ഇഡിയുടെ വാഹനം അടിച്ചുതകര്ത്തു;പ്രതികരിച്ച് പിണറായി വിജയൻ
Thiruvananthapuram, 27 മെയ് (H.S.) മുന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് തലസ്ഥാനത്ത് വ്യാപക സംഘര്ഷം. മണിക്കൂറുകള് നീണ്ട പരിശോധനയ്ക്ക് പിന്നാലെ ഇഡിയുടെ വാഹനം സിപിഎം പ്രവര്ത്തകര് അടിച്ചുതകര്
ED RAID IN PINARAYI HOUSE


Thiruvananthapuram, 27 മെയ് (H.S.)

മുന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെ തുടർന്ന് തലസ്ഥാനത്ത് വ്യാപക സംഘര്ഷം. മണിക്കൂറുകള് നീണ്ട പരിശോധനയ്ക്ക് പിന്നാലെ ഇഡിയുടെ വാഹനം സിപിഎം പ്രവര്ത്തകര് അടിച്ചുതകര്ത്തു.

തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലുള്ള പിണറായി വിജയൻ്റെ വാടക വീട്ടിൽ നിന്നും മണിക്കൂറുകൾ നീണ്ട പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കല്ല്, ഇഷ്ടിക, വടി, എന്നിവ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. പൊലീസും കേന്ദ്ര സേനയും കാവലുണ്ടായിരുന്നെങ്കിലും ഇഡി ഉദ്യോഗസ്ഥരുടെ വാഹനവും ആക്രമിച്ചത് വലിയ സുരക്ഷാ വീഴ്ചയായി.

KL01 DA 296, KL 22 S 8016 എന്നീ നമ്പർ പ്ലേറ്റുള്ള കാറിൻ്റെ ഇരുവശങ്ങളിലെയും ചില്ലുകൾ അടിച്ച് തകർത്തു. മുൻവശത്തെ ചില്ലുകൾ ഇഷ്ടിക കൊണ്ട് എറിഞ്ഞാണ് തകർത്തത്. പിന്നിലെ ചില്ലുകൾക്ക് പുറമേ റിവ്യു മിററും കൈകൊണ്ട് അടിച്ചു തകർത്തു. സംഭവത്തിൽ വനിത ഉദ്യോഗസ്ഥയടക്കമുള്ളവർക്ക് പരിക്കേറ്റു. വാഹനത്തിൻ്റെ ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു.

തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ ഡ്രൈവര് പരാതി നൽകി. സംഭവത്തിൽ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റും അക്രമിക്കപ്പെട്ട വാഹനം സ്റ്റേഷനിൽ എത്തിക്കും. അതേസമയം, അക്രമികളെ തടയാന് പൊലീസ് ലാത്തി വീശി. പിന്നീട് പൊലീസും സിപിഎം പ്രവർത്തകരുമായി കൈയാങ്കളിയായി. കടകംപള്ളി സുരേന്ദ്രന് അടക്കമുള്ള മുതിർന്ന നേതാക്കൾ സംഭവ സ്ഥലത്തുണ്ടായിരുന്നു.

രാഹുൽ ഗാന്ധിക്ക് ഈ പരിശോധന സന്തോഷം നൽകുമെന്ന് പിണറായി

ഇഡി റെയ്ഡ് രാഹുൽ ഗാന്ധിക്ക് വലിയ സന്തോഷം നൽകുമെന്ന് പിണറായി വിജയന് പ്രതികരിച്ചു. എന്ത് കൊണ്ട് പിണറായി വിജയൻ്റെ വീട് റെയ്ഡ് ചെയ്യുന്നില്ല, എന്ത് കൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്നതായിരുന്നു രാഹുൽ ഗാന്ധി ചോദിച്ച ചോദ്യം. നമ്മുടെ രാജ്യത്തിലെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാക്കാലത്തും ബിജെപി സർക്കാർ തുടർന്ന വരുന്നത്. അതിനെതിരെ ശക്തമായ രപതിഷേധം രാജ്യവ്യാപകമായി ഉയർന്ന് വന്നിട്ടുണ്ട്. പക്ഷേ തങ്ങളുടെ പാർട്ടിക്കാരല്ലാത്തവർക്ക് നേരെ ഇഡിയുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

ഏതായാലും ഇത് കൊണ്ടെന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല. ഇത് ഒരു തുടക്കം മാത്രമായി കാണുന്നു. ഇത്തരത്തിലുള്ള ഏതെങ്കിലും നടപടികൾ കൊണ്ട് ഞങ്ങളെ തളർത്തി കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. പ്രകടമായി നാടിൻ്റെയും പാർട്ടി സഖാക്കളുടെയും വികാരം എല്ലാക്കാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് പാർട്ടി സഖാക്കളെ കൊത്തി വലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുള്ളത്. അതിന് ഒരു കുറവും ചാഞ്ചല്യവും ഇല്ലെന്നതാണ് ഇന്ന് സഖാക്കൾ വീണ്ടും വ്യക്തമാക്കിയിട്ടുള്ളത്. ഒരിക്കൽ കൂടി എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഏതിനെയും നേരിടാൻ ഇതാണ് നമ്മുടെ കരുത്ത്. പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും അതൊക്കെ പിന്നീട് പറയാമെന്നും പിണറായി കൂട്ടിച്ചേര്ത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News