Enter your Email Address to subscribe to our newsletters

Bengaluru, 28 മെയ് (H.S.)
**ബെംഗളൂരു:** കർണാടക രാഷ്ട്രീയത്തിൽ വൻ അഴിച്ചുപണി. മൂന്ന് വർഷം പിന്നിട്ട കോൺഗ്രസ് സർക്കാരിൽ നേതൃമാറ്റം ഉറപ്പായി. മുഖ്യമന്ത്രി സിദ്ധരാമയ്യ പദവി ഒഴുിയാൻ തീരുമാനിച്ചു. നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. വ്യാഴാഴ്ച (മെയ് 28) രാവിലെ ബെംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന മന്ത്രിമാരുടെ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. ഉച്ചയ്ക്ക് ശേഷം അദ്ദേഹം രാജ്ഭവനിലെത്തി ഔദ്യോഗികമായി രാജി കത്ത് സമർപ്പിക്കും. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ മെയ് 30 ശനിയാഴ്ച നടക്കുമെന്നാണ് സൂചന.
**പ്രഭാതഭക്ഷണ യോഗത്തിലെ നാടകീയ രംഗങ്ങൾ**
തന്റെ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കായി സിദ്ധരാമയ്യ ഒരുക്കിയ പ്രഭാതഭക്ഷണ യോഗം വൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. യോഗത്തിൽ വെച്ച് താൻ മുഖ്യമന്ത്രി പദം രാജിവെയ്ക്കുകയാണെന്ന് സിദ്ധരാമയ്യ ഔദ്യോഗികമായി മന്ത്രിമാരെ അറിയിച്ചു. തുടർന്ന് ഡി.കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം തന്നെ നിർദ്ദേശിക്കുകയും എല്ലാവരുടെയും പിന്തുണ ശിവകുമാറിന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ പാദങ്ങൾ തൊട്ട് വണങ്ങുകയും ഇരുവരും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു. പാർട്ടിക്കുള്ളിൽ യാതൊരുവിധ ഭിന്നതകളും തർക്കങ്ങളും ഇല്ലെന്നും ഐകകണ്ഠ്യേനയാണ് ഈ തീരുമാനമെന്നും മന്ത്രി എച്ച്.കെ. പാട്ടീൽ സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തെ സഹകരണത്തിന് സിദ്ധരാമയ്യ എല്ലാ മന്ത്രിമാർക്കും നന്ദി രേഖപ്പെടുത്തി.
**ഹൈക്കമാൻഡിന്റെ ഇടപെടലും രാഹുൽ ഗാന്ധിയുടെ സന്ദേശവും**
കഴിഞ്ഞ ചൊവ്വാഴ്ച സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് നേതൃമാറ്റത്തിന് വഴിയൊരുങ്ങിയത്. സംസ്ഥാനത്ത് ഭരണം കൈമാറണമെന്ന സന്ദേശം രാഹുൽ ഗാന്ധിയിൽ നിന്ന് നേരിട്ട് ലഭിച്ചതിനാലാണ് സിദ്ധരാമയ്യ പദവി ഒഴിയാൻ സന്നദ്ധനായത്. രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ താൻ പദവി ഒഴിഞ്ഞുതരുമെന്ന് സിദ്ധരാമയ്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സിദ്ധരാമയ്യയ്ക്ക് ഹൈക്കമാൻഡ് രാജ്യസഭാ സീറ്റും കേന്ദ്ര രാഷ്ട്രീയത്തിൽ വലിയൊരു പദവിയും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിലവിൽ അദ്ദേഹം അത് നിരസിച്ചതായാണ് വിവരം. കർണാടക രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. രാജി സമർപ്പിച്ച ശേഷം അദ്ദേഹം ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് നന്ദി അറിയിക്കും.
**അധികാര സമവാക്യങ്ങളും പുതിയ ഉപമുഖ്യമന്ത്രിമാരും**
ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ സംസ്ഥാനത്തെ വിവിധ സമുദായങ്ങളെ തൃപ്തിപ്പെടുത്താൻ കോൺഗ്രസ് പുതിയ സമവാക്യങ്ങൾ ഒരുക്കുന്നുണ്ട്. കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ഹൈക്കമാൻഡ് ആലോചിക്കുന്നത്. ദളിത്, ഒ.ബി.സി (പിന്നാക്ക വിഭാഗം), ലിംഗായത്ത് അല്ലെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്കായിരിക്കും ഈ പദവികൾ നൽകുക. ജി. പരമേശ്വര, പ്രിയങ്ക് ഖാർഗെ, എം.ബി. പാട്ടീൽ, സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ എന്നിവരുടെ പേരുകളാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.
**ആഹ്ലാദ പ്രകടനങ്ങളുമായി അണികൾ**
നേതൃമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ഡി.കെ. ശിവകുമാറിന്റെ ബെംഗളൂരുവിലെ വസതിക്ക് മുന്നിൽ അനുകൂലികൾ മധുരപലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും വലിയ ആഘോഷങ്ങൾ തുടങ്ങി. അതേസമയം, സിദ്ധരാമയ്യയുടെ വസതിക്ക് മുന്നിൽ അദ്ദേഹത്തിന്റെ അനുകൂലികൾ രാജി തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. നിലവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ഭരണമാറ്റ പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കാൻ ബെംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് നിലവിൽ മധ്യപ്രദേശിലാണെങ്കിലും, സിദ്ധരാമയ്യ രാജ്ഭവനിലെത്തി ഗവർണറുടെ ഓഫീസിന് രാജി കത്ത് കൈമാറും.
---------------
Hindusthan Samachar / Roshith K