Enter your Email Address to subscribe to our newsletters

Newdelhi, 27 മെയ് (H.S.)
ന്യൂഡൽഹി/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെ തിരുവനന്തപുരത്തുണ്ടായ ക്രൂരമായ അക്രമസംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര റിപ്പോർട്ട് തേടുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വിശ്വസനീയമായ കേന്ദ്രങ്ങൾ നൽകുന്ന സൂചന. തങ്ങളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ജീവനക്കാരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് കാണിച്ച് ഇഡി ഉദ്യോഗസ്ഥർ ഉടൻ തന്നെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകും.
കേരളത്തിൽ കേന്ദ്ര ഏജൻസിക്ക് നേരെ പരസ്യമായ ആക്രമണം ഉണ്ടായ സാഹചര്യത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ വീക്ഷിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള സംസ്ഥാന പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന പ്രാഥമിക വിലയിരുത്തലിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒരു മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തുമ്പോൾ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ട് മതിയായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്നാണ് ഉയരുന്ന ആക്ഷേപം. ഈ സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവിയോടും (ഡിജിപി) കേന്ദ്രം നേരിട്ട് വിശദീകരണം തേടിയേക്കും.
മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി സംഘത്തിന്റെ മൂന്ന് വാഹനങ്ങളാണ് സിപിഐഎം പ്രവർത്തകർ കല്ലെറിഞ്ഞും കൊടിമരങ്ങൾ ഉപയോഗിച്ചും അടിച്ചുതകർത്തത്. ആക്രമണത്തിൽ ഒരു ഇഡി വാഹനത്തിന്റെ ഡ്രൈവർക്ക് കണ്ണിന് ഗുരുതരമായി പരുക്കേൽക്കുകയും അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ജീവനക്കാരന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരള പൊലീസ് പരാജയപ്പെട്ടുവെന്നും, കൃത്യനിർവഹണത്തിനിടെ ജീവന് ഭീഷണിയുയരുന്ന സാഹചര്യമുണ്ടായെന്നും ഇഡി ഡയറക്ടറേറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ട്.
അക്രമത്തിൽ തകർന്ന ഇഡിയുടെ മൂന്ന് വാഹനങ്ങളും നിലവിൽ തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് മേൽ സമ്മർദ്ദമുണ്ട്. ഇഡി ഉദ്യോഗസ്ഥർ പരാതി നൽകുന്നതോടെ പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൂടുതൽ ശക്തമായ കേസുകൾ രജിസ്റ്റർ ചെയ്യേണ്ടി വരും. സംഭവത്തിൽ ഉൾപ്പെട്ട അക്രമികളെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ് ഉടൻ അറസ്റ്റ് ചെയ്യണമെന്ന കർശന നിർദ്ദേശവും കേന്ദ്ര ഏജൻസികൾ സംസ്ഥാന പൊലീസിന് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വലിയ രാഷ്ട്രീയ-നിയമ യുദ്ധമായി മാറാനാണ് സാധ്യത.
---------------
Hindusthan Samachar / Roshith K