പശ്ചിമ ബംഗാളില് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റം തടയാൻ അതിർത്തി മേഖലകളിൽ കർശന നടപടികൾ ആരംഭിച്ചു.
Kolkata , 28 മെയ് (H.S.) പശ്ചിമ ബംഗാളില് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റം തടയാൻ അതിർത്തി മേഖലകളിൽ കർശന നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള
illegal immigrants


Kolkata , 28 മെയ് (H.S.)

പശ്ചിമ ബംഗാളില് പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അനധികൃത കുടിയേറ്റം തടയാൻ അതിർത്തി മേഖലകളിൽ കർശന നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സർക്കാർ ഊർജിതമാക്കി.

മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തര 24 പർഗനാസ് ജില്ലയിലെ സ്വരൂപ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹക്കിംപൂർ ചെക്ക്പോസ്റ്റിന് സമീപം അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. നിയമനടപടികളും കർശന അന്വേഷണവും ഭയന്ന് നൂറുകണക്കിന് അനധികൃത ബംഗ്ലാദേശ് പൗരന്മാർ അതിർത്തി രക്ഷാസേനയ്ക്ക് മുന്നിൽ കീഴടങ്ങുകയാണ്.

മെയ് 25 തിങ്കളാഴ്ച മുതൽ ഹക്കിംപൂർ അതിർത്തിയിൽ തിരക്ക് വർധിച്ചുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. മെയ് 27 പുലർച്ചെ 3 മണി വരെ ഏകദേശം 250-ഓളം പേരെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത് മൂന്ന് താത്കാലിക ഹോൾഡിങ് കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നിട്ടും അനധികൃതമായി ഇന്ത്യയിലെത്തിയവരുടെ സംഘങ്ങൾ അതിർത്തിയിൽ തടിച്ചുകൂടുന്നത് തുടരുകയാണ്.

30-35 വർഷമായി സംസ്ഥാനത്ത് സ്ഥിരതാമസമാക്കിയവരും കൂട്ടത്തിലുണ്ട്. എന്നാൽ സർക്കാരിന്റെ കർശന നിലപാടിനെ തുടർന്ന് ഇവർ തിരികെ പോകാൻ തീരുമാനിക്കുകയായിരുന്നു. നിയമപ്രശ്നങ്ങളും പൊലീസ് നടപടിയും ഭയന്ന് വീട്ടുടമകളും പൊതുജനങ്ങളും ഇപ്പോൾ ഇവർക്ക് ജോലിയോ വാടക വീടോ നൽകാൻ മടിക്കുകയാണെന്ന് ഇവർ പറയുന്നു. രാത്രിക്ക് രാത്രി വീടൊഴിയാൻ ആവശ്യപ്പെട്ടതോടെ പലരും തെരുവിലായി.അറസ്റ്റും ശിക്ഷാനടപടിയും ഭയന്ന് ഇവർ ഹക്കിംപൂർ ചെക്ക്പോസ്റ്റിലെത്തി ബിഎസ്എഫിന് മുന്നിൽ കീഴടങ്ങുകയാണ്. ബിഎസ്എഫും പ്രാദേശിക പൊലീസും സംയുക്തമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ വേഗത്തിലും ചിട്ടയോടെയും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിവരികയാണ്.

ഇടനിലക്കാരുടെ വൻ ശൃംഖല; ആയിരങ്ങൾ വാങ്ങി അതിർത്തി കടത്തൽ

കീഴടങ്ങിയവരുടെ മൊഴികൾ പ്രകാരം ഇന്ത്യ, ബംഗ്ലാദേശ് അതിർത്തി വഴി അനധികൃത കുടിയേറ്റം നടത്താൻ വലിയ ഇടനിലക്കാരുടെ ശൃംഖല പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കടക്കാൻ പലർക്കും 5,000 മുതൽ 10,000 രൂപവരെ നൽകേണ്ടി വന്നതായി അവർ വെളിപ്പെടുത്തി.

ഇരുരാജ്യങ്ങളിലുമായി പ്രവർത്തിക്കുന്ന ദലാൽ സംഘങ്ങളുടെ സഹായത്തോടെയാണ് ഇവർ അതിർത്തി മറികടന്നതെന്നാണ് സൂചന. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി, പ്രത്യേകിച്ച് കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലുമായി ഇവർ നിർമാണ തൊഴിലാളികളായും കൂലിപ്പണിക്കാരായും ജോലി ചെയ്തുവരികയായിരുന്നു.

അനധികൃതമായി എത്തിയ പലരും വ്യാജരേഖകളുടെ സഹായത്തോടെ വോട്ടർ ഐഡിയും ആധാർ കാർഡും നേടിയതായും റിപ്പോർട്ടുണ്ട്. ചിലർ പശ്ചിമ ബംഗാൾ സർക്കാരിൻ്റെ ലക്ഷ്മിർ ഭണ്ഡാർ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും കൈപ്പറ്റിയതായി സമ്മതിച്ചിട്ടുണ്ട്.

ജ്യോതി ബസുവിന്റെ കാലത്ത് വന്നതാണ്; മോനിറുൽ ഷെയ്ഖിൻ്റെ ജീവിതയാത്ര

ബംഗ്ലാദേശിലെ ഖുൽന സ്വദേശിയായ മോനിറുൽ ഷെയ്ഖ് ഇടതുമുന്നണി ഭരണകാലത്താണ് കുടുംബസമേതം ഇന്ത്യയിലെത്തിയത്. തുടർന്ന് അദ്ദേഹം കെട്ടിടനിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കുട്ടികൾ ഇന്ത്യയിൽ ജനിച്ചതിനാൽ അവർക്കെല്ലാം ജനന സർട്ടിഫിക്കറ്റും സ്കൂൾ രേഖകളും ഉണ്ടെന്നും അദ്ദേഹം പറയുന്നു.

“ജ്യോതി ബസുവിന്റെ കാലത്താണ് ഞാൻ ഇവിടെ എത്തിയത്. പിന്നീട് വോട്ടർ ഐഡി ലഭിക്കുകയും 2024-ലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയും ചെയ്തു. എന്നാൽ 2026 തെരഞ്ഞെടുപ്പിന് മുമ്പ് എൻ്റെ വോട്ടർ ഐഡി റദ്ദാക്കി. ഭാര്യയ്ക്ക് ആധാറും വോട്ടർ ഐഡിയും ലഭിച്ചിരുന്നു. റേഷൻ, ലക്ഷ്മിർ ഭണ്ഡാർ ആനുകൂല്യങ്ങൾ എല്ലാം ലഭിച്ചിരുന്നു. ഇപ്പോൾ ഞങ്ങളെ അനധികൃത കുടിയേറ്റക്കാർ എന്ന് വിളിച്ച് തിരികെ അയക്കുകയാണ്,” എന്നാതാണ് മോനിറുലിൻ്റെ വേദന.

മക്കൾ ഇവിടെ പഠിച്ചു വളർന്നു; റിംപ ബിബിയുടെ കഥ

ഇരുപത് വർഷങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാളിലെത്തിയ റിംപ ബിബി വീട്ടുജോലിക്കാരിയായി ജോലി ചെയ്താണ് കുടുംബം പോറ്റിയത്. മക്കൾ ഇവിടത്തെ സ്കൂളിലും കോളേജിലും പഠിച്ചുവളർന്നു. എന്നാൽ ഇപ്പോൾ എല്ലാം ഉപേക്ഷിച്ച് മടങ്ങേണ്ട അവസ്ഥയാണെന്ന് അവർ പറയുന്നു.

“നല്ല ജീവിതത്തിനായിട്ടാണ് ഞാൻ വന്നത്. ദലാലിന് പണം നൽകി അനധികൃതമായി കടന്നത് സത്യമാണ്. ഇപ്പോൾ സർക്കാർ ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മകളുടെ പഠനപുസ്തകങ്ങളും രേഖകളും എല്ലാം ഉപേക്ഷിച്ചാണ് മടങ്ങേണ്ടത്,” റിംപ പറയുന്നു. ഇതരത്തിൽ വ്യത്യസ്ത അനുഭവങ്ങളാണ് ഓരോരുത്തർക്കും പറയാനുള്ളത്.

സുവേന്ദു സർക്കാരിൻ്റെ നയം

നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ കൈകാര്യം ചെയ്യുന്നതിനൊപ്പം കണ്ടെത്തുക ഇല്ലാതാക്കുക നാടുകടത്തുക എന്ന പുതിയ നയം തൻ്റെ സർക്കാർ പിന്തുടരുമെന്ന് സുവേന്ദു അധികാരി അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിൽ ഉൾപ്പെടാത്തവർ പൂർണ്ണമായും നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റക്കാരാണ്. അവരെ സംസ്ഥാന പൊലീസ് അവരെ അറസ്റ്റ് ചെയ്ത് ബിഎസ്എഫിന് കൈമാറും. ബിഎസ്എഫ് ബിഡിആറുമായി (ഇപ്പോൾ ബോർഡർ ഗാർഡ് ബംഗ്ലാദേശ്) ചർച്ച നടത്തി അവരെ നാടുകടത്താൻ ശ്രമിക്കും.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News