Enter your Email Address to subscribe to our newsletters

Kannur , 28 മെയ് (H.S.)
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി റെയ്ഡിനെ സംബന്ധിച്ച ചോദ്യങ്ങളില് പ്രതികരിക്കാൻ തയ്യാറാവാത്തതില് മുഖ്യമന്ത്രി വിഡി സതീശനെതിരെ സിപിഎം നേതാവ് ഇപി ജയരാജൻ.
എന്തുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത് എന്ന് മനസിലാകുന്നില്ലെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയില് ഈ വിഷയത്തില് പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടോയെന്ന് രഹസ്യമായി ചോദിക്കാമെന്നും ഇപി ജയരാജൻ പരിഹസിച്ചു.
'ഞങ്ങളോട് വിരോധം ഉണ്ടാകും, പക്ഷേ ജനാധിപത്യത്തിന്റെ ഭരണനിർവഹണ രീതിയെ മറികടന്നുകൊണ്ട് കേന്ദ്രം ഇടപെടുമ്പോള് അതിനെ പൂർണമായും അവലംബിക്കാനും തെറ്റിനെ ചൂണ്ടിക്കാണിക്കാനുമാണ് കേരള ഗവണ്മെന്റ് തയ്യാറാകേണ്ടത്, മുഖ്യമന്ത്രി തയ്യാറാകേണ്ടത്.മുഖ്യമന്ത്രി എന്തുകൊണ്ടാണ് മൗനം ദീക്ഷിക്കുന്നതെന്ന് അറിയില്ല. അഞ്ചു തവണ മാധ്യങ്ങള് ചോദിച്ചിട്ടും അദ്ദേഹം മിണ്ടിയിട്ടില്ല. പല പ്രശ്നങ്ങളിലും അദ്ദേഹം മൌനം തുടരുകയാണ്. മുനമ്പം വിഷയം 10 ദിവസം കൊണ്ട് പരിഹരിക്കും എന്ന് പറഞ്ഞയാളാണ്, അധികാരത്തിലേറിയിട്ട് എത്ര ദിവസമായി. എന്തെങ്കലും നടപടി ഉണ്ടായോ? എല്ലാ കാര്യങ്ങളും പറയുമ്പോഴും ചെയ്യുമ്പോഴും ഒക്കെ നല്ല കരുതലും ഉണ്ടാകണം. ജനങ്ങള്ക്ക് വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ജനങ്ങള്ക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളില് നിർലോഭമായ പിന്തുണയും സഹായങ്ങളും കൊടുക്കാനാണ് ഒരു ഗവണ്മെന്റ് പ്രവർത്തിക്കേണ്ടത്.
'മുഖ്യമന്ത്രിയോട് മോദി മിണ്ടരുത് എന്ന് പറഞ്ഞിട്ടുണ്ടോ എന്ന് രഹസ്യമായി ചോദിക്കാം
പരസ്യമായി ചോദിച്ചാല് അദ്ദേഹം പറഞ്ഞെന്ന് വരില്ല. അതിനാല് സ്വകാര്യമായി ചോദിക്കുന്നതാണ് നല്ലത്. ഞങ്ങള് ഇപ്പോള് പരാജയപ്പെട്ടിരിക്കുന്നു, എന്നാല് ഇരിക്കട്ടെ ഒരു ആക്രമണം കൂടി എന്നുള്ളതുകൊണ്ട് ഇഡിയെ ഉപയോഗിച്ച് ഇത്തരം ചില നീക്കം നടത്തിയാല് അതുകൊണ്ടൊന്നും തകരുന്നതല്ല സിപിഎം .അത് ചെയ്യിക്കുന്നവർ മനസ്സിലാക്കണം. അത് കണ്ടിട്ടാണ് ഇത്തരം ഒരു ഡീലുമായിട്ട് പുറപ്പെട്ടിട്ടുള്ളത്. ആ ഡീല് കൊണ്ടൊന്നും കേരളത്തില് ഇടതുപക്ഷ പ്രസ്ഥാനത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇത്തരം നടപടികളില് നിന്ന് അവർ പിന്തിരിയണം എന്നാണ് ഞങ്ങള് അഭ്യർത്ഥിക്കുന്നത്', അദ്ദേഹം പറഞ്ഞു.
ഇഡി റെയ്ഡ്; അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വസതിയില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില് ശക്തമായി അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക. വലതുപക്ഷ ശക്തികളുടെ രാഷ്ട്രീയ പകപോക്കല് നേരിടുന്ന, പിണറായി വിജയനും സിപിഎമ്മിനും കേരളത്തിലെ തൊഴിലാളി-കർഷക ജനവിഭാഗങ്ങള്ക്കും കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർടിയുടെ അന്താരാഷ്ട്ര വിഭാഗം പ്രസ്താവനയും പുറപ്പെടുവിച്ചു.
കേരളത്തിലെ തൊഴിലാളികളുടെയും കർഷകരുടെയും പാർശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും അവകാശങ്ങള്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കുന്ന ജനകീയ നേതാവാണ് പിണറായി വിജയനെന്ന് പാർട്ടി പ്രസ്താവനയില് പറഞ്ഞു. കേരളത്തില് അധികാരത്തിലിരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകള് ജനപക്ഷ ബദല് സാധ്യമാണെന്ന് ലോകത്തിന് മുന്നില് തെളിയിച്ചവരാണ്. ഈ ജനകീയ ബദലിനെ അസഹിഷ്ണുതയോടെയാണ് വലതുപക്ഷ ശക്തികള് നോക്കിക്കാണുന്നത്. അതിന്റെ പ്രതിഫലനമാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഈ വേട്ടയാടല്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ഇത്തരം ഭീഷണികള് കൊണ്ടോ വേട്ടയാടലുകള് കൊണ്ടോ ഇടതുപക്ഷത്തെ നിശബ്ദമാക്കാൻ കഴിയില്ലെന്ന് കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ശ്രീലങ്ക വ്യക്തമാക്കി. പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തില് ചെങ്കൊടി കൂടുതല് ഉയരത്തില് പറക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയില് പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR