Enter your Email Address to subscribe to our newsletters

Idukki , 29 മെയ് (H.S.)
ചിന്നക്കനാൽ വനമേഖലയിലെ വൻ വനംഭൂമി കയ്യേറ്റം ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം അതിസാഹസികമായി ഒഴിപ്പിച്ചു. കെഎസ്ഇബിയുടെ ആനയിറങ്കൽ അണക്കെട്ടിൻ്റെ ക്യാച്ച്മെൻ്റ് ഏരിയ (വൃഷ്ടിപ്രദേശം) ഉൾപ്പെടെ കൈയേറി നടത്തിവന്ന വൻതോതിലുള്ള ഏലം കൃഷിയാണ് വനംവകുപ്പ് ഇന്ന് പൂർണ്ണമായും തകർത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥരെയും വാച്ചർമാരെയും ആയുധങ്ങളുമായി ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഈ പ്രദേശത്ത് വൻ കയ്യേറ്റം തുടർന്നിരുന്നത്.
ചക്കക്കൊമ്പൻ്റെ വഴിമുടക്കി കൂറ്റൻ കമ്പിവടങ്ങൾ; ജനവാസമേഖലയിൽ ആനയിറങ്ങാൻ കാരണം ഇതോ?
ചിന്നക്കനാൽ മേഖലയിലെ 'ചക്കക്കൊമ്പൻ' ഉൾപ്പെടെയുള്ള 17 ഓളം കാട്ടാനകൾ സ്ഥിരമായി തമ്പടിക്കുന്നതും സഞ്ചരിക്കുന്നതുമായ അതീവ പ്രാധാന്യമുള്ള ആനത്താരയാണിത്. എന്നാൽ കയ്യേറിയ ഭൂമിയിലേക്ക് ആനകൾ പ്രവേശിക്കാതിരിക്കാൻ വലിയ മരങ്ങളിൽ തുളകളിട്ട്, രണ്ട് ഇഞ്ചോളം കനമുള്ള കൂറ്റൻ കമ്പിവടങ്ങളും മുള്ളുവേലികളും ഉപയോഗിച്ച് കയ്യേറ്റക്കാർ ഇവിടെ ശക്തമായ പ്രതിരോധം തീർത്തിരിക്കുകയായിരുന്നു. ഒരു ആന തള്ളിയാൽ പോലും പൊട്ടാത്ത, തരത്തിലുള്ള അതിശക്തമായ ഇരുമ്പ് വടങ്ങളാണ് വനത്തിനുള്ളിൽ കെട്ടിയിരുന്നത്. കാട്ടാനകളെ ഉൾക്കാട്ടിലേക്ക് ഓടിക്കാൻ വനംവകുപ്പിൻ്റെ ആർആർടി (Rapid Response Team) ശ്രമിച്ചെങ്കിലും ഈ കമ്പിവേലികൾ കാരണം ആനകൾക്ക് കാട്ടിലേക്ക് പിൻവാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്ക് തിരികെ ഇറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ഈ മേഖലയിലെ വന്യമൃഗ സംഘർഷം രൂക്ഷമാക്കിയതിൽ ഈ കയ്യേറ്റത്തിന് വലിയ പങ്കുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
ആനയിറങ്കൽ വൃഷ്ടിപ്രദേശം വെട്ടിത്തെളിച്ചു; വനംവകുപ്പ് തിരിച്ചുപിടിച്ചത് ഒന്നര ഹെക്ടർ ഭൂമി
ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1 ൽ ഉൾപ്പെടുന്ന ചിന്നക്കനാൽ അണ്ടർ റിസർവ്വ് വനഭൂമിയിലാണ് ഇന്ന് അതിശക്തമായ നടപടി ഉണ്ടായത്. ഏകദേശം ഒന്നര ഹെക്ടനറോളം (മൂന്നര ഏക്കറിലധികം) വരുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വനഭൂമിയാണ് വനപാലകർ തിരിച്ചുപിടിച്ചത്. 1969-ൽ യൂക്കാലി പ്ലാൻ്റേഷനും തുടർന്ന് 2001-ൽ പൈൻ പ്ലാൻ്റേഷനുമായി വനംവകുപ്പ് സംരക്ഷിച്ചുപോന്ന ഭൂമിയാണിത്.
ഈ പൈൻ കാടുകൾക്കുള്ളിലാണ് കെഎസ്ഇബിയുടെ മൂന്ന് ചെയിൻ ക്യാച്ച്മെൻ്റ് ഏരിയയുടെ മറവിൽ അതീവ രഹസ്യമായി കുഴികളെടുത്ത് ഏലം കൃഷി വ്യാപിപ്പിച്ചത്. ഏലത്തിന് വില കൂടിയതോടെ വൻതോതിൽ കാട് വെട്ടിത്തെളിച്ച് പുതിയ ഏക്കർ കണക്കിന് സ്ഥലത്ത് കൃഷിയിറക്കാനുള്ള വൻ ഒരുക്കങ്ങളും കയ്യേറ്റക്കാർ നടത്തിയിരുന്നു.
ലക്ഷങ്ങളുടെ ഏലച്ചെടികൾ പിഴുതുമാറ്റി; നിയമനടപടി
ഇന്ന് സ്ഥലത്തെത്തിയ വനപാലക സംഘം പുതിയതായി നട്ടതുൾപ്പെടെയുള്ള ഏലച്ചെടികൾ പൂർണ്ണമായും പിഴുതുമാറ്റി. വൻ മരങ്ങളിൽ അടിച്ചുകയറ്റിയിരുന്ന കൂറ്റൻ കമ്പിവടങ്ങൾ പ്രത്യേക കട്ടറുകൾ ഉപയോഗിച്ച് മുറിച്ചുമാറ്റുന്ന നടപടികൾ ആരംഭിച്ചു. വടത്തിൻ്റെ കനം കാരണം മുറിക്കൽ പ്രക്രിയ പൂർണ്ണമാകാത്തതിനാൽ നാളെയും നടപടികൾ തുടരുമെന്ന് ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാർ അറിയിച്ചു.
1986-ലെ കേരള വൃക്ഷ സംരക്ഷണ നിയമം (സെക്ഷൻ 5, സബ്സെക്ഷൻ 1), കേരള ഫോറസ്റ്റ് ആക്ട് എന്നിവ പ്രകാരം വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കയ്യേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. വനഭൂമി പൂർണ്ണമായി സംരക്ഷിക്കുന്നതിനൊപ്പം കെഎസ്ഇബിക്ക് ഇതുസംബന്ധിച്ച അടിയന്തര റിപ്പോർട്ട് നൽകുമെന്നും റേഞ്ച് ഓഫീസർ അറിയിച്ചു. വഴിതിരിച്ചുവിട്ട ആനത്താരകൾ പുനഃസ്ഥാപിക്കാൻ ഈ പ്രദേശത്ത് പുതിയ ഔട്ട്പോസ്റ്റും വനംവകുപ്പ് ഷെഡും ഉടൻ സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR