Enter your Email Address to subscribe to our newsletters

Faridabad, 28 മെയ് (H.S.)
അത്യപൂർവ സാഹചര്യത്തിൽ നിന്നും രണ്ട് വയസുകാരൻ്റെ ജീവൻ തിരിച്ചുപിടിച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാർ. ടിവി റിമോട്ടിലെ ചെറിയ ബൾബ് പോലെയുള്ള ഐആർ എൽഇഡി ഭാഗം കുട്ടിയുടെ ശ്വാസകോശത്തിൽ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നതിനെ തുടർന്ന് ഗുരുതര ശ്വാസതടസം കുഞ്ഞിന് അനുഭവപ്പെട്ടിരുന്നു. സങ്കീർണമായ ബ്രോങ്കോസ്കോപ്പി ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ഈ സാഹചര്യത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചെടുത്തത്.
ആദ്യം സാധാരണ അണുബാധയെന്ന് കരുതി
മേയ് 11 നാണ് കുട്ടിയെ പ്രാദേശിക ആശുപത്രിയിലെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. തുടർച്ചയായ ചുമ, ശ്വാസംമുട്ടൽ, ശബ്ദത്തോടെ ശ്വസിക്കൽ (സ്ട്രൈഡർ), ഇടയ്ക്കിടെ പനി തുടങ്ങിയ ലക്ഷണങ്ങളാണ് കുട്ടിക്ക് ഉണ്ടായിരുന്നത്. ആദ്യം മാതാപിതാക്കൾ ഇത് സാധാരണ ശ്വാസകോശ അണുബാധയെന്ന് കരുതി സമീപത്തെ ശിശുരോഗ വിദഗ്ദൻ്റെ അടുത്ത് ചികിത്സ തേടി. എന്നാൽ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല.
ടിവി റിമോട്ടിലെ ഭാഗം വിഴുങ്ങിയതായി സംശയം
പരിശോധനയ്ക്കിടെ ഏകദേശം ഒരാഴ്ച മുൻപ് കുട്ടി ടിവി റിമോട്ടിലെ ചെറിയ ബൾബ് പോലെയുള്ള ഭാഗം കൈയിൽ പിടിച്ച് കളിച്ചിരുന്നുവെന്ന് മാതാപിതാക്കൾ ഓർത്തെടുത്തു. ആ ഭാഗം അബദ്ധത്തിൽ തൊണ്ടയിലൂടെ അകത്തേക്ക് പോയിരിക്കാമെന്ന സംശയം ഉയർന്നു. തുടർന്ന് കുട്ടിയെ ഉടൻ തന്നെ അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തു.
ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയിൽ റിമോട്ടിലെ ഐആർ എൽഇഡി കുട്ടിയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ബ്രോങ്കസിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഗ്ലാസ് ഘടകങ്ങളും ലോഹ വയറുകളും ഉൾപ്പെട്ട ഭാഗമായതിനാൽ അതീവ അപകടസാധ്യതയുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. ഒരാഴ്ചക്കാലം അതേ സ്ഥാനത്ത് കുടുങ്ങിയതിനാൽ ശക്തമായ അണുബാധയും ഗ്രാനുലേഷൻ ടിഷ്യൂ രൂപീകരണവും ഉണ്ടായിരുന്നതായും അവർ വ്യക്തമാക്കി.
വിവിധ വിഭാഗങ്ങൾ ചേർന്ന് അടിയന്തര ശസ്ത്രക്രിയ
സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പീഡിയാട്രിക് പൾമനോളജി, അഡൾട്ട് പൾമനോളജി, പീഡിയാട്രിക് അനസ്തീഷ്യ,ഇഎൻടി വിഭാഗങ്ങളിലെ വിദഗ്ദർ ചേർന്ന് അടിയന്തര ബ്രോങ്കോസ്കോപ്പിക്ക് തയ്യാറായി. ഡോ മനീന്ദർ ധാലിവാൾ, ഡോ സൗരഭ് പഹൂജ, ഡോ റിധിമ ഭാടിയ എന്നിവരുള്പ്പെടെയുള്ള വിദഗ്ദ സംഘമാണ് ശസ്ത്രക്രിയ നയിച്ചത്.
ആധുനിക ബ്രോങ്കോസ്കോപ്പി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് റിമോട്ടിലെ ഭാഗം സുരക്ഷിതമായി പുറത്തെടുക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. ശസ്ത്രക്രിയ പൂർത്തിയായ ഉടൻ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലായി. ചികിത്സയ്ക്ക് പിന്നാലെ അടുത്ത ദിവസം തന്നെ കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
ഇത്തരം സാഹചര്യങ്ങൾ ഒരിക്കലും അവഗണിക്കരുത് എന്ന് ഡോക്ടർമാർ
ഈ അടിയന്തര സാഹചര്യത്തിൽ സമയബന്ധിതമായ തിരിച്ചറിവും വിവിധ വിദഗ്ധ വിഭാഗങ്ങളുടെ ഏകോപനവുമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായത് എന്ന് ഡോക്ടർമാർ പ്രതികരിച്ചു.കുട്ടികളിൽ പ്രത്യേകിച്ച് എന്തെങ്കിലും വസ്തു തൊണ്ടയിൽ കുടുങ്ങിയതിന് ശേഷം പെട്ടെന്ന് ചുമ, ശ്വാസതടസ്സം, ശബ്ദത്തോടെ ശ്വസിക്കൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത് എന്ന മുന്നറിയിപ്പും അവർ നൽകി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR