സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച ഡിജിപിയുടെ നടപടി വിവാദമായി.
Thiruvananthapuram , 29 മെയ് (H.S.) സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച ഡിജിപിയുടെ നടപടി വിവാദമായി. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ ന
Niyamasabha


Thiruvananthapuram , 29 മെയ് (H.S.)

സംസ്ഥാനത്ത് അധികാരമേറ്റ യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർക്കൊപ്പം നിയമസഭയിൽ പ്രവേശിച്ച ഡിജിപിയുടെ നടപടി വിവാദമായി. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖർ നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചത് ഗുരുതര ചട്ടലംഘനമായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് പതിവില്ലാത്ത കീഴ്വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡിജിപി സഭയ്ക്ക് അകത്ത് വന്നത് ഗവർണർക്കൊപ്പമാണ്. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തിയിരുന്നു. സഭാതലത്തിൽ പ്രവേശിച്ച ശേഷമാണ് മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ടെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിൽ പ്രതിപക്ഷ നേതാവിന് മറുപടി നൽകി.

അശ്രദ്ധ കൊണ്ടാകാം ഡിജിപി സഭയ്ക്ക് അകത്ത് പ്രവേശിച്ചതെന്നും അദ്ദേഹം വഹിക്കുന്ന പദവിയുടെ വലിപ്പം മാനിക്കുന്നത് കൊണ്ട് തന്നെ അദ്ദേഹത്തെ അപമാനിക്കാനില്ലെന്നും സ്പീക്കർ പിന്നീട് വ്യക്തമാക്കി. ഇതേവിഷയം പിന്നീട് വാർത്താ സമ്മേളനത്തിലും മാധ്യമപ്രവർത്തകർ ഉന്നയിച്ചു. അറിയാതെ സംഭവിച്ചതാകാമെന്ന് കരുതുന്നുവെന്ന് പിണറായി വിജയൻ പ്രതികരിച്ചു. മുൻപില്ലാത്ത കീഴ്വഴക്കമാണിത്. സാധാരണ ഗതിയിൽ ചെയ്യാൻ പാടില്ലാത്തത്. അക്കാര്യം സ്പീക്കറുടെ ശ്രദ്ധയിൽപെടുത്തി. സ്പീക്കർ ഡിജിപിയോട് ഇക്കാര്യം സംസാരിക്കുമെന്നാണ് കരുതുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

ഖേദം പ്രകടിപ്പിച്ച് ഡിജിപി.

ഇതിനിടെ വിഷയത്തിൽ ഡിജിപി ഖേദം പ്രകടിപ്പിച്ചു. സ്പീക്കറോടാണ് ഖേദപ്രകടനം നടത്തിയത്. തനിക്ക് അബദ്ധം പറ്റിയതാണെന്നും അറിയാതെ നിയമസഭയിൽ പ്രവേശിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ നിയമസഭയിൽ എത്തുമ്പോൾ നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി പറഞ്ഞു.

ഒരു ജാഥ പോലെയാണ് ഗവർണ്ണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നത്. ഗവർണ്ണറുടെ രണ്ട് എഡിസിമാർ, നിയമസഭാ സെക്രട്ടറി, സ്പീക്കർ, അതിന് ശേഷം ഗവർണർ, അതിന് തൊട്ടു പിന്നിലായി പാർലമെൻ്ററികാര്യ മന്ത്രിയും മുഖ്യമന്ത്രിയും അതിന് പിന്നിലായി ഗവർണറുടെ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും എന്ന രീതിയിലാണ് അദ്ദേഹത്തെ നിയമസഭയിലേക്ക് സ്വീകരിക്കുന്നത്.

അതിൽ ഡിജിപിക്ക് ഇടമില്ല. സ്വീകരണസമയത്ത് ഗവർണറുടെയും മറ്റുള്ളവരുടെയും ഒപ്പം ഡിജിപിയും കൂടി. സംസ്ഥാനത്തിൻ്റെ പൊലീസ് മേധാവിയായതിനാൽ തന്നെ വാച്ച് ആൻഡ് വാർഡ് ഇദ്ദേഹത്തെ തടഞ്ഞതുമില്ല. അങ്ങനെയാണ് ഈ പിഴവ് സംഭവിച്ചത്. ഇത് മന:പൂർവ്വമല്ലാത്തത് കൊണ്ട് തന്നെ ഉദ്യോഗസ്ഥനിൽ നിന്നും വിശദീകരണം വാങ്ങി സഭയ്ക്ക് പൊറുക്കാനാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News