എക്സാലോജിക് ഇടപാട്: വീണ വിജയന്റെ ഫോൺ ഇ.ഡി പിടിച്ചെടുത്തു; ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്
Kerala, 28 മെയ് (H.S.) കൊച്ചി: വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ വ്യക്തിപരമായ ഫോൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു . തിരുവനന്തപുരത്തെ വസതിയിൽ കഴിഞ്ഞ ദിവസം
എക്സാലോജിക് ഇടപാട്: വീണ വിജയന്റെ ഫോൺ ഇ.ഡി പിടിച്ചെടുത്തു; ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക്


Kerala, 28 മെയ് (H.S.)

കൊച്ചി:

വിവാദമായ സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ വ്യക്തിപരമായ ഫോൺ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലെടുത്തു . തിരുവനന്തപുരത്തെ വസതിയിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് ഒടുവിലാണ് ഇ.ഡി സംഘം ഫോൺ പിടിച്ചെടുത്തത് . ഈ ഫോൺ ശാസ്ത്രീയ പരിശോധനകൾക്കായി പി.എം.എൽ.എ (PMLA) കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

2019 മുതൽ സി.എം.ആർ.എൽ (CMRL) കമ്പനിയുമായി എക്സാലോജിക് നടത്തിയ ഇടപാടുകളുടെ കാലയളവിൽ വീണ വിജയൻ ഉപയോഗിച്ചിരുന്ന പ്രധാന ഫോൺ ആണിത് . കമ്പനിയുമായി നടത്തിയ ഇമെയിൽ സന്ദേശങ്ങൾ, ഫോൺ സംഭാഷണങ്ങൾ, മറ്റ് സാമ്പത്തിക വിവരങ്ങൾ എന്നിവയെല്ലാം ഈ ഫോണിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഇ.ഡി വിലയിരുത്തുന്നത് . നേരത്തെ എസ്.എഫ്.ഐ.ഒ (SFIO) മുൻപാകെ നൽകിയ മൊഴിയിൽ പല വിവരങ്ങളും ഫോൺ വഴിയാണ് കൈമാറിയതെന്ന് വീണ സൂചിപ്പിച്ചിരുന്നു . അതിനാൽ ഫോണിൽ നിന്നുള്ള ഡിജിറ്റൽ തെളിവുകൾ കേസിൽ അതീവ നിർണ്ണായകമാകും.

242 അക്കൗണ്ടുകൾ മരവിപ്പിച്ചു; 18.36 കോടി രൂപ ലോക്കിൽ

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 12 കേന്ദ്രങ്ങളിലായി എട്ടര മണിക്കൂറിലധികം നീണ്ടുനിന്ന വിപുലമായ റെയ്ഡാണ് ഇ.ഡി നടത്തിയത് . റെയ്ഡിന് പിന്നാലെ വീണ വിജയന്റേത് ഉൾപ്പെടെ കേസുമായി ബന്ധമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആകെ 242 ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു . കരിമണൽ കമ്പനിയായ സി.എം.ആർ.എൽ, ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടുന്നു . ഈ വിവിധ അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന 18.36 കോടി രൂപയാണ് ഇ.ഡി മരവിപ്പിച്ചിരിക്കുന്നത് . വീണയുടെ പേരിൽ മാത്രമുള്ള മൂന്ന് അക്കൗണ്ടുകളും ഇതിൽപ്പെടും.

അക്രമം ആസൂത്രിതമെന്ന് ഇ.ഡി; ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകും

തിരുവനന്തപുരത്ത് പരിശോധനയ്ക്ക് എത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനങ്ങൾക്കും നേരെ സി.പി.എം പ്രവർത്തകരിൽ നിന്നും ഉണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത് . ഈ പ്രതിഷേധങ്ങളും അക്രമങ്ങളും പെട്ടെന്നുണ്ടായതല്ലെന്നും, മറിച്ച് വളരെ ആസൂത്രിതമായി നടന്നതാണെന്നുമാണ് ഇ.ഡിയുടെ നിഗമനം . ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ഈ സംഭവം ദൽഹിയിലെ ഇ.ഡി ഡയറക്ടറേറ്റിനെ ഔദ്യോഗികമായി അറിയിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അന്വേഷണം മറ്റ് രാഷ്ട്രീയ നേതാക്കളിലേക്കും: സി.എം.ആർ.എൽ കമ്പനിയിൽ നിന്നും മാസപ്പടിയായും മറ്റ് കൈക്കൂലിയായും പണം കൈപ്പറ്റിയിട്ടുള്ള എല്ലാവർക്കുമെതിരെയുള്ള അന്വേഷണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു . മാസപ്പടി ഡയറിയിൽ വീണ വിജയന്റെ പേര് കൂടാതെ മറ്റ് പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉൾപ്പെട്ടിട്ടുണ്ട് . വരും ദിവസങ്ങളിൽ ഈ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന സൂചനയാണ് ഇ.ഡി നൽകുന്നത്.

കഴിഞ്ഞ ദിവസം സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവിലൂടെ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാനുള്ള നിയമപരമായ തടസ്സങ്ങൾ നീങ്ങിയിരുന്നു . ഇതിനെതിരെ സി.എം.ആർ.എൽ അധികൃതർ നാളെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ . എങ്കിലും പിടിച്ചെടുത്ത ഇരുനൂറിലധികം രേഖകളുടെയും ഡിജിറ്റൽ തെളിവുകളുടെയും വിശദമായ പരിശോധന പൂർത്തിയാക്കിയ ശേഷം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും വീണ വിജയനെയും വീണ്ടും ചോദ്യം ചെയ്യാനായി ഇ.ഡി വിളിച്ചുവരുത്തും

---------------

Hindusthan Samachar / Roshith K


Latest News