സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു; ഡികെ ശിവകുമാര് കര്ണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും
Banglore , 28 മെയ് (H.S.) കർണാടക രാഷ്ട്രീയത്തില് നിർണ്ണായകമായ വഴിത്തിരിവ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചു. ഡികെ ശിവകുമാർ അടക്കമുളള നേതാക്കള്ക്കൊപ്പമാണ് വാർത്താ സമ്മേളനത്തില് സിദ്ധരാമയ്യ രാജിക്കാര്യം അറിയിച്ചത്.
Karnataka


Banglore , 28 മെയ് (H.S.)

കർണാടക രാഷ്ട്രീയത്തില് നിർണ്ണായകമായ വഴിത്തിരിവ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപിച്ചു.

ഡികെ ശിവകുമാർ അടക്കമുളള നേതാക്കള്ക്കൊപ്പമാണ് വാർത്താ സമ്മേളനത്തില് സിദ്ധരാമയ്യ രാജിക്കാര്യം അറിയിച്ചത്. കോണ്ഗ്രസ് ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ഗവർണർക്ക് നേരിട്ട് രാജി സമർപ്പിക്കാൻ സിദ്ധരാമയ്യയ്ക്ക് സാധിച്ചിട്ടില്ല. ഗവർണർ സ്ഥലത്ത് ഇല്ലാത്തത് കാരണം അദ്ദേഹത്തിന്റെ ഓഫീസില് രാജിക്കത്ത് എത്തിക്കുകയായിരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. തന്റെ ഭരണകാലയളവില് ജനക്ഷേമ പദ്ധതികള് നടപ്പിലാക്കാൻ സാധിച്ചതില് സംതൃപ്തിയുണ്ടെന്നും പാർട്ടിക്കുള്ളില് യാതൊരുവിധ ഭിന്നതകളുമില്ലെന്നും, പുതിയ സർക്കാരിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി ചുമതലയേല്ക്കും. കർണാടക കോണ്ഗ്രസ് പാർട്ടിക്കുള്ളില് ദീർഘനാളായി നിലനിന്നിരുന്ന അധികാര തർക്കങ്ങള്ക്കാണ് ഇതോടെ ശുഭപര്യവസാനമായിരിക്കുന്നത്.

സിദ്ധരാമയയ്യയും ഡികെ ശിവകുമാറും പാർട്ടി ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകള്ക്ക് ശേഷമാണ് ഈ തീരുമാനം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം മുതല്ക്കേ മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാറിന്റെ അനുയായികള് ശക്തമായി വാദിച്ചിരുന്നു. അന്ന് ഉണ്ടാക്കിയ രണ്ടര വർഷത്തെ അധികാര പങ്കാളിത്ത കരാർ അനുസരിച്ചാണ് ഇപ്പോള് ഈ നേതൃമാറ്റം നടപ്പിലാക്കുന്നത്.

രാജി പ്രഖ്യാപനത്തിന് ശേഷം പാർട്ടിയില് ഭിന്നതകളില്ലെന്ന് നേതാക്കള് വ്യക്തമാക്കി. പുതിയ മുഖ്യമന്ത്രിക്ക് കീഴില് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുമായി കോണ്ഗ്രസ് സർക്കാർ ശക്തമായി മുന്നോട്ട് പോകുമെന്ന് കോണ്ഗ്രസ് നേതൃത്വം അറിയിച്ചു. പുതിയ മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകള് ഇപ്പോള് സജീവമായി പുരോഗമിക്കുകയാണ്. 4 ഉപമുഖ്യമന്ത്രിമാർ എന്ന ഒത്തുതീർപ്പ് ഫോർമുലയാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് വിവരം. സിദ്ധരാമയ്യയുടെ മകൻ അടക്കമുളള നേതാക്കള് മന്ത്രിസഭയിലേക്ക് എത്തിയേക്കും.

മുഖ്യമന്ത്രി പദം ഒഴിഞ്ഞ സിദ്ധരാമയ്യയ്ക്ക് കോണ്ഗ്രസ് ദേശീയ നേതൃത്വത്തില് വലിയ പദവി നല്കിയേക്കുമെന്നാണ് സൂചന. അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാനും പാർട്ടി ആലോചിക്കുന്നുണ്ട്.

രാജിക്ക് തൊട്ടുമുമ്പുള്ള മണിക്കൂറുകളില് ബംഗളൂരുവിലെ തന്റെ ഔദ്യോഗിക വസതിയായ 'കാവേരി'യില് വെച്ച് സിദ്ധരാമയ്യ കാബിനറ്റ് സഹപ്രവർത്തകർക്കായി ഒരു പ്രഭാതഭക്ഷണ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഡി.കെ. ശിവകുമാർ ഉള്പ്പെടെയുള്ള മന്ത്രിമാരും മുതിർന്ന കോണ്ഗ്രസ് നേതാക്കളും ഈ യോഗത്തില് പങ്കെടുത്തു.

താൻ രാജിവെക്കാൻ തീരുമാനിച്ച വിവരം സിദ്ധരാമയ്യ സഹപ്രവർത്തകരെ അറിയിച്ചതോടെ വസതിയിലെ അന്തരീക്ഷം തികച്ചും വികാരാധീനമായി മാറിയെന്നാണ് റിപ്പോർട്ടുകള്. പ്രഭാതഭക്ഷണത്തിന് മുൻപായി ഡി കെ ശിവകുമാർ സിദ്ധരാമയ്യയെ കെട്ടിപ്പിടിക്കുകയും കാല് തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്ന ദൃശ്യങ്ങള് മുഖ്യമന്ത്രിയുടെ വസതിയില് നിന്ന് പുറത്തുവന്നിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News