Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 മെയ് (H.S.)
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച കേസിൽ സി.പി.എം നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ള പ്രതികൾ റിമാൻഡിൽ. സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറുമായ ഐ.പി. ബിനു ഉൾപ്പെടെ പതിനൊന്നുപേരെയാണ് കോടതി റിമാൻഡ് ചെയ്തത്. കേസിൽ ഒളിവിലായിരുന്ന സി.പി.എം പ്രവർത്തകൻ ദിനകർ കൂടി ഇന്ന് പൊലീസിന്റെ പിടിയിലായതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ ആകെ എണ്ണം 19 ആയി ഉയർന്നു. രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തി മടങ്ങുന്നതിനിടെയായിരുന്നു നാടകീയമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെ കല്ലേറും മുട്ടയേറുമുണ്ടാവുകയും മൂന്ന് കാറുകളുടെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു മുട്ടയെറിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഒളിവിൽ പോയ ബിനു, ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
കോടതി പരിസരത്ത് കനത്ത നാടകീയതയും മുദ്രാവാക്യം വിളികളും
അറസ്റ്റിലായ പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയപ്പോൾ കോടതി പരിസരത്തും കനത്ത നാടകീയ നിമിഷങ്ങളാണ് ഉണ്ടായത്. പ്രതികളെ ഹാജരാക്കാൻ എത്തിച്ച വിവരമറിഞ്ഞ് വൻതോതിൽ സി.പി.എം-ഡിവൈ.എഫ്.ഐ പ്രവർത്തകർ കോടതി വളപ്പിലേക്ക് തടിച്ചുകൂടിയിരുന്നു. പ്രതികളെ കോടതിക്ക് മുന്നിലേക്ക് എത്തിച്ചതോടെ ഇവർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ട് പ്രവർത്തകർ ഉച്ചത്തിൽ മുദ്രാവാക്യം വിളികൾ മുഴക്കി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അതിനെതിരായ ജനകീയ പ്രതിരോധമാണ് ഉണ്ടായതെന്നും പ്രവർത്തകർ വാദിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിമാൻഡിലായ പ്രതികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സി.പി.എം പ്രവർത്തകർക്കെതിരെ മറ്റൊരു കേസും പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്.
ഒളിവിലുള്ള രണ്ട് പ്രതികളെക്കൂടി ഉടൻ തന്നെ പിടികൂടുമെന്ന് എ.ഡി.ജി.പി അറിയിച്ചു. പ്രതികൾക്കായി സി.പി.എം പ്രാദേശിക നേതാക്കളുടെ വീടുകളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
---------------
Hindusthan Samachar / Roshith K