Enter your Email Address to subscribe to our newsletters

Newdelhi , 28 മെയ് (H.S.)
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) മൂല്യനിർണയ പ്രക്രിയയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഏറ്റെടുത്തു. വിദ്യാർഥികളെ ബാധിച്ച പരീക്ഷ ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയതായി കണ്ടെത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ധർമ്മേന്ദ്ര ഉറപ്പ് നൽകുകയും ചെയ്തു.
പുനര്മൂല്യനിർണയത്തിനായി വിദ്യാർഥികൾ നേരിടുന്ന സാമ്പത്തികവും സാങ്കേതികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സിബിഎസ്ഇ ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കൂടിക്കാഴ്ച നടത്തി. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയവും പുനർമൂല്യനിർണ്ണയവും സംബന്ധിച്ച് വിദ്യാർഥികൾ ഉന്നയിച്ച എല്ലാ ആശങ്കകളും പരിഹരിക്കാൻ ബോർഡ് പ്രവർത്തിക്കുന്നുണ്ടെന്ന് യോഗത്തിന് ശേഷം ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
ഇന്ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്മൂല്യനിർണയം ആരംഭിക്കാൻ പോകുന്നതിനാൽ ഞങ്ങൾ കൂടിക്കാഴ്ച നടത്തി. പതിനേഴു ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഹാജരായി. ഞങ്ങളുടെ പക്കൽ തൊണ്ണൂറ്റിയെട്ട് ലക്ഷം ഉത്തരക്കടലാസുകൾ ഉണ്ട്. ഓരോ ഉത്തരക്കടലാസിലും നാൽപ്പത് പേജുകളുണ്ട്. അതിനാൽ, ഏകദേശം നാൽപ്പത് കോടി പേജുകൾ സ്കാന് ചെയ്തിട്ടുണ്ട് .
സിബിഎസ്ഇ ഒഎസ്എം മൂല്യനിർണ്ണയ പ്രക്രിയ ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. സുതാര്യത മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള വിദ്യാർഥി കേന്ദ്രീകൃതവും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ ഒരു സംവിധാനമാണിത്. പക്ഷേ ചില പൊരുത്തക്കേടുകൾ സംഭവിച്ചിട്ടുണ്ട് .ഇതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നൽകുന്നുവെന്നും അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
മുന്നോട്ട് വച്ച പ്രശ്ന പരിഹാര മാർഗങ്ങൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യ നിർണയത്തിൽ സംഭവിച്ച ക്രമക്കേടുകൾക്ക് പുതിയ പരിഹാര മാർഗങ്ങളുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി.
സോഫ്റ്റ്വെയർ അവലോകനം ചെയ്യുന്നതിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സിബിഎസ്ഇയുടെ സാങ്കേതിക സംഘത്തെ സഹായിക്കുന്നതിന് ഐഐടി കാൺപൂരിലെയും ഐഐടി മദ്രാസിലെയും വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
ധനകാര്യ മന്ത്രാലയവുമായുള്ള ചർച്ചകളെത്തുടർന്ന്, എസ്ബിഐ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക് എന്നീ നാല് പൊതുമേഖലാ ബാങ്കുകളുടെ പേയ്മെൻ്റ് ഗേറ്റ്വേകൾ സിബിഎസ്ഇ പോർട്ടലുമായി സംയോജിപ്പിച്ച് വിദ്യാർത്ഥികൾക്ക് സാമ്പത്തിക പ്രക്രിയകൾ സുഗമമാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ധർമ്മേന്ദ്ര പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് മറുപടി നൽകി ധർമ്മേന്ദ്ര പ്രധാന്
സിബിഎസ്ഇ ഫലങ്ങളിൽ വലിയ കൃത്രിമത്വം നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ധർമ്മേന്ദ്ര പ്രധാന്.രാഷ്ട്രീയ പാർട്ടികൾ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഒഴിവാക്കണമെന്നും വിദ്യാർത്ഥികൾക്കിടയിലെ സമ്മർദ്ദം കുറയ്ക്കുന്നതായിരിക്കണം മുൻഗണനയെന്നും രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് തോൽവികൾ കാരണം രാഹുൽ ഗാന്ധി വേറൊരു മാനസികാവസ്ഥയിലാണ്. ഇന്ത്യയുടെ ശാസ്ത്ര പുരോഗതിയെ അദ്ദേഹം എതിർക്കുന്നതായി തോന്നുന്നുവെന്നും റഫാൽ, ഇവിഎം, ഡിജിറ്റൽ ഇന്ത്യ എന്നിവയെ രാഹുൽ എതിർത്തിട്ടുണ്ടെന്നും ധർമ്മേന്ദ്ര കൂട്ടിച്ചേർത്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR