Enter your Email Address to subscribe to our newsletters

Banglore , 28 മെയ് (H.S.)
കർണാടക രാഷ്ട്രീയത്തില് നാടകീയ നീക്കങ്ങള്ക്കൊടുവില് വലിയൊരു അധികാര കൈമാറ്റത്തിന് വഴിതെളിയുന്നു. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സ്ഥാനം ഒഴിയുമെന്നും അടുത്ത മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ചുമതലയേല്ക്കുമെന്നും ഉറപ്പായിരിക്കുകയാണ്.
വൈകിട്ട് മൂന്ന് മണിയോടെ സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചേക്കും.
ഡല്ഹിയില് കോണ്ഗ്രസ് ഹൈക്കമാൻഡുമായി നടത്തിയ സുപ്രധാന ചർച്ചകള്ക്ക് ശേഷമാണ് ഈ തീരുമാനം. പാർട്ടി താല്പര്യങ്ങള് മുൻനിർത്തിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള് ലക്ഷ്യം വെച്ചും ഹൈക്കമാൻഡിന്റെ നിർദ്ദേശം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
നിലവിലെ ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ പാർട്ടിയെ അധികാരത്തില് എത്തിക്കുന്നതില് നിർണായക പങ്ക് വഹിച്ച നേതാവ് കൂടിയാണ്. ഡികെയ്ക്ക് മുഖ്യമന്ത്രി പദവി നല്കണമെന്നത് അദ്ദേഹത്തിന്റെ അനുയായികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു. ഹൈക്കമാൻഡ് ഒടുവില് ഇതിന് പച്ചക്കൊടി കാട്ടുകയായിരുന്നു.
തനിക്ക് ശേഷം ഡികെ ശിവകുമാർ സംസ്ഥാനത്തെ നയിക്കുമെന്നും, പാർട്ടിയില് യാതൊരുവിധ ആഭ്യന്തര തർക്കങ്ങളും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. സിദ്ധരാമയ്യയ്ക്ക് പാർട്ടിയില് മറ്റ് സുപ്രധാന ചുമതലകള് നല്കിയേക്കും. അധികാര മാറ്റം നടക്കുമ്പോള് സമവായ ഫോർമുലയും ചർച്ചകളിലുണ്ട്. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേല്ക്കുമ്പോള് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളെയും വിവിധ സമുദായങ്ങളെയും തൃപ്തിപ്പെടുത്താനായി ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്ന ഫോർമുലയും കോണ്ഗ്രസ് നടപ്പിലാക്കാൻ സാധ്യതയുണ്ട്. ലിംഗായത്ത്, ദളിത്, മുസ്ലീം, ഒബിസി വിഭാഗങ്ങള്ക്ക് പ്രാതിനിധ്യം നല്കിക്കൊണ്ടുള്ള ഒരു മന്ത്രിസഭയായിരിക്കും വരാൻ പോകുന്നത്.
മുഖ്യമന്ത്രി സ്ഥാനം കൈമാറുമ്പോള് തന്റെ അടുത്ത അനുയായികള്ക്കായി സിദ്ധരാമയ്യ നാല് ഉപമുഖ്യമന്ത്രി പദവികള് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല് ഈ നീക്കത്തോട് ഡികെ ശിവകുമാറിന് താല്പര്യമില്ലെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ ഉള്പ്പെടെയുള്ള ചില പേരുകള് ചർച്ച ചെയ്യപ്പെടുന്നുണ്ട്. യതീന്ദ്ര മന്ത്രിസഭയില് ഉള്പ്പെടുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണെങ്കിലും, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രി പദവിയും ലഭിച്ചേക്കാം
വടക്കൻ കർണാടകയിലെ ശക്തനായ ലിംഗായത്ത് നേതാവും സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമാണ് എംബി പാട്ടീല്, വടക്കൻ കർണാടകയില് നിന്നുള്ള മറ്റൊരു ശക്തനായ നേതാവും ലിംഗായത്ത് സമുദായത്തിന്റെ പ്രതിനിധിയുമായ ഈശ്വർ ഖണ്ഡ്രെ, മുതിർന്ന നേതാവായ ഡോ. ജി പരമേശ്വര, മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മുസ്ലീം വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ പ്രമുഖ നേതാക്കളായ സമീർ അഹമ്മദ്, യുടി ഖാദർ എന്നിവരുടെ പേരുകളാണ് പ്രധാനമായ ചർച്ചകളിലുളളത്. ഇതിനുപുറമെ പഴയ മൈസൂരു മേഖലയിലെ മുതിർന്ന നേതാവും മുഖ്യമന്ത്രിയുടെ അടുത്ത അനുയായിയുമായ എച്ച് സി മഹാദേവപ്പയുടെ പേരും ചർച്ചകളില് സജീവമാണ്.
സ്ഥാനമൊഴിയുന്ന സിദ്ധരാമയ്യയെ വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലൂടെ പാർലമെന്റിലേക്ക് അയക്കാനുള്ള സാധ്യതകളാണ് ഹൈക്കമാൻഡ് ആരായുന്നത്. ഇതിനുപുറമെ, ദേശീയ തലത്തില് പിന്നാക്ക വിഭാഗങ്ങളുടെ കമ്മിറ്റിയില് ഒരു പ്രധാന ചുമതലയും അദ്ദേഹത്തിന് വാഗ്ദാനം ചെയ്തേക്കാം. പുതിയ മന്ത്രിസഭയിലെ പ്രധാന മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതിലും കർണാടകയിലെ ഭാവി രാഷ്ട്രീയ ഘടന രൂപീകരിക്കുന്നതിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങള്ക്ക് മുൻഗണന നല്കുമെന്നും ഹൈക്കമാൻഡ് ഉറപ്പുനല്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR