Enter your Email Address to subscribe to our newsletters

Newdelhi, 28 മെയ് (H.S.)
ന്യൂഡൽഹി: സെൻട്രൽ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, അടിയന്തര ആവശ്യത്തിനുള്ള മരുന്നുകളും സുരക്ഷാ കിറ്റുകളും അടങ്ങുന്ന ആദ്യഘട്ട മെഡിക്കൽ സാമഗ്രികൾ ഇന്ത്യ ആഫ്രിക്കയിലേക്ക് അയച്ചു. ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (Africa CDC) ഇന്ത്യയിൽ നിന്നുള്ള ഈ അടിയന്തര സഹായം കൈപ്പറ്റിയത്.
ആഫ്രിക്ക നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചുകൊണ്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ (X) രംഗത്തെത്തി. എബോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നേരിടുന്ന ആഫ്രിക്കയെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി ആദ്യഘട്ട മെഡിക്കൽ സാമഗ്രികളും വ്യക്തിഗത സുരക്ഷാ കിറ്റുകളും (PPE) ആഫ്രിക്ക സിഡിസിക്ക് കൈമാറി, എന്ന് അദ്ദേഹം വ്യക്തമാക്കി.
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ
കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും എബോള കേസുകൾ ഗണ്യമായി ഉയർന്നതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന (WHO) ഈ രോഗവ്യാപനത്തെ 'അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി' (PHEIC) പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആഫ്രിക്ക സിഡിസിയും കോണ്ടിനെന്റൽ സെക്യൂരിറ്റി എമർജൻസി പ്രഖ്യാപിച്ചു. എബോളയുടെ 'ബുന്ദിബുഗ്യോ' (Bundibugyo) എന്ന തീവ്രവ്യാപന ശേഷിയുള്ള പുതിയ സ്ട്രെയിൻ ആണ് ഇപ്പോൾ ആഫ്രിക്കയിൽ പടർന്നുപിടിക്കുന്നത്.
അതിശക്തമായ രക്തസ്രാവ പനിയുണ്ടാക്കുന്ന ഈ വൈറസ് ബാധിച്ചാൽ മരണനിരക്ക് വളരെ ഉയർന്നതാണ്. നിലവിൽ ഈ പ്രത്യേക സ്ട്രെയിനിനെതിരെ ഫലപ്രദമായ വാക്സിനുകളോ കൃത്യമായ ആന്റിവൈറൽ ചികിത്സകളോ ലഭ്യമല്ലെന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ അയച്ച സുരക്ഷാ സാമഗ്രികളും പ്രതിരോധ മരുന്നുകളും അവിടെയുള്ള ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും വലിയ ആശ്വാസമാകുന്നത്.
യാത്രാവിലക്കും മുൻകരുതലുകളും
കോംഗോ, ഉഗാണ്ട എന്നിവയ്ക്ക് പുറമെ രോഗവ്യാപന സാധ്യത കൂടുതലുള്ള ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ ഇന്ത്യൻ പൗരന്മാർ ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന പൗരന്മാർ പ്രാദേശിക ആരോഗ്യ അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഇന്ത്യൻ വിമാനത്താവളങ്ങളിലും മറ്റ് അതിർത്തി ചെക്ക്പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരിൽ പനിയോ മറ്റ് എബോള ലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ പരിശോധനകൾക്കും ക്വാറന്റൈനും വിധേയമാക്കാനുള്ള കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ (SOP) വിമാനത്താവള അധികൃതർക്കും സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം കൈമാറിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ എബോള കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് രാജ്യം. വരും ദിവസങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / Roshith K