Enter your Email Address to subscribe to our newsletters

Kozhikode , 28 മെയ് (H.S.)
സൗദി ജയിലില് നിന്നും മോചിതനായ അബ്ദുല് റഹീമിന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി ബോബി ചെമ്മണ്ണൂര്.
ഇന്ന് രാവിലെയാണ് അബ്ദുള് റഹീം ജന്മനാട്ടിലെത്തിയത്. 20 വര്ഷത്തിന് ശേഷമാണ് റഹീം നാട്ടിലെത്തുന്നത്. രണ്ട് പതിറ്റാണ്ടോളം സൗദിയില് ജയിലില് ആയിരുന്നു റഹീം. രാവിലെ കരിപ്പൂര് വിമാനത്താവളത്തിലെത്തിയ റഹീമിന് വിപുലമായ സ്വീകരണമാണ് നാട്ടുകാരും സ്നേഹിതരും ഒരുക്കിയത്.
ബോബി ചെമ്മണ്ണൂരും റഹീമിനെ സ്വീകരിക്കാന് എത്തിയിരുന്നു. സൗദി ബാലന്റെ മരണത്തില് ശിക്ഷിക്കപ്പെട്ട റഹീമിനെ പുറത്തെത്തിക്കാനുള്ള ദിയാധനം ശേഖരിക്കാന് ബോബി ചെമ്മണ്ണൂര് അടക്കമുള്ളവര് നേതൃത്വം നല്കിയിരുന്നു. അബ്ദുള് റഹീമിന്റെ മോചനത്തിനായി ഒരു കോടി രൂപ കൈമാറിയ ബോബി ചെമ്മണ്ണൂര് അദ്ദേഹത്തിന്റെ ദിയാധന ശേഖരണത്തിനായി വലിയ ക്യാംപെയ്നും നടത്തിയിരുന്നു.
റഹീമിനെ പുറത്തിറക്കാന് ദിയാധനം ശേഖരിച്ച കേരള ജനതയ്ക്ക് നന്ദി പറയുന്നതായി ബോബി ചെമ്മണ്ണൂര് പറഞ്ഞു. ജാതി മതത്തിന് അതീതമായി എല്ലാവരും സഹകരിച്ചുവെന്നും ഇതൊരു വേള്ഡ് റെക്കോര്ഡ് ആണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. 36 കോടിക്ക് പകരം 40 കോടി നല്കി ഒരു വ്യക്തിയെ രക്ഷിക്കാന് ലോകത്ത് കേരളം മാത്രമെ ഉണ്ടായിട്ടുള്ളൂ എന്നും റഹീമിനെ കേരള ജനത ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നും ബോബി ചെമ്മണ്ണൂര് പറഞ്ഞു.
റഹീമിന് തന്റെ ജ്വല്ലറിയില് ജോലി നല്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൂടി അഭിപ്രായം തേടിയാകും അന്തിമ തീരുമാനമെടുക്കുക എന്നും ബോബി ചെമ്മണ്ണൂര് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവില് അധികൃതര് ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന് നടപടികള് വേഗത്തില് പൂര്ത്തിയായതോടെ റഹീമിന് പെരുന്നാള് ദിനം തന്നെ നാട്ടിലെത്താന് സാധിച്ചു.
അതേസമയം നാട്ടിലെത്തിയതിന് പിന്നാലെ എല്ലാവര്ക്കും നന്ദി പറഞ്ഞ് റഹീമും കുടുംബവും രംഗത്തെത്തി. നാട്ടില് തിരിച്ചെത്താന് കഴിയുമെന്ന് കരുതിയതല്ല എന്നും വല്ലാത്തൊരു വരവേല്പ്പാണ് ലഭിച്ചത് എന്നും റഹീം പറഞ്ഞു. ഇന്ന് രാവിലെ ഏകദേശം 7.35നാണ് അബ്ദുല് റഹീം കരിപ്പൂര് വിമാന താവളത്തിലിറങ്ങിയത്. കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുള് റഹീം സൗദി ബാലന്റെ മരണത്തില് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 2006 മുതല് ജയിലില് കഴിയുകയായിരുന്നു.
എന്നാല് ദിയാധനം നല്കിയതോടെ വധശിക്ഷ ഒഴിവാക്കി. മറ്റ് വകുപ്പുകളില് 20 വര്ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷാ കാലാവധിയാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. 2006 ലാണ് സൗദി ബാലന് അനസ് അല് ഫായിസിന്റെ കൊലപാതകക്കേസില് അബ്ദുള് റഹീം അറസ്റ്റിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.
ഷോപ്പിംഗിനായി പുറത്തുപോകുമ്പോള് ട്രാഫിക് സിഗ്നല് കട്ട് ചെയ്യാന് ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിടുകയും ഇത് അനുസരിക്കാതിരുന്ന റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പുകയും ചെയ്തു. ഇത് തടയാന് ശ്രമിച്ചപ്പോള് റഹീമിന്റെ അബദ്ധത്തില് കൈ അനസിന്റെ കഴുത്തിലെ ഉപകരണത്തില് തട്ടി. പിന്നാലെ അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്ക്ക് ശേഷം 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല് (34 കോടിയിലേറെ ഇന്ത്യന് രൂപ) ദിയാധനം നല്കിയതിന്റെ പശ്ചാത്തലത്തില് കോടതി റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR