പശ്ചിമ ബംഗാളിൽ കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; കൂട്ടത്തോടെ അതിർത്തിയിലേക്ക് മടങ്ങി നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർ
West Bengal , 27 മെയ് (H.S.) പശ്ചിമ ബംഗാളിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡിറ്റക്ട്, ഡിലീറ്റ്, ഡ
പശ്ചിമ ബംഗാളിൽ കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; കൂട്ടത്തോടെ അതിർത്തിയിലേക്ക് മടങ്ങി നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാർ


West Bengal , 27 മെയ് (H.S.)

പശ്ചിമ ബംഗാളിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിച്ച് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട് (കണ്ടെത്തുക, നീക്കം ചെയ്യുക, നാടുകടത്തുക) എന്ന നയത്തിന് അനുസൃതമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങളെത്തുടർന്ന്, തടങ്കൽ നടപടികൾ ഭയന്ന് വൻതോതിൽ ബംഗ്ലാദേശി പൗരന്മാർ അതിർത്തി ചെക്ക്പോസ്റ്റുകളിലേക്ക് മടങ്ങാൻ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ്, മാൽഡ തുടങ്ങിയ അതിർത്തി ജില്ലകളിൽ ബംഗ്ലാദേശിലേക്ക് തിരികെ പോകാനായി വൻ ജനക്കൂട്ടമാണ് ഒത്തുകൂടുന്നത്.

സംസ്ഥാനത്തെ നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ ക്യാമ്പയിൻ നയിച്ചാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. ഭരണത്തിലേറിയതിന് തൊട്ടുപിന്നാലെ, ബംഗ്ലാദേശി കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനായി മുഖ്യമന്ത്രി സുപ്രധാനമായ ഭരണപരമായ മാറ്റങ്ങൾ ഉത്തരവിട്ടിരുന്നു. പുതിയ നിർദ്ദേശപ്രകാരം, നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയതായി കണ്ടെത്തുന്നവരെ ഇനിമുതൽ കോടതികളിൽ ഹാജരാക്കി തടവിൽ പാർപ്പിക്കുന്നതിന് പകരം നേരിട്ട് അതിർത്തി രക്ഷാസേനയ്ക്ക് (BSF) കൈമാറി ഉടൻ തന്നെ നാടുകടത്താനാണ് പോലീസിനും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനും (RPF) നിർദ്ദേശം നൽകിയിരിക്കുന്നത്.

സിഎഎ (CAA) പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത എല്ലാ നിയമവിരുദ്ധ കുടിയേറ്റക്കാരും നുഴഞ്ഞുകയറ്റക്കാരാണ്. അവരെ ജയിലിലിട്ട് ജനങ്ങളുടെ നികുതിപ്പണം ദ്രോഹിക്കുന്നതിനേക്കാൾ നല്ലത് അതിർത്തി രക്ഷാസേനയ്ക്ക് കൈമാറി നാടുകടത്തുന്നതാണ്.

— മുഖ്യമന്ത്രി സുവേന്ദു അധികാരി

ഹൗറ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രമുഖ ഇടങ്ങളിൽ വെച്ച് പിടിക്കപ്പെടുന്ന ബംഗ്ലാദേശി പൗരന്മാരെ കോടതി നടപടികളിലേക്ക് നീക്കാതെ, ആവശ്യമായ ഭക്ഷണവും മറ്റ് പ്രാഥമിക സൗകര്യങ്ങളും നൽകി നേരിട്ട് ബോംഗാവിലെ പെട്രാപോൾ അതിർത്തിയിലോ ബസിർഹട്ടിലെ ബിഎസ്എഫ് ക്യാമ്പുകളിലോ എത്തിക്കാനാണ് നിർദ്ദേശം.

മാൽഡയിൽ ആദ്യ ഹോൾഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

നാടുകടത്തൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി വിദേശ പൗരന്മാരെ താൽക്കാലികമായി പാർപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 'ഹോൾഡിങ് സെന്ററുകൾ' സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. മാൽഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ ടൗണിലുള്ള ചന്ദൻ പാർക്കിലാണ് സംസ്ഥാനത്തെ ആദ്യ ഹോൾഡിങ് സെന്റർ പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിലവിൽ കുട്ടികളും സ്ത്രീകളും അടക്കം ഒൻപതോളം ബംഗ്ലാദേശി പൗരന്മാരെ താമസിപ്പിച്ചിരിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയിലും സിസിടിവി നിരീക്ഷണത്തിലുമാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെയെത്തിക്കുന്ന സംശയാസ്പദമായ വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുകയും കേന്ദ്ര ഡാറ്റാബേസിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യും. പരമാവധി 30 ദിവസത്തിനുള്ളിൽ ഇവരുടെ രേഖകൾ പരിശോധിച്ച് നാടുകടത്തൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

പുതിയ 'ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്' പ്രകാരം ഹെഡ് കോൺസ്റ്റബിൾ റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ തന്നെ സംശയാസ്പദമായ വിദേശികളെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകിയിട്ടുണ്ട്.

പശ്ചിമ ബംഗാൾ സർക്കാരിന്റെ ഈ കടുത്ത നിലപാടുകളെത്തുടർന്ന് വടക്കൻ 24 പർഗാനാസിലെ ഹക്കീംപൂർ ചെക്ക്പോസ്റ്റ് ഉൾപ്പെടെയുള്ള അതിർത്തികളിൽ ബംഗ്ലാദേശി പൗരന്മാർ സ്വമേധയാ തിരികെ പോകാനായി കൂട്ടത്തോടെ എത്തിച്ചേരുന്നുണ്ട്. മുൻ തൃണമൂൽ കോൺഗ്രസ് സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുമ്പോൾ, പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) പരിധിയിൽ വരുന്ന അഭയാർത്ഥികൾക്ക് ഈ നടപടികളിൽ നിന്ന് പൂർണ്ണ പരിരക്ഷയുണ്ടാകുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിന്റെ ജനസംഖ്യാ ഘടനയെയും ആഭ്യന്തര സുരക്ഷയെയും ബാധിക്കുന്ന നുഴഞ്ഞുകയറ്റ പ്രശ്നത്തിന് ഈ കർശന നടപടികളിലൂടെ ശാശ്വത പരിഹാരം കാണാനാകുമെന്നാണ് പുതിയ സർക്കാരിന്റെ വിലയിരുത്തൽ.

---------------

Hindusthan Samachar / Roshith K


Latest News