Enter your Email Address to subscribe to our newsletters

Kasaragod , 28 മെയ് (H.S.)
ബെള്ളൂർ പള്ളപ്പാടിയിൽ ഭർതൃമതിയായ യുവതിയെ ഭർതൃവീട്ടിലെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളപ്പാടി സ്വദേശി സൈനുദ്ദീൻ്റെ ഭാര്യ സെറീന (27) ആണ് മരണപ്പെട്ടത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവമെന്ന് പറയുന്നു.ഗാർഹിക പീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചു.പരാതിയുമായി കുടുംബം രംഗത്തെത്തി.കർണാടക പുത്തൂർ സ്വദേശിയാണ് സെറീന.
കുട്ടികളില്ലാത്തതിൻ്റെ പേരിൽ ക്രൂരമായ മാനസിക പീഡനം
കുട്ടികൾ ഉണ്ടാകത്തതിൻ്റെ പേരിൽ ഭർതൃമാതാവിൻ്റെ മാനസിക പീഡനം ഉണ്ടായിരുന്നു എന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ആൾക്കാരുടെ മുന്നിൽ അപമാനിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു.
മാനസിക പീഡനം സഹിക്കാതെ വന്നതോടെയാണ് ആത്മഹത്യ ചെയ്തതെന്ന് സെറീനയുടെ സഹോദരൻ അബ്ദുൾ റഹ്മാൻ പറഞ്ഞു.ഭർതൃവീട്ടിലെ ഷെഡിലാണ് സെറീനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പൊലീസിൽ പരാതി നൽകി കുടുംബം; റിപ്പോർട്ട് മജിസ്ട്രേറ്റ് കോടതിയിലേക്ക്
സെറീന മരണപ്പെട്ട വിവരം ഭർത്താവിൻ്റെ വീട്ടുകാരാണ് ഫോൺ മുഖേന യുവതിയുടെ ബന്ധുക്കളെ അറിയിച്ചത്. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ സ്വദേശിയും സെറീനയുടെ സഹോദരനുമായ അബ്ദുൽ റഹ്മാൻ ആദൂർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
ആദൂർ പൊലീസ് സബ് ഇൻസ്പെക്ടർ എം സുജിലേഷ് ആണ് കേസിൻ്റെ പ്രാഥമിക അന്വേഷണം നടത്തുന്നത്. മേൽനടപടികൾക്കായി റിപ്പോർട്ട് കാസർകോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. നിയമപ്രകാരമുള്ള ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടരന്വേഷണ നടപടികൾ പോലീസ് വേഗത്തിലാക്കിയിട്ടുണ്ട്.കാസർകോട് ആവർത്തിക്കുന്ന ദുരന്തങ്ങൾ
കഴിഞ്ഞ ദിവസം ചെങ്കള പാണലത്തും ഭർതൃമതിയായ യുവതി ഭർത്താവിൻ്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്ന് ആസിഡ് കുടിച്ച് ജീവനൊടുക്കിയിരുന്നു. സ്വർണം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിച്ചതിന് പിന്നാലെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയും ഭർതൃമാതാവിനെയും പ്രതിചേർക്കുകയും ചെയ്തിരുന്നു.
ബദിയടുക്ക ചെർളടുക്കം സ്വദേശിനി ഫാത്തിമത്ത് സുഫൈദ ആണ് അന്ന് മരിച്ചത്. ഭർത്താവ് ആദിലിനെ (28)യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.ആ നടുക്കം മാറുന്നതിന് മുൻപാണ് കാസർകോട് ജില്ലയെ വീണ്ടും കണ്ണീരിലാഴ്ത്തി ബെള്ളൂരിലെ ഈ ദാരുണ സംഭവം പുറത്തുവരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR