Enter your Email Address to subscribe to our newsletters

Thiruvananthapuram , 29 മെയ് (H.S.)
മഴ: എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ.
മഴക്കാലമെത്തുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലായതിനാൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ഞായറാഴ്ച്ച വീടുകളിലും പൊതുസ്ഥലങ്ങളിലും ശനിയാഴ്ച്ച സ്ഥാപനങ്ങളിലും നിർമ്മാണ മേഖലകളിലും വെള്ളിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്നും ഡി എം ഒ അറിയിച്ചു.
കാലവർഷം ശക്തമാകാൻ സാഹചര്യമുള്ളതിനാൽ മഴവെള്ളം കെട്ടി നിൽക്കുവാനും കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ എലിപ്പനി പകരുവാനും സാഹചര്യമുണ്ട്.
കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ ഇറങ്ങാതിരിക്കുക. ഇറങ്ങേണ്ടി സാഹചര്യത്തിൽ കൈയ്യുറ,കാലുറ എന്നിവ ധരിക്കുകയും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകാലുകൾ വൃത്തിയാക്കുകയും ചെയ്യേണ്ടതാണ്. .അതോടൊപ്പം തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സീസൈക്ലിൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം വാങ്ങി കഴിക്കേണ്ടതാണ്.
കാലാവസ്ഥയിൽ വന്ന മാറ്റം മൂലം പകർച്ചപ്പനി ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പനി, ജലദോഷം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പൂർണ്ണമായും വിശ്രമിക്കുക.
തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കുക. എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക. രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ സ്ഥാപനത്തിൽ എത്തി ചികിത്സ തേടണമെന്നും സ്വയം ചികിത്സ പാടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദ്ദേശിച്ചു
ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ജില്ലാ മെഡിക്കൽ ഓഫീസ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കാനും ജില്ലാ മെഡിക്കൽ ഓഫീസ് തീരുമാനിച്ചു
തിരുവനന്തപുരം ജില്ലയിലെ 2025 26 അധ്യായന വർഷം പഠിച്ച ഹയർസെക്കൻഡറി വൊക്കേഷൻ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരമാണ് നടത്തുന്നത്. 'പുകയിലയുടെ ഉപയോഗവും ആരോഗ്യ പ്രശ്നങ്ങളും' എന്നതാണ് വിഷയം. ഒരു മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം റെക്കോർഡ് ചെയ്ത് ജൂൺ 5 ന് മുമ്പ് സ്കൂൾ ഐഡി കാർഡിന്റെ ് കോപ്പി സഹിതം അയക്കേണ്ടതാണ്.
എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കും. 'അഭ്യർത്ഥനയിലെ കാപട്യം തിരിച്ചറിയാം - നിക്കോട്ടിൻ, പുകയില ആസക്തി മറികടക്കാം' എന്നതാണ് വിഷയം. എ ഫോർ സൈസിൽ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കുക. പൂർണ്ണമായും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ പോസ്റ്ററുകൾ പരിഗണിക്കില്ല. എന്നാൽ എ.ഐ നിർമ്മിത ചിത്രങ്ങൾ പോസ്റ്ററിൽ ഉപയോഗിക്കാം. സന്ദേശങ്ങൾ മലയാളത്തിൽ ആയിരിക്കണം. തയ്യാറാക്കിയ പോസ്റ്ററുകൾ ജൂൺ 5ന് മുമ്പ് അയക്കുക. സ്കൂൾ ഐഡി കാർഡ് കോപ്പി കൂടി അയക്കേണ്ടതാണ്.
യാവാക്കൾക്കായി 'പുകയിലയും ആരോഗ്യപ്രശ്നങ്ങളും' എന്ന വിഷയത്തിൽ റീൽസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ സ്ഥിര താമസക്കാരായവർക്ക് പങ്കെടുക്കാം. 90 സെക്കന്റാണ് സമയദൈർഘ്യം. പ്രായപരിധി 18നും 35 വയസ്സിനും മധ്യേ. റീൽ ഡിജിറ്റൽ ക്യാമറയിലോ മൊബൈൽ ഫോണിലോ തയ്യാറാക്കാവുന്നതാണ്. ആധാർ കാർഡ് കോപ്പി സഹിതം ജൂൺ 5ന് മുമ്പ് അയയ്ക്കുക.
എൻട്രികൾ അയക്കേണ്ട ഇമെയിൽ: iecbccreporttvm@gmail.com. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് മെമെന്റോയും സർട്ടിഫിക്കറ്റുകളും ജൂൺ 26 നടക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടിയിൽ വിതരണം ചെയ്യുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR