Enter your Email Address to subscribe to our newsletters

Lahor, 27 മെയ് (H.S.)
ലാഹോർ: ചരിത്രപ്രസിദ്ധമായ ലാഹോർ നഗരത്തിലെ റോഡുകൾക്കും തെരുവുകൾക്കും വിഭജനത്തിന് മുൻപുള്ള പഴയ പേരുകൾ പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്നും കടുത്ത തീവ്രവാദ നിലപാടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സർക്കാർ താൽക്കാലികമായി പിന്മാറുന്നു. വിഭജനത്തിന് മുൻപുണ്ടായിരുന്ന ഹിന്ദു, സിഖ് പാരമ്പര്യമുള്ള പേരുകൾ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ തീവ്രവാദ ഗ്രൂപ്പുകളും സോഷ്യൽ മീഡിയ വ്ലോഗർമാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മറിയം നവാസ് സർക്കാർ പദ്ധതി മരവിപ്പിച്ചത്.
ലാഹോറിന്റെ സാംസ്കാരിക പൈതൃകം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ലാഹോർ ഹെറിറ്റേജ് ഏരിയ റിവൈവൽ' (LHAR) സമിതി ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരുന്നത്. പാകിസ്ഥാൻ മുസ്ലിം ലീഗ് (N) അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫും മകളും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസും സംയുക്തമായി പങ്കെടുത്ത യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
വിഭജനത്തിന് മുൻപ് ഹൈന്ദവ, സിഖ്, ബ്രിട്ടീഷ് സംസ്കാരങ്ങളുമായി ബന്ധപ്പെട്ടിരുന്ന ലാഹോറിലെ തെരുവുകളുടെ പഴയ പേര് വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
മതപരമായ നിറം നൽകി പ്രതിഷേധം
എന്നാൽ, ഈ തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ചില തീവ്രവാദ ഗ്രൂപ്പുകളും തീവ്ര നിലപാടുകാരായ വ്ലോഗർമാരും സർക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. പാകിസ്ഥാനിലെ നഗരങ്ങളിൽ 'ഹിന്ദു-സിഖ്' പേരുകൾ പുനഃസ്ഥാപിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന രീതിയിൽ ഇവർ ഈ തീരുമാനത്തിന് മതപരമായ നിറം നൽകി. പ്രതിഷേധം കനക്കുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന ഭീതി ഉയരുകയും ചെയ്തതോടെ, ഭരണം കയ്യാളുന്ന മറിയം നവാസ് സർക്കാർ പ്രതിരോധത്തിലാവുകയും താൽക്കാലികമായി പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ നിർബന്ധിതരാവുകയുമായിരുന്നു.
സർക്കാർ ഈ വിഷയത്തിൽ പെട്ടെന്ന് തന്നെ നിലപാട് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. റോഡുകളുടെ പേര് മാറ്റുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും വിഷയം ഇപ്പോഴും ചർച്ച ഘട്ടത്തിലാണെന്നും ലാഹോർ ഡെപ്യൂട്ടി കമ്മീഷണർ ക്യാപ്റ്റൻ മുഹമ്മദ് അലി ഇജാസ് വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി അംഗീകാരം നൽകിയ പദ്ധതിയാണെന്ന് ഓർമ്മിപ്പിച്ചപ്പോഴും, നിലവിൽ അങ്ങനെയൊരു തീരുമാനമില്ലെന്നാണ് ഭരണകൂടം നൽകുന്ന വിശദീകരണം.
വിവാദത്തിലായ ചരിത്രപ്പേരുകൾ
ലാഹോറിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ സ്വത്വവും നിലനിർത്താൻ പഴയ പേരുകൾ അത്യാവശ്യമാണെന്ന് ചരിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരും ദീർഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണ്. പതിറ്റാണ്ടുകളായി വിവിധ ഭരണകൂടങ്ങൾ ലാഹോറിലെ പഴയ പേരുകൾ മാറ്റി ഇസ്ലാമിക അല്ലെങ്കിൽ പ്രാദേശിക നേതാക്കളുടെ പേരുകൾ നൽകുകയായിരുന്നു.
-
ക്രിഷൻ നഗർ എന്നത് മാറ്റി ഇസ്ലാമ്പുര എന്നും,
-
സന്ത് നഗർ എന്നത് മാറ്റി സുന്നത്ത് നഗർ എന്നും,
-
ധരംപുര എന്നത് മുസ്തഫാബാദ് എന്നും,
-
ലക്ഷ്മി ചൗക്ക് എന്നത് മൗലാന സഫർ അലി ഖാൻ ചൗക്ക് എന്നുമാണ് മുൻപ് മാറ്റിയിരുന്നത്.
-
ഇതിനുപുറമെ ബ്രിട്ടീഷ് ഭരണകാലത്തെ ക്വീൻസ് റോഡ് (ഫാത്തിമ ജിന്ന റോഡ്), ജയിൽ റോഡ് (അല്ലാമ ഇഖ്ബാൽ റോഡ്) എന്നിവയുടെയും പഴയ പേരുകൾ തിരികെ കൊണ്ടുവരാൻ നിർദ്ദേശമുണ്ടായിരുന്നു.
-
ഭീഷണിയെ തുടർന്ന് സർക്കാർ പിന്നോട്ട് പോയതോടെ, ചരിത്രകാരന്മാരെയും ആർക്കിടെക്റ്റുകളെയും നഗര ആസൂത്രകരെയും പങ്കെടുപ്പിച്ച് സമിതി വീണ്ടും അടിയന്തര യോഗം ചേർന്നു. ലാഹോറിന്റെ യഥാർത്ഥ ചരിത്രം വരുംതലമുറയ്ക്കായി നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും പഴയ പേരുകൾ പുനഃസ്ഥാപിക്കണമെന്നുമാണ് ഭൂരിഭാഗം പണ്ഡിതന്മാരും യോഗത്തിൽ അഭിപ്രായപ്പെട്ടത്. എന്നാൽ മതമൗലികവാദികളുടെ കടുത്ത എതിർപ്പിനെ ഭയന്ന് ഈ പൈതൃക പദ്ധതി നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയിലാണ് നിലവിൽ പാകിസ്ഥാൻ ഭരണകൂടം
---------------
Hindusthan Samachar / Roshith K