Enter your Email Address to subscribe to our newsletters

Thiruvananthapuram , 27 മെയ് (H.S.)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന റെയ്ഡിനെക്കുറിച്ച് കേരള പൊലീസിനോ സംസ്ഥാന ആഭ്യന്തര വകുപ്പിനോ യാതൊരുവിധ മുൻകൂർ വിവരവും ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡിനായി സംസ്ഥാന പൊലീസിന്റെ യാതൊരുവിധ സഹായവും ഇഡി തേടിയിട്ടില്ലെന്നും കേന്ദ്രസേനകളുടെ സുരക്ഷയിലാണ് പരിശോധന നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
.
ഈ റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും കേരളത്തിലെ പൊലീസിനോ ആഭ്യന്തര വകുപ്പിനോ അറിയില്ല. നമ്മളെ ആരും അറിയിച്ചിട്ടുമില്ല, നമ്മുടെ സഹായം തേടിയിട്ടുമില്ല. ഡിജിപിയോടും ഹോം സെക്രട്ടറിയോടും ഞാൻ സംസാരിച്ചിരുന്നു. അവർക്കും ഇത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് അറിയിച്ചത്. എന്താണ് സംഭവമെന്ന് ഇഡിയുടെ ഉദ്യോഗസ്ഥരോട് തന്നെ ചോദിക്കണം, ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഡൽഹി യാത്രയും റെയ്ഡും തമ്മിൽ ബന്ധമില്ല
മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് റെയ്ഡ് നടന്നതെന്ന ആസൂത്രണ ആരോപണങ്ങളെ ചെന്നിത്തല പൂർണ്ണമായി തള്ളി . ഒരു മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണുന്നത് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായുള്ള സ്വാഭാവിക നടപടിക്രമം മാത്രമാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും എത്രയോ തവണ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. റൊട്ടീൻ ഗവൺമെന്റ് നടപടികളെ ഇത്തരം റെയ്ഡുകളുമായി കൂട്ടിക്കുഴയ്ക്കുന്നത് രാഷ്ട്രീയ ഉദ്ദേശത്തോടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .
സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്ന പ്രചാരണം പ്രതിപക്ഷത്തിന്റെ സ്ഥിരം പല്ലവിയാണ്. ഇത്രയും കാലം സിപിഎമ്മും ബിജെപിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധം. ആ ബന്ധം ഇപ്പോൾ എങ്ങനെ പൊളിഞ്ഞു, എന്ത് സംഭവിച്ചു എന്ന് അവരാണ് ജനങ്ങളോട് പറയേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു
.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും സ്വർണം കാണാനില്ലെന്ന് കാണിച്ച് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയെന്ന വാർത്തകളോടും മന്ത്രി പ്രതികരിച്ചു. ഇത് ഇപ്പോൾ നൽകിയ റിപ്പോർട്ടല്ലെന്നും ആറുമാസം മുമ്പ് സമർപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി . ക്ഷേത്രഭരണത്തിനായി പ്രത്യേക കമ്മിറ്റിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ആവശ്യമായ തുടർനടപടികൾ ദേവസ്വം വകുപ്പ് വിശദീകരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
.
സിഎംആർഎൽ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയെന്ന ജോൺ ബ്രിട്ടാസ് എംപിയുടെ ആരോപണങ്ങൾക്കും അദ്ദേഹം മറുപടി നൽകി. താൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്തെ കാര്യങ്ങളാണ് അവർ പറയുന്നത്. ഈ വിഷയത്തിൽ തന്റെ നിലപാട് മുൻപും വ്യക്തമാക്കിയതാണ്. കാലങ്ങളായി നടക്കുന്ന ഏത് അന്വേഷണത്തെയും ഭയമില്ലെന്നും അന്വേഷണങ്ങൾക്ക് താൻ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി
---------------
Hindusthan Samachar / Roshith K