് (H.S.)
പിണറായിയുടെ വീട്ടിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇ ഡി റെയ്ഡ് ആസൂത്രിതമായ രാഷ്ട്രീയ വേട്ടയാണെന്ന് മുൻ മന്ത്രി എം ബി രാജേഷ് . ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷത്തിനെതിരായി നടന്ന ആക്രമണങ്ങൾക്ക് സമാനമാണ് ഈ ആക്രമണവും. ഇത് സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹത്തോടുകൂടിയാണ് സംഘപരിവാറും കേന്ദ്ര ബിജെപി ഗവൺമെൻ്റും നടത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യയിലെ ഏക ഇടതുപക്ഷ ഗവൺമെന്റിനെ തൂത്തെറിയുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രഖ്യാപിച്ചത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ്. എന്തുകൊണ്ടാണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചത് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയാണ്. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ അടച്ചതിലെ കോൺഗ്രസ് - ബിജെപി ഗൂഢാലോചനയാണ് ഇപ്പോൾ കേരളത്തിലും കാണുന്നത്. പിണറായിയെ എന്തുകൊണ്ട് വേട്ടയാടുന്നില്ല എന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ ആവശ്യം ഇപ്പോൾ കേന്ദ്ര ബിജെപി സർക്കാർ നിറവേറ്റുകയാണോ? ഇന്നലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രിയെ കണ്ട് 40 മിനിറ്റ് ചർച്ച നടത്തിയത്. തൊട്ടു പിന്നാലെ ഇന്ന് പുലർച്ചെ റെയ്ഡുകൾ ആരംഭിച്ചിരിക്കുന്നു. ഇടതുപക്ഷത്തെ തകർക്കാനുള്ള ബിജെപി- കോൺഗ്രസ് ഡീലാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ തെരഞ്ഞെടുപ്പ് കാലത്ത് ഡീൽ ഡീൽ എന്നാരോപിച്ച് ശ്രീ. വി ഡി സതീശൻ നടത്തിയ പ്രചാരണം ഈ വേട്ടയ്ക്ക് കളമൊരുക്കാൻ വേണ്ടിയിട്ടുള്ളതായിരുന്നു. ബിജെപിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് കളമൊരുക്കുന്ന കോൺഗ്രസും വലിയ വില കൊടുക്കേണ്ടിവരും.
ഇന്ദിരാഗാന്ധിയുടെ കിരാതമായ അടിയന്തരാവസ്ഥയിൽ, അന്ന് എംഎൽഎ ആയിരുന്ന പിണറായിയെ ലോക്കപ്പിലിട്ട് മർദ്ദിച്ച് ജീവഛവമാക്കിയിട്ടുണ്ട്. ആ മർദ്ദനത്തെ അതിജീവിച്ചാണ് അദ്ദേഹം ഉയർന്നുവന്നത്. പിണറായി വിജയൻ എല്ലാ കാലത്തും ആർഎസ്എസിന്റെ ഒരു ലക്ഷ്യമായിരുന്നു. രാകിമിനുക്കിയ കത്തി പിണറായി വിജയൻറെ കഴുത്തിനെ ലാക്കാക്കി എത്രയോ കാലം കേരളത്തിൽ ആർഎസ്എസ് കൊണ്ടു നടന്നിട്ടുണ്ട്. പിണറായി വിജയൻറെ തലയ്ക്ക് രണ്ടു കോടി രൂപ വിലയിട്ടത് മധ്യപ്രദേശിലെ ഒരു ആർഎസ്എസ് നേതാവാണ്. ശാരീരികമായി ഉന്മൂലനം ചെയ്യാൻ കഴിയാതെ വന്നപ്പോൾ ഈ വിധത്തിൽ വേട്ടയാടുകയാണ്.
2016 ൽ എൽഡിഎഫ് അധികാരത്തിൽ വന്ന കാലം മുതൽ ഇ ഡിയും സിബിഐയും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെല്ലാം വേട്ട ആരംഭിച്ചതാണ്. സ്വർണ്ണ കടത്തിന്റെ പേരിലും കിഫ്ബി മസാല ബോണ്ടിന്റെ പേരിലുമെല്ലാം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് പുതിയ കേസുമായി വരുന്നത്. ഇന്ത്യയിലെ ഒട്ടും വിശ്വാസ്യതയില്ലാത്ത അന്വേഷണ ഏജൻസിയാണ് ഇ ഡി. ആവശ്യമായ സമയത്തെല്ലാം രാഷ്ട്രീയ വേട്ടയ്ക്ക് ബിജെപി തുടലഴിച്ചുവിടുന്ന ഇഡിയുടെ കേസുകളിലെ ശിക്ഷാനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കി തീറ്റിപ്പോറ്റുന്ന ഒരു സംഘമാണ് ഇ ഡി.
സഖാവ് പിണറായി വിജയനും സിപിഐഎമ്മും എത്രയോ വേട്ടയാടലുകളെ അതിജീവിച്ചവരാണ്. ഇതിനെയും ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യുമെന്നും എം ബി രാജേഷ് വ്യക്തമാക്കി
---------------
Hindusthan Samachar / CHANDHU CHANDRASEKHAR