പത്മനാഭസ്വാമി ക്ഷേത്ര സുരക്ഷയിൽ വൻ അട്ടിമറിയെന്ന് പോലീസ്, ആരോപണം നിഷേധിച്ച് ഇഒ
Thiruvananthapuram , 28 മെയ് (H.S.) ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വകകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ട് ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കഴിഞ്ഞ മാസം ഇൻ്റലിജൻസ് ഡജിപി സർക്കാരിന് നൽകിയ റിപ്പോർട്ടി
Sri Padmanabha swami temple


Thiruvananthapuram , 28 മെയ് (H.S.)

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് വകകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച്ച ചൂണ്ടിക്കാട്ടിയുള്ള പൊലീസ് റിപ്പോർട്ട് ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. കഴിഞ്ഞ മാസം ഇൻ്റലിജൻസ് ഡജിപി സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രസ്വത്തുക്കൾ സൂക്ഷിക്കുന്നതിലുള്ള വീഴ്ചയെപ്പറ്റി ഗുരുതര പരാമർശമുള്ളത്.

ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ 'വൈരനാമം' പുറത്ത് കൊണ്ടുപോയി 6 മാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും ക്ഷേത്രത്തിലെ പലതട്ടുകളുള്ള സ്വർണവിളക്ക് അറ്റകുറ്റപ്പണിക്കെന്നു പറഞ്ഞു കൊണ്ടു പോയി പകരം വെള്ളിവിളക്ക് സ്ഥാപിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. ഈ നടപടി രേഖകളില്ല.

ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച സ്വർണം നഷ്ടമായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 78 ഗ്രാം സ്വർണമാണ് നഷ്ടമായതെന്നും ഇതിൽ ചൂണ്ടിക്കാട്ടപ്പെടുന്നു. ക്ഷേത്രസന്ദർശനത്തിനെത്തുന്ന കവടിയാർ കൊട്ടാരത്തിലെ സ്ഥിരം സന്ദർശകരും രാജകുടുംബാംഗമായ ആദിത്യ വർമ്മയുടെ അടുപ്പക്കാരുമായ ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടുകാൽ ഷൈജു, പദ്മേഷ് പരശുരാമൻ, വിമാനക്കമ്പനി ജീവനക്കാരനായ അശോക എന്നിവർ ഒരു പരിശോധനയും കൂടാതെ ക്ഷേത്രത്തിൽ കയറിയിറങ്ങുകയാണെന്നും റിപ്പോർട്ടിലുണ്ട്. സ്ഥാനമാനങ്ങൾ നോക്കാതെ ക്ഷേത്രത്തിൽ എത്തുന്ന എല്ലാവരെയും കർശന സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പുറമേ ക്ഷേത്രത്തിൽ ശ്രീ കോവിൽ സ്വർണം പൂശാൻ പുറത്തെടുത്ത സ്വർണം കാണാതാകുകയും പിന്നീട് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ഒരു വർഷമായിട്ടും അന്വേഷണം പൂർത്തിയായില്ല. ക്ഷേത്ര ജീവനക്കാരും സ്വർണപ്പണിക്കാരും ഉൾപ്പെടെ 8 പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാൻ കോടതി അനുമതി നൽകിയെങ്കിലും ഫോർട്ട് പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

കഴിഞ്ഞ മേയിലായിരുന്നു സംഭവം. ശ്രീകോവിൽ പതിപ്പിക്കുന്നതിനുള്ള കമ്പികളും തകിടുകളും സഞ്ചിയിലാക്കിയാണ് സ്ട്രോങ് റൂമിൽ നിന്ന് നിർമാണം നടത്തുന്ന സ്ഥലത്ത് എത്തിച്ചത്. ഇതിനിടെയാണ് 107 ഗ്രാം (13.25 പവൻ) തൂക്കമുള്ള സ്വർണക്കമ്പി കാണാതായത്. സിസിടിവി പരിശോധിച്ചെങ്കിലും ചിലത് പ്രവർത്തിക്കാത്ത നിലയിലായിരുന്നു.

അടുത്ത ദിവസം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ സ്വർണക്കമ്പി മണലിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. ജീവനക്കാരെയും സ്വർണപ്പണിക്കാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് 8 പേരുടെ പട്ടിക തയാറാക്കി നുണ പരിശോധനയ്ക്ക് അനുമതി തേടിയത്. എന്നാൽ ഫോർട്ട് പൊലീസ് നടപടികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

റിപ്പോർട്ടിലെ കാര്യങ്ങൾ നിഷേധിച്ച് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ

ക്ഷേത്രത്തെ സംബന്ധിച്ച പൊലീസ് റിപ്പോർട്ട് അടിസ്ഥാനരഹിതവും ക്ഷേത്രത്തിൻ്റെ പ്രതിഛായയ്ക്കു കളങ്കം വരുത്തുന്നതും ആണെന്നു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ വ്യക്തമാക്കി. ക്ഷേത്രം 24 മണിക്കൂറും സിസിടിവി നിരീക്ഷണത്തിലാണ്. സുരക്ഷാ വിഭാഗത്തെ അറിയിച്ച ശേഷം മാത്രമാണ് വിലപിടിപ്പുള്ള വസ്തുക്കൾ നീക്കം ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പരിശോധിച്ച ശേഷം മാത്രമാണ് ഉള്ളിലേക്ക് കടത്തുന്നത്. ഏതെങ്കിലും വസ്തു മോഷ്ടിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കവടിയാർ കൊട്ടാരത്തിലെ മോഷണം: അന്വേഷണം ഇഴഞ്ഞ് നീങ്ങുന്നു

കവടിയാർ കൊട്ടാരത്തില് മാർച്ച് മാസത്തിൽ നടന്ന കോടികളുടെ മോഷണത്തിലും പൊലീസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതാണ് കേസ്. മോഷണത്തിന് കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പിന്നീട് മുന്നോട്ട് പോയിട്ടില്ല.

കൊട്ടാര അംഗങ്ങളുടെയും, ജീവനക്കാരുടെയും, സ്ഥിര അതിഥികളുടെയും മോഷണം നടന്നതായി കണക്കാക്കുന്ന കാലയളവിലെ കൊട്ടാരത്തിലെ സന്ദർശകരുടെയുൾപ്പടെ ഉള്ളവരുടെയും യൂട്യൂബേഴ്സിൻ്റെയും മൊഴി രേഖപെടുത്തിയിരുന്നു. നിലവിൽ കൻ്റോൺമെൻ്റ് എസിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.

കൊട്ടാരത്തെക്കുറിച്ചു നല്ല ധാരണയുള്ളയാളാണ് 2-ാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ആഭരണം മോഷ്ടിച്ചതെന്ന് നേരത്തെ തന്നെ നിഗമനമുണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും സിസിടിവിയുമുള്ള കൊട്ടാരത്തിൽ പുറത്തു നിന്നുള്ളവർക്ക് മോഷണം എളുപ്പമല്ലെന്ന് പൊലീസ് കരുതുന്നു.

ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തിരുന്നു. ഗൗരി ലക്ഷ്മിഭായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത്. 40 ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.

2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്നായിരുന്നു ഗൗരി ലക്ഷ്മിഭായി പൊലീസിനോട് പറഞ്ഞത്. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട്. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി. കൊട്ടാരത്തിൽ നിന്നും ശേഷിക്കുന്ന ആഭരണങ്ങൾ പൊലീസിൻ്റെ നിർദേശ പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു.

മോഷണം പോയത് 30 പവനോളം

2025 ഒക്ടോബർ, നവംബർ മാസത്തിനിടയ്ക്കുള്ള ഏതോ സമയം കള്ളൻ പരാതിക്കാരി താമസിച്ചു വന്നിരുന്ന കവടിയാർ കൊട്ടാരത്തിൽ അതിക്രമിച്ചു കയറി ആവലാതിക്കാരിയുടെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് 0364 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറിലുള്ളത്.

ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം അര പവൻ വരുന്ന സ്വർണ ചെയിൻ, ഉദ്ദേശം 3 പവൻ വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വർണപാദസരം, കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന ഉദ്ദേശം 2 പവൻ വരുന്ന പാദസരം, ഉദ്ദേശം 4 പവൻ വരുന്ന വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകൾ, 3 പവൻ വരുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള , കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും (സ്വർണത്തിൽ തീർത്തത് - വില നിശ്ചയമില്ല )

2.5 പവൻ വരുന്ന സ്വർണത്തിൽ പച്ച ഇനാമൽ 2 ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവുംസ്വർണ പിരി ചെയിനും, ഉദ്ദേശം 5 പവനോളം വരുന്ന സ്വർണ കുഴിമിന്നുമാല, ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും, ഉദ്ദേശം 2 പവൻവരുന്ന സ്വർണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടി

ഉദ്ദേശം 6 പവൻ വരുന്ന റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കൻ വള 2 എണ്ണവും, ഉദ്ദേശം 1 പവൻ വരുന്ന വളരെ നേർത്ത ചെയിനിൽ പദ്നാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണ പതക്കവും ചെയിനും, ഒരു പവൻ വീത തൂക്കം വരുന്ന അഞ്ച് കുതിര പവൻ നാണയങ്ങൾ എന്നിവ ഉൾപ്പെടെ ആകെ 2 കോടിയോളം രൂപ വിലവരുന്ന മുതലുകൾ മോഷണം പോയി എന്നാണ് എഫ്ഐആറിൽ പറയുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News