ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടൽ; പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് ഒത്തുകളിയെന്ന് ജോൺ ബ്രിട്ടാസ് എംപി
Thiruvananthapuram , 27 മെയ് (H.S.) തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുൻനിര നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന മിന്നൽ പരിശോധനകൾ ശുദ്ധമായ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി.
ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടൽ; പ്രതിപക്ഷത്തിന്റേത് തിരഞ്ഞെടുപ്പ് ഒത്തുകളിയെന്ന് ജോൺ ബ്രിട്ടാസ് എംപി


Thiruvananthapuram , 27 മെയ് (H.S.)

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം മുൻനിര നേതാവുമായ പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന മിന്നൽ പരിശോധനകൾ ശുദ്ധമായ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ കുറേ കാലങ്ങളായി ബിജെപി നേതൃത്വവും കേന്ദ്ര സർക്കാരും കോൺഗ്രസും ഒത്തുചേർന്ന് നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമാണ് ഈ റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.

കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച ഈ ഇഡി നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് ഒത്തുകളിയുടെ ഭാഗമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയായാണ് കേന്ദ്ര ഏജൻസി ഇപ്പോൾ ഈ റെയ്ഡുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തീയിൽ കുരുത്ത നേതാവാണ് പിണറായി വിജയനെന്നും, ഇത്തരം 'ഓലപ്പാമ്പുകളെ' കാട്ടി അദ്ദേഹത്തെയോ ഇടതുപക്ഷ പ്രസ്ഥാനത്തെയോ ഭയപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി.

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസ് ഉയർത്തിക്കാട്ടിയാണ് ഇഡി ഇപ്പോൾ പരിശോധന നടത്തുന്നത്. എന്നാൽ ഈ വിഷയത്തിൽ പ്രതിപക്ഷത്തിന് ഇരട്ടത്താപ്പാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനം യാതൊരുവിധ സേവനങ്ങളും ചെയ്യാതെ ലക്ഷക്കണക്കിന് രൂപ നൽകിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രമുഖ നേതാക്കൾ നിലവിലെ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

യാതൊരു സേവനവും നൽകാതെ പണം കൈപ്പറ്റിയവരിൽ രണ്ടുപേർ നിലവിലെ സംസ്ഥാന സർക്കാരിലെ സജീവ മന്ത്രിമാരായി തുടരുമ്പോൾ, അവർക്കെതിരെ എന്തുകൊണ്ട് ഒരു തരത്തിലുള്ള അന്വേഷണവും പ്രഖ്യാപിക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് ചോദിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മാത്രം ലക്ഷ്യം വെക്കുകയും, സ്വന്തം പക്ഷത്തുള്ളവരുടെ അഴിമതികൾക്ക് നേരെ കണ്ണ് അടയ്ക്കുകയും ചെയ്യുന്ന ഇടിയുടെയും കേന്ദ്ര സർക്കാരിന്റെയും നയം തികച്ചും അപലപനീയമാണ്.

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി യാത്രയ്ക്ക് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഇഡിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായി ഇടതുപക്ഷത്തെ തകർക്കാൻ വേണ്ടി നിർമ്മിച്ച തിരക്കഥയാണ് ഇപ്പോൾ അരങ്ങേറുന്നത്. രാഷ്ട്രീയ പ്രേരിതമായ ഇത്തരം കള്ളക്കേസുകളെയും വേട്ടയാടലുകളെയും നിയമപരമായും ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും ശക്തമായി നേരിടുമെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News