രിമണൽ കമ്പനിയിൽ നിന്നും വീണ ടി കൈപ്പറ്റിയ തുക എത്ര? എസ്.എഫ്.ഐ.ഒ അന്വേഷണ റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്ത്
Thiruvananthapuram, 28 മെയ് (H.S.) തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ (CMRL) നിന്ന് ലഭിച്ച പണമിടപാടുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ട് സീരിയസ് ഫ്രോഡ്
എക്സാലോജിക് ഇടപാട്: വീണ വിജയന്റെ ഫോൺ ഇ.ഡി പിടിച്ചെടുത്തു; ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്


Thiruvananthapuram, 28 മെയ് (H.S.)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ (CMRL) നിന്ന് ലഭിച്ച പണമിടപാടുകളുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO). കരിമണൽ കമ്പനിയിൽ നിന്ന് യാതൊരുവിധ ഐ.ടി സേവനങ്ങളും നൽകാതെയാണ് വീണയും അവരുടെ കമ്പനിയും കോടികൾ കൈപ്പറ്റിയതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

മാസം 8 ലക്ഷം രൂപ; ആകെ 2.78 കോടി

എസ്.എഫ്.ഐ.ഒ റിപ്പോർട്ട് പ്രകാരം, വീണയ്ക്ക് വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപയും അവരുടെ വൺ പേഴ്സൺ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസിന് പ്രതിമാസം 3 ലക്ഷം രൂപയുമാണ് സി.എം.ആർ.എൽ നൽകിയിരുന്നത്. അതായത് മാസം തോറും 8 ലക്ഷം രൂപ വീതം ഒരു വർഷം 96 ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ 2017 ജനുവരി മുതൽ 2020 ജൂൺ വരെയുള്ള കാലയളവിലാണ് ഈ പണമിടപാടുകൾ ഭൂരിഭാഗവും നടന്നിട്ടുള്ളത്. ഇക്കാലയളവിൽ ആകെ 2 കോടി 78 ലക്ഷം രൂപയാണ് (വീണയ്ക്ക് 2.07 കോടിയും എക്സാലോജിക്കിന് 71 ലക്ഷവും) കരിമണൽ കമ്പനിയിൽ നിന്ന് വീണ ടി കൈപ്പറ്റിയത്. മുൻപ് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 1.72 കോടി രൂപയുടെ ഇടപാടുകളാണ് കണ്ടെത്തിയിരുന്നതെങ്കിൽ, അതിനുശേഷവും വീണയുടെ അക്കൗണ്ടിലേക്ക് പണമൊഴുക്ക് തുടർന്നതായാണ് എസ്.എഫ്.ഐ.ഒ കണ്ടെത്തൽ.

സേവനം നൽകാതെ 75 മടങ്ങ് അധികം തുക

എക്സാലോജിക്കിന്റെ പ്രധാന വരുമാന മാർഗ്ഗം സി.എം.ആർ.എൽ മാത്രമായിരുന്നുവെന്ന് റിപ്പോർട്ട് അടിവരയിടുന്നു. എക്സാലോജിക്കുമായുള്ള കരാർ അവസാനിച്ചതിന് ശേഷം സി.എം.ആർ.എൽ ഇതേ ഐ.ടി സേവനങ്ങൾക്കായി 'എ.ടി.എൻ.എ ടെക്നോളജീസ്' (ATNA Technologies) എന്ന മറ്റൊരു കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു. അവർ യഥാർത്ഥത്തിൽ സേവനങ്ങൾ നൽകിയപ്പോൾ വാങ്ങിയ തുകയേക്കാൾ 75 മടങ്ങ് അധികം തുകയാണ് യാതൊരു സേവനവും നൽകാതെ വീണ കൈപ്പറ്റിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

എക്സാലോജിക്കിലെ ഐ.ടി ഡെവലപ്പർമാർക്ക് പോലും സി.എം.ആർ.എല്ലിന് എന്ത് സേവനമാണ് നൽകിയതെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല. എസ്.എഫ്.ഐ.ഒയ്ക്ക് മുൻപിൽ ഹാജരായ വീണയ്ക്ക് തങ്ങൾ നൽകിയ സേവനത്തിന്റെയോ ചെയ്ത ജോലിയുടെയോ ഒരു രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് ധാരണയിലെത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പണമിടപാടുകൾക്ക് പുറമെ ഇരു കമ്പനികൾക്കുമിടയിൽ ഒരൊറ്റ ഔദ്യോഗിക മെയിൽ സന്ദേശം പോലും അയച്ചിട്ടില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.

തിരിച്ചടയ്ക്കാത്ത വായ്പകളും പുതിയ നിയമനടപടികളും

ഇതിനുപുറമേ ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള 'എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ്' എന്ന കമ്പനിയിൽ നിന്നും 50 ലക്ഷം രൂപ എക്സാലോജിക് വായ്പയായി വാങ്ങിയിരുന്നു. ഇതിൽ 4 ലക്ഷം രൂപ മാത്രമാണ് വീണ തിരികെ അടച്ചത്. തെളിവുകളുടെ ഒരു കണിക പോലുമില്ലാതെയാണ് സേവനത്തിനാണ് പണം വാങ്ങിയതെന്ന് സി.പി.എം ഇപ്പോഴും ന്യായീകരിക്കുന്നത്.

ഈ കണ്ടെത്തലുകളുടെയെല്ലാം അടിസ്ഥാനത്തിൽ കമ്പനികാര്യ നിയമത്തിലെ ശക്തമായ 447-ാം വകുപ്പ് (തട്ടിപ്പ് തടയൽ വകുപ്പ്) പ്രകാരമാണ് എസ്.എഫ്.ഐ.ഒ കേസ് എടുത്തിരിക്കുന്നത്. ഈ റിപ്പോർട്ടിലെ വിവരങ്ങളാണ് ഇതേ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കടുത്ത നടപടികളിലേക്ക് വരുംദിവസങ്ങളിൽ വഴി തെളിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News