Enter your Email Address to subscribe to our newsletters

Thiruvananthapuram , 28 മെയ് (H.S.)
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ആഭ്യന്തരകലഹത്തിൽപ്പെട്ട് ചിതറിയ സിപിഎം അണികൾക്ക് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വസതിയിൽ നടന്ന എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡിനു പിന്നാലെ ലഭിച്ചത് പുതിയ രാഷ്ട്രീയ ഊർജം. ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്ത് എത്താൻ കാരണമായെന്ന് കീഴ്ഘടകങ്ങളിൽ പോലും വിമർശിക്കപ്പെട്ട പിണറായി വിജയനെ വില്ലൻ സ്ഥാനത്തു നിന്നും വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നേതൃത്വത്തിൻ്റെ ശ്രമം ഇഡി റെയ്ഡിലൂടെ സാധ്യമായി.
തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി കഴിഞ്ഞ് 24 ദിവസത്തിനുശേഷം പിണറായി മാധ്യമങ്ങൾക്കും അണികൾക്കും മുന്നിലെത്തിയത് ഇരവാദത്തിലൂന്നിയ നായകവേഷത്തിലാണ്. വിവിധ കമ്മിറ്റികളിൽ സജീവമായി നടന്നിരുന്ന തെരഞ്ഞെടുപ്പ് അവലോകന ചർച്ചകളും ഇതോടെ വഴി മാറി. സിപിഎമ്മിനും പിണറായിക്കുമെതിരെയുള്ള ബിജെപി, കോൺഗ്രസ് വേട്ടയാടലാണ് ഇപ്പോഴുള്ള സജീവ ചർച്ച. ബിജെപിക്കും കോൺഗ്രസിനും എതിരായ ശക്തമായ പ്രതിഷേധത്തിന് അണികൾക്ക് സിപിഎം നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തോടെ നിരാശരായ അണികളെ വീണ്ടും ഒന്നിപ്പിക്കാൻ ഈ റെയ്ഡ് വഴി പുതിയൊരു രാഷ്ട്രീയ ആയുധം ലഭിച്ചെന്നാണ് മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. പാർട്ടിയിൽ വർഷങ്ങളായി ചോദ്യം ചെയ്യപ്പെടാതിരുന്ന പിണറായി വിജയൻ്റെ നേതൃത്വം ഏരിയ കമ്മിറ്റികളിൽ പോലും വിമർശിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അത്തരമൊരു സമയത്താണ്, എക്സാലോജിക് കേസിൽ പ്രതിയാക്കപ്പെട്ട വീണ താമസിക്കുന്ന തിരുവനന്തപുരത്തെ വീട്ടിൽ ഇഡി റെയ്ഡ് നടന്നത്. അത് പിണറായിക്കു നേരെയുള്ള വേട്ടയാടലായി ചിത്രീകരിക്കാനും അണികളെ ഉണർത്താനും ചടുലനീക്കങ്ങൾ നടത്താനും സിപിഎമ്മിനായി. നിമിഷനേരം കൊണ്ട് പിണറായി വിജയനെന്ന നേതാവിനു ചുറ്റും പാർട്ടിയെ ഏകോപിപ്പിക്കാനും സിപിഎം നേതൃത്വത്തിനായി.
കഴിഞ്ഞ നാലിന് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയിരുന്നില്ല. പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റശേഷവും പിണറായി വാർത്താ സമ്മേളനവും വിളിച്ചിരുന്നില്ല. കനത്ത തോൽവി കഴിഞ്ഞ് 24 ദിവസത്തിനുശേഷമാണ് കഴിഞ്ഞ ദിവസം പിണറായി മാധ്യമങ്ങൾക്കു മുന്നിലും അണികൾക്കു മുന്നിലുമെത്തിയത്. പിണറായിക്ക് ക്യാമറകൾക്കു മുന്നിൽ തോൽവിയെക്കുറിച്ച് പ്രതികരിക്കേണ്ടി വന്നില്ല. വേട്ടയാടപ്പെടുന്നവൻ്റെ പരിവേഷത്തിൽ, 'നമുക്ക് ഒന്നിച്ച് പോരാടാം' എന്ന് പിണറായി പറഞ്ഞപ്പോൾ വിമർശനങ്ങളെല്ലാം മാറ്റിവച്ച് അണികൾ വീണ്ടും ക്യാപ്റ്റനു പിന്നിൽ ചുവടുറപ്പിക്കുകയായിരുന്നു. റെയ്ഡിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇഡി ഓഫീസിനുനേരെ പ്രതിഷേധ മാർച്ച് നടത്തിയ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ വാർത്തയേക്കാൾ പ്രാധാന്യം ലഭിച്ചത് പിണറായി വിജയൻ്റെ വാക്കുകൾക്കാണ്.
പാർട്ടിയെ സംബന്ധിച്ച് ഏറ്റവും നിർണായകമായ ഘട്ടത്തിലാണ് ഈ റെയ്ഡ് നടന്നതെന്നും പരിശോധന ആസൂത്രണം ചെയ്തവർക്ക് ഇതിൻ്റെ ആഘാതത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകൾ തെറ്റിപ്പോയെന്നും ഒരു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പറഞ്ഞു. അണികൾക്കിടയിൽ കെട്ടുറപ്പുണ്ടാക്കാനും പാർട്ടിക്കുള്ളിൽ പിണറായിയുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും റെയ്ഡ് സഹായിച്ചതായി ഒരു സംസ്ഥാന കമ്മിറ്റിയംഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് അവലോകന ചർച്ചകൾ കീഴ്ഘടകങ്ങളിൽ നടക്കുകയാണ്. തോൽവിക്കുള്ള കാരണം കണ്ടെത്തുന്നതോടൊപ്പം ബിജെപിയുടെയും കോൺഗ്രസിൻ്റെയും 'സിപിഎം വേട്ടയാടൽ' ചർച്ചയാക്കാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളെ വേട്ടയാടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന ആരോപണമാണ് സജീവ ചർച്ചയാകുന്നത്. ജൂൺ അഞ്ചുമുതൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്യാനിരിക്കെയാണ് ഇഡി റെയ്ഡ് നടന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR